Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിമ്മുമായുള്ള ചർച്ച വിജയിച്ചില്ലെങ്കിൽ ഇറങ്ങിപ്പോരും: ഡോണൾഡ് ട്രംപ്

Kim Jong Un, Donald Trump കിം ജോങ് ഉന്നും ഡോണൾഡ് ട്രംപും

വാഷിങ്ടൻ∙ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കില്ലെന്നു തോന്നിയാല്‍ യോഗം ബഹിഷ്കരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു ട്രംപിന്റെ പ്രഖ്യാപനം. കിമ്മുമായുള്ള ചര്‍ച്ചയില്‍ തന്റേതു തുറന്ന സമീപനമായിരിക്കും. ഉത്തരകൊറിയയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ അമേരിക്കയ്ക്ക് ഇത്രയേറെ മേല്‍ക്കൈ ലഭിച്ച അവസരം മുന്‍പുണ്ടായിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

കിം – ട്രംപ് ഉച്ചകോടിക്ക് പശ്ചാത്തലമൊരുക്കാന്‍ നിയുക്ത വിദേശകാര്യസെക്രട്ടറി മൈക് പോംപെ ഈമാസം ആദ്യം ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നുവെന്ന് ട്രംപ് ആബെയോട് വെളിപ്പെടുത്തി. യുഎസ് – ഉത്തര കൊറിയ ഉച്ചകോടിക്കു മുന്നോടിയായുള്ള പോംപിയുടെ പ്യോങ്യാങ് സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ ഉന്നത യുഎസ് ഉദ്യോഗസ്ഥനും പോംപിയാണ്.

പിതാവോ പിതാമഹനോ മകനോ ഭരിച്ചിരുന്നപ്പോഴും ഒരിക്കൽ പോലും കൊറിയയുമായി ഇത്രയധികം അടുപ്പം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ കൂടിക്കാഴ്ച വിചാരിച്ചത്ര ഫലപ്രദമായില്ലെങ്കിൽ യോഗം അവസാനിപ്പിച്ചു താൻ മടങ്ങും. പിന്നീട് ഇപ്പോൾ നടക്കുന്നതെന്താണോ അതു തന്നെ തുടരും. ഉത്തരകൊറിയയുടെ പിടിയിലുള്ള മൂന്ന് അമേരിക്കക്കാരുടെ മോചനത്തിനായി വളരെ ശ്രദ്ധയോടെയാണു തങ്ങൾ കാര്യങ്ങൾ നീക്കുന്നതെന്നും ട്രംപ് പറഞ്ഞു.

കിമ്മുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച മേയ് അവസാനമോ ജൂണിലോ ഉത്തര കൊറിയയിൽ നടക്കുമെന്നാണു കരുതുന്നത്. എന്നാൽ, തീയതിയുടെയോ വേദിയുടെയോ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അഞ്ചോളം സ്ഥലങ്ങൾ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.