Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഷൻ കടകളിലെ കൃത്രിമത്തിനു പൂട്ട്: ആലപ്പുഴയിൽ ഇ പോസ് യന്ത്രങ്ങൾ വന്‍‌ഹിറ്റ്

e-pos-machine ഇ പോസ് യന്ത്രമുപയോഗിച്ച് റേഷൻ കടയിൽ നിന്നു സാധനം വാങ്ങുന്നു

ആലപ്പുഴ ∙ഭക്ഷ്യമന്ത്രിയുടെ ജില്ലയിൽ റേഷൻ ഇ പോസ് യന്ത്രങ്ങൾ വൻഹിറ്റ്. ആലപ്പുഴയിൽ 90,000 കാർഡുടമകൾ ഇ പോസ് വഴി റേഷൻ വാങ്ങുന്നു.  1253 റേഷൻകടകളിലും യന്ത്രം തയ്യാർ. റേഷൻ കടകളിലെ അഴിമതി ഒഴിവാക്കി ജനങ്ങൾക്കു റേഷൻ സമ്പ്രദായം സുതാര്യമായും പൂർണമായും നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി കൊണ്ടുവന്നത്. 

കേരളത്തിലെ വിവിധ ജില്ലകളിലായി 14 ഓളം താലൂക്കുകളിലാണു പരീക്ഷണാടിസ്ഥാനത്തിൽ യന്ത്രങ്ങള്‍ ആദ്യം നൽകിയത്. ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ ടൗൺ പാക്കേജിൽപ്പെടുന്ന 37 റേഷൻ കടകളിലാണു പരീക്ഷണ പ്രവർത്തനത്തിനായി തിരഞ്ഞെടുത്തത്. പരീക്ഷണം വിജയമായതോടെ ജില്ലയിലെ ആറു താലൂക്കുകളിലെ എല്ലാ റേഷൻ കടകളിലും ഇ പോസ് എത്തിക്കുകയായിരുന്നു.

ഇ പോസ് സംവിധാനം ഇന്ത്യയിലാദ്യമായി വിജയകരമായി നടപ്പാക്കിയ നാഷണൽ ഇൻഫോമാറ്റിക് സെന്റർ ആന്ധ്രാ ഘടകമാണ് കേരളത്തിലും യന്ത്രങ്ങൾ എത്തിക്കുന്നത്. 50,000 രൂപയോളം ചിലവുണ്ട്. രണ്ട് സിമ്മുകൾ ഉപയോഗിക്കാവുന്ന യന്ത്രത്തില്‍ ഒരു സിം ബിഎസ്എൻഎല്ലും മറ്റൊരു സിം റേഷൻ കട നടത്തിപ്പുകാരനു തിരെഞ്ഞെടുക്കാവുന്നതുമാണ്. 

യന്ത്രം ഓൺ ചെയ്യുന്ന സമയം മുതൽ റേഷൻകടയിൽ നിന്നുള്ള സിഗ്നൽ, ലൊക്കേഷൻ സഹിതം സംസ്ഥാന സിവിൽ സപ്ലൈ കേന്ദ്രമായ കമ്മീഷണർ ഓഫ് സിവിൽ സപ്ലൈ ഓഫിസിൽ ലഭിക്കും. റേഷൻ കട നടത്തിപ്പുകാരന്റെ വിരൽ തൊടുന്നതോടെ മെഷീൻ പ്രവർത്തം തുടങ്ങും. മെഷൻ പ്രവർത്തനക്ഷമമാക്കുന്ന  സമയമാണ് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്ന സമയമായി കണക്കു കൂട്ടുന്നത്. ഇതുവഴി റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിക്കാനും കഴിഞ്ഞിട്ടുണ്ട്.