Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിപ്പാട്ടം വാങ്ങിക്കൊടുക്കലല്ല പണി; ജനമൈത്രി പൊലീസിനെതിരെ മുൻ ഡിജിപി

KJ-Joseph മുൻ ഡിജിപി കെ.ജെ. ജോസഫ്

കണ്ണൂ‍ർ∙ പ്രതിച്ഛായ നന്നാക്കാൻ ജനമൈത്രി പൊലീസിന്റെയും സ്റ്റു‍ഡന്റ് പൊലീസിന്റെയും മറ്റും പേരിൽ നടത്തുന്ന പ്രവർത്തനങ്ങൾ കേരള പൊലീസിന്റെ കൃത്യനി‍ർവഹണത്തെ പ്രതികൂലമായി ബാധിച്ചുവെന്നു മുൻഡിജിപി കെ.ജെ. ജോസഫ്. ഡിജിപിയോടു പൊലീസുകാർക്കു ബഹുമാനം നഷ്ടപ്പെട്ടതാണു കേരള പൊലീസിനെ സമീപകാലത്തു പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങളുടെ അടിസ്ഥാന കാരണമെന്നും കെ.ജെ.ജോസഫ് പറഞ്ഞു. പൊലീസ് അതിക്രമങ്ങളെക്കുറിച്ചു മലയാള മനോരമ പ്രസിദ്ധീകരിച്ച പരമ്പരയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് മേധാവിക്കു സേനയിൽ നിയന്ത്രണം നഷ്ടമാവുമ്പോഴാണു കസ്റ്റഡി മരണം പോലുള്ള സംഭവങ്ങൾ ഉണ്ടാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിപി എന്ന പദവിയുടെ പാവനത നഷ്ടപ്പെടുമ്പോഴാണു പൊലീസ് മേധാവിക്കു സേനയിൽ നിയന്ത്രണമില്ലാതാകുന്നത്. ഡിജിപിയായിരിക്കെ സെൻകുമാറിനെ നിയമവിരുദ്ധമായി മാറ്റാനും അവഹേളിക്കാനും ഔദ്യോഗികതലത്തിൽ തന്നെ നടന്ന നീക്കങ്ങൾ ഇവിടത്തെ പൊലീസുകാരും പൊതുജനങ്ങളും കണ്ടതാണ്. അഡ്വക്കേറ്റ് ജനറലിന്റേതു പോലെ, സർക്കാർ മാറുമ്പോൾ ആളെ മാറ്റേണ്ട തസ്തികയല്ല ‍ഡിജിപിയുടേത്. ഡിജിപിയുടെ കസേരയിലിരിക്കുന്നയാ‍ൾ അതിനു യോഗ്യനല്ലെന്നു സർക്കാർ തന്നെ നിയമസഭയിലും കോടതിയിലും പറഞ്ഞതും, അതേ ഡിജിപി നിയമപരമായ ശ്രമങ്ങളിലൂടെ തസ്തികയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ വ്യക്തിപരമായി അവഹേളിക്കാൻ പൊലീസ് ആസ്ഥാനത്ത് ഉപജാപകസംഘത്തെ വളർത്തിയതും, ഡിജിപി വിരമിച്ചതിനു തൊട്ടു പിറ്റേന്ന് അദ്ദേഹത്തിനെതിരെ എസ്ഐയെക്കൊണ്ട് എഫ്ഐആർ‌ ഇട്ടു കേസെടുപ്പിക്കുന്നതും സമൂഹത്തിനും സേനയ്ക്കും നൽകുന്ന സന്ദേശമെന്താണ്? ജേക്കബ് തോമസിന്റെ കാര്യത്തിലും കണ്ടു അതുപോലുള്ള കാര്യങ്ങൾ.

മറക്കരുത്, മനുഷ്യരാണ് സാർ...

അച്ചടക്കവും നിയന്ത്രണവും അധികാരശൃംഖലയും അത്യാവശ്യമായ സേനയാണു പൊലീസ്. പൊലീസ് മേധാവിയുടെ പദവി പോലും അവഹേളിക്കപ്പെടുമ്പോൾ സേനയുടെ തന്നെ മൂല്യം നഷ്ടപ്പെടുകയാണ്. സംസ്ഥാനത്തെ മുഴുവൻ പൊലീസുകാർക്കും സുപരിചതിനും ബഹുമാന്യനുമായിരിക്കണം പൊലീസ് മേധാവി. ഇന്നു കേരളത്തിൽ ഒരു ഡസൻ ഡിജിപിമാരെങ്കിലുമുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ പോലും ഡിജിപി തസ്തിക വരുമ്പോൾ ആരാണ് ആ പദവിയെ മാനിക്കുക? സർവീസിന്റെ സിംഹഭാഗവും ഡപ്യൂട്ടേഷനിൽ പുറത്തു ജോലി ചെയ്തയാളെ കേരളത്തിൽ കൊണ്ടു വന്നു ഡിജിപിയാക്കുമ്പോൾ എത്ര പൊലീസുകാരുമായി അയാൾക്കു പരിചയം കാണും?

കേട്ടാൽത്തന്നെ ‍ഞെട്ടിവിറയ്ക്കുന്ന കാക്കിക്കലി!...

മേലുദ്യോഗസ്ഥരോടുള്ള ബഹുമാനം നഷ്ടമാവുന്ന അവസ്ഥ പൊലീസ് സേനയിൽ അത്യന്തം അപകടരമാണ്. പൊലീസ് മേധാവിയുടെ പദവിക്കു വരെ ബഹുമാന്യത നഷ്ടപ്പെടുമ്പോൾ, താഴേത്തട്ടിലെ അധികാര ബന്ധങ്ങളിലും അതു പ്രതിഫലിക്കും. എസ്ഐയോടു പോലും മറുപടി പറയേണ്ടതില്ലെന്ന അതിസ്വാതന്ത്ര്യബോധം സാദാ പൊലീസുകാരിൽ വരെ ഉണ്ടാവും. അപ്പോഴാണ് ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാവുന്നത്. അല്ലാതെ പൊലീസിലെ ചിലർ സ്ഥിരം ക്രിമിനലുകൾ ആയതു കൊണ്ടല്ല. അങ്ങനെയെങ്കിൽ പൊലീസിലെ ആ ക്രിമിനലുകൾ സർവീസിലെ എല്ലാ ദിവസവും അതുപോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യേണ്ടതല്ലേ? സേനയിൽ നിയന്ത്രണമുണ്ടാവുമ്പോളാണു പൊലീസിന്റെ അടിസ്ഥാന കൃത്യനിർവഹണം (ബേസിക് പൊലീസിങ്) ഫലപ്രദമായി നടക്കുക. കേരള പൊലീസിന്റെ ചരിത്രം പരിശോധിച്ചാൽ, അങ്ങനെ ഫലപ്രദമായി പൊലീസിങ് നടന്ന കാലഘട്ടങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും കാണാം. അത് അക്കാലങ്ങളിലെ പൊലീസ് മന്ത്രിയുടെയോ, ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്ത പാ‍ർട്ടിയുടെയോ മികവു കൊണ്ടായിരുന്നില്ല.

ഈ ക്രൂരതയ്ക്ക് എന്തു പ്രായശ്ചിത്തം?...

ജനമൈത്രി പൊലീസ്, കുട്ടിപ്പൊലീസ് തുടങ്ങിയ ഗിമ്മിക്കുകൾ ബേസിക് പൊലീസിങ്ങിനു തടസ്സമാണ്. രോഗികൾക്ക് ആംബുലൻസ് വിളിച്ചു കൊടുത്തോ, കുട്ടികൾക്കു കളിപ്പാട്ടം വാങ്ങിക്കൊടുത്തോ അല്ല പൊലീസ് പ്രതിച്ഛായ നന്നാക്കേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിയും സുരക്ഷിതത്വബോധം ഉറപ്പുവരുത്തിയുമാണു പൊലീസ് ജനമൈത്രിയാവേണ്ടത്. മുലകുടിക്കുന്ന കുഞ്ഞുങ്ങളുള്ള സ്ത്രീകളെ ഒരിക്കലും പൊലീസ് സ്റ്റേഷനിൽ വരുത്താൻ പാടില്ലെന്നു നിയമമുള്ളപ്പോൾ, അമ്മമാർക്കു മുലയൂട്ടാൻ പൊലീസ് സ്റ്റേഷനിൽ പ്രത്യേക മുറി സജ്ജീകരിച്ചു പൊലീസ് മാതൃകയായി എന്ന മട്ടിലുള്ള വാ‍ർത്തകൾ എത്ര പരിഹാസ്യമാണ്. ശരിയായ പരിശീലനത്തിന്റെ അഭാവമാണു പൊലീസ് ഇങ്ങനെയാവാൻ കാരണമെന്നതു കഴമ്പില്ലാത്ത വാദമാണ്. മികച്ച പരിശീലന പദ്ധതികളും സൗകര്യങ്ങളും കേരള പൊലീസിനുണ്ട്. പക്ഷേ പരിശീലനം ലഭിക്കുന്ന പ്രായമാണു പ്രശ്നം– കെ.ജെ.ജോസഫ് ചൂണ്ടിക്കാട്ടി.