Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍ക്കാര്‍ ചെലവു ചുരുക്കി: പുതിയ തസ്തികയും വാഹനവും വിമാനയാത്രയും വേണ്ട

cash

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ ധനസ്ഥിതി ശക്തിപ്പെടുത്തുന്നതിനു നിയന്ത്രണങ്ങളുമായി ധനവകുപ്പ്. ആവശ്യമായ പഠനങ്ങള്‍ക്കുശേഷം മാത്രമേ പുതിയ തസ്തികകള്‍ സൃഷ്ടിക്കാവൂയെന്നു ധനകാര്യവകുപ്പു വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. പുനര്‍വിന്യാസം കൊണ്ടു പ്രശ്നം പരിഹരിക്കാന്‍ കഴിയുമെങ്കില്‍ ആ വഴി നോക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഉത്തരവു പുറത്തിറക്കിയത്.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പ് മേധാവികള്‍, പൊലീസ്, നിയമ നിര്‍വഹണ ഏജന്‍സികള്‍, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, ഗ്രാന്റ് - ഇന്‍ - എയ്ഡ് സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവര്‍ക്കു മാത്രമേ ഇനിമുതല്‍ സ്വന്തമായി വാഹനം വാങ്ങാന്‍ അനുമതി നല്‍കൂ. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സർവകലാശാലകൾ എന്നിവിടങ്ങളില്‍ പുതുതായി വാഹനം വാങ്ങുന്നതിനു പകരം 3 - 5 വര്‍ഷത്തേക്കു വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കണം. ഡ്രൈവര്‍, ഇന്ധന ചെലവ്, അറ്റകുറ്റപ്പണി എന്നിവ ഉള്‍പ്പെടെയാണു വാഹനം വാടകയ്ക്ക് എടുക്കേണ്ടത്.

സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡ് - കോര്‍പ്പറേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗ്രാന്റ് - ഇന്‍ - എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ വിമാന യാത്ര പരമാവധി കുറയ്ക്കണം. വിഡിയോ കോണ്‍ഫറന്‍സ് പരമാവധി ഉപയോഗിക്കണം. അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ വിമാനയാത്ര പാടുള്ളൂ. വിമാന യാത്രയ്ക്കുള്ള ശുപാര്‍ശ നാലാഴ്ചയ്ക്കു മുന്‍പ് സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കണം. മുഖ്യമന്ത്രിയുടെ അനുമതികൂടി വാങ്ങി മാത്രമേ ഇതുസംബന്ധിച്ച ഉത്തരവു പുറത്തിറക്കാവൂ.

സര്‍ക്കാര്‍ ചെലവില്‍ മൊബൈല്‍ ഉപയോഗിക്കുന്ന എല്ലാ ജീവനക്കാരും ലാന്‍ഡ് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തണം. ജീവനക്കാരുടെ പ്രീപെയ്ഡ് കണക്‌ഷനു സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 400 രൂപ അനുവദിക്കും. വകുപ്പ് തലവന്‍മാര്‍ക്ക് ഔദ്യോഗിക മൊബൈല്‍ ഉപയോഗിക്കാനുള്ള പ്രതിമാസ പരിധി 1,500 രൂപയില്‍നിന്ന് 1,000 രൂപയായി കുറച്ചു.