Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രഹങ്ങളുടെ ‘പിന്തുണ’ ഉറപ്പാക്കാൻ ദേവെഗൗഡ; നാമനിർദേശ പത്രികകളുമായി പ്രത്യേക പൂജ

HD-Deve-Gowda എച്ച്.ഡി.ദേവെഗൗഡ (ഫയൽ ചിത്രം)

ബെംഗളൂരു∙ ശനി, ചൊവ്വ ദിവസങ്ങൾ കർണാടകയിലുള്ളവരെ സംബന്ധിച്ചു ജ്യോതിശാസ്ത്രപരമായി മോശം ദിവസങ്ങളാണ്. അതൊന്നും പക്ഷേ തിരഞ്ഞെടുപ്പ് കമ്മിഷനു വിഷയമേയല്ല. ഇത്തവണ മേയ് 12-നു ശനിയാഴ്ചയാണു കർണാടകയിൽ വോട്ടെടുപ്പ്; മേയ് 15 ചൊവ്വാഴ്ച വോട്ടെണ്ണലും. അമാവാസി ദിവസത്തിലാണു കർണാടകയിലെ വോട്ടെണ്ണലെന്നതും ‘വിശ്വാസികളായ’ സ്ഥാനാർഥികളെ ആശങ്കപ്പെടുത്തുന്നുണ്ട്. പല പ്രമുഖ നേതാക്കളും ‘ശാപം’ ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണെന്നാണു റിപ്പോർട്ടുകൾ. അവരിൽ മുൻപന്തിയിൽ നിൽക്കുന്നതാകട്ടെ ജനതാദൾ (എസ്) ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയും.

പാർട്ടി എംഎൽഎമാരുടെ നാമനിർദേശ പത്രികകളുമായി ക്ഷേത്രങ്ങൾ കയറിയിറങ്ങുകയാണ് ഗൗഡ കുടുംബം. മനുഷ്യരേക്കാളും ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലുമാണു തനിക്കു വിശ്വാസമെന്നു നേരത്തേത്തന്നെ ഗൗഡ വ്യക്തമാക്കിയിട്ടുള്ളതാണ്.: ‘എല്ലാത്തവണയും മനുഷ്യരാണ് എന്നെ ചവിട്ടിത്താഴ്ത്തിയിട്ടുള്ളത്. ഒട്ടേറെ പേർ ‌വഞ്ചിച്ചു. പക്ഷേ അപ്പോഴെല്ലാം ദൈവം രക്ഷയ്ക്കെത്തി. ആ ദൈവിക ശക്തിയാണ് എന്നെയും എന്റെ പാർട്ടിയെയും സംരക്ഷിച്ചു കൊണ്ടിരിക്കുന്നത്’ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഗൗഡ പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും കർണാടകയിലെ പ്രശസ്തമായ ശൃംഗേരി മഠം സന്ദർശിച്ചിരുന്നു. എന്നാൽ ഭാര്യ ചെന്നമ്മയുമൊത്തു ഗൗഡ ഇവിടം സന്ദര്‍ശിച്ചതാണ് ഏറെ വാർത്താ പ്രാധാന്യം സൃഷ്ടിച്ചത്. 1300 വർഷം മുൻപ് ആദി ശങ്കരാചാര്യൻ സ്ഥാപിച്ചതാണു ശൃംഗേരി മഠം. എൺപത്തിയഞ്ചുകാരനായ ഗൗഡ ഹെലികോപ്ടറിലാണ് മഠത്തിലെത്തിയത്. ഒപ്പം പാർട്ടിയുടെ എല്ലാ സ്ഥാനാർഥികളുടെയും നാമനിർദേശ പത്രികകളുമുണ്ടായിരുന്നു.

മഠത്തിന്റെ ഇപ്പോഴത്തെ തലവനായ ശ്രീ ഭാരതി തീർഥ സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പ്രത്യേക പൂജകളും പാർട്ടിക്കു വേണ്ടി നടത്തി. കോൺഗ്രസിനേക്കാളും ബിജെപിയേക്കാളും കൂടുതൽ വോട്ടു നേടി പാർട്ടിക്കും വിജയം നൽകണമേയെന്ന പ്രാർഥനയോടെയായിരുന്നു പൂജകളെന്നും ഗൗഡയുടെ അനുയായികളിലൊരാൾ വ്യക്തമാക്കി. മഠത്തിലെ ശാരദ പീഠത്തിലായിരുന്നു സ്ഥാനാർഥികളുടെ വിജയത്തിനായുള്ള പൂജകൾ. ബാഗിൽ കൊണ്ടു വന്ന പത്രികകളെല്ലാം ദേവി വിഗ്രഹത്തിന്റെ കാൽക്കൽ സമർപ്പിച്ചായിരുന്നു പൂജ. ഒരു മണിക്കൂറോളം അവിടെ ചെലവിടുകയും ചെയ്തു.

സ്ഥാനാർഥികൾ ശക്തരല്ലെങ്കിൽ പോലും നക്ഷത്രങ്ങളും ഗ്രഹങ്ങളും അവരെ സഹായിക്കുമെന്നാണു ഗൗഡ വിശ്വസിക്കുന്നതെന്നും അദ്ദേഹത്തിന്റെ ദൈവഭക്തി അചഞ്ചലമാണെന്നും അനുയായികൾ പറയുന്നു. ദേവെഗൗഡയുടെ മകനും എംഎൽഎയുമായി എച്ച്.ഡി.രേവണ്ണയും യാത്രകളിലാണ്. കർണാടകയിലെയും അയൽ സംസ്ഥാനങ്ങളിലെയും പ്രധാന ക്ഷേത്രങ്ങളാണു ലക്ഷ്യം. നാമനിർദേശ പത്രികകളും ഒപ്പമുണ്ട്.

തിരുപ്പതി ക്ഷേത്രം കഴിഞ്ഞ ദിവസം സന്ദർശിച്ച അദ്ദേഹം പിന്നാലെ തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിലും നാമനിർദേശ പത്രികകൾ പൂജിക്കാനെത്തിച്ചു. ‘ദൈവിക’ ശക്തിയുടെ അനുഗ്രഹത്താൽ ജെഡിഎസ് ഇത്തവണ വിജയിക്കും. ഭൂമിയിലെ ഒരു ശക്തിക്കും അതിനെ തടയാനാകില്ല’– രേവണ്ണ പറയുന്നു. സ്ഥാനാർഥികളെ തീരുമാനിക്കും മുൻപേ തന്നെ ദേവെഗൗഡയുടെ ചില ‘വിശ്വാസ’ രീതികൾ വാർത്തയായിരുന്നു. മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവരുടെ ഗ്രഹനില വിദഗ്ധരായ ജ്യോതിഷികളെക്കൊണ്ടു പരിശോധിപ്പിച്ചു കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയാണ് അദ്ദേഹം പാർട്ടി ടിക്കറ്റ് നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

related stories