Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് ആക്രമിച്ചയാൾക്കെതിരെ പൊലീസ് കേസ് എടുത്തില്ല; ആത്മഹത്യാശ്രമവുമായി വീട്ടമ്മ

police-representational-image Representational image

തൊടുപുഴ∙ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ച് കയറിയയാൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായില്ലെന്ന് ആരോപിച്ചു വീട്ടമ്മ ഉറക്കഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു. ഈസ്റ്റ് കലൂർ സ്വദേശിനിയാണു ബുധനാഴ്ച പുലർച്ചെ രണ്ടോടെ കിടപ്പുമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞതോടെ, സംഭവം പുലിവാലാകുമെന്നു കണ്ടു കേസിലെ പ്രതിയായ കലൂർ സ്വദേശിയെ പൊലീസ് കയ്യോടെ അറസ്റ്റു ചെയ്തു.

വീട്ടമ്മയുടെ പരാതിയിൽനിന്ന്: തിങ്കളാഴ്ച രാത്രി പത്തരയോടെയാണു കലൂർ സ്വദേശി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയത്. ഇക്കാര്യം അറിയിച്ചപ്പോൾ പൊലീസെത്തി പിടികൂടി കൊണ്ടുപോയി. തൊടുപുഴ പൊലീസിനു താൻ പരാതി നൽകി. എന്നാൽ അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇയാൾ തിരിച്ചെത്തി. താനുൾപ്പെടെ നാലു സ്ത്രീകളും ഒരു പെൺകുഞ്ഞും മാത്രമുള്ള വീട്ടിൽ വീണ്ടും അതിക്രമിച്ചുകയറി. കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. വീടിന്റെ തിണ്ണയിലിരുന്നു മദ്യപിക്കാൻ ശ്രമം തുടങ്ങി. തന്റെ പിതാവിനെ ഫോൺ ചെയ്തു വിളിച്ചുവരുത്തി.

അവിടെ എത്തിയ പിതാവിനെ മർദിച്ച പ്രതി സ്വന്തം വാഹനത്തിലുണ്ടായിരുന്ന വാഴക്കുല റോഡിൽ എറിഞ്ഞു ചിതറിച്ചു. വീട്ടിലുള്ളവരെ ഇതുപോലെ ചിതറിക്കുമെന്നു ഭീഷണിപ്പെടുത്തി. തൊടുപുഴ പൊലീസിലെ ഒരു ഉദ്യോഗസ്ഥനിൽ തനിക്കു സ്വാധീനമുണ്ടെന്നും അതാണു ഉടനെ  സ്റ്റേഷനിൽനിന്നു പുറത്തിറങ്ങാൻ കഴിഞ്ഞതെന്നും പ്രതി പറഞ്ഞു. അപസ്മാരത്തിന് 15 വർഷമായി ചികിത്സയിലാണു താൻ. സംഭവത്തെ തുടർന്നു ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായി.

അക്രമിയുമായി യാതൊരു ബന്ധവുമില്ല. ഭീഷണി മുഴക്കുന്നത് എന്തിനെന്ന് അറിയില്ല. കലൂർ സ്വദേശി ആക്രമിക്കാൻ ശ്രമിച്ചതു സംബന്ധിച്ച പരാതിയുമായി ചൊവ്വാഴ്ച രാവിലെ തൊടുപുഴ സ്റ്റേഷനിലെത്തി ഒരു ഉദ്യോഗസ്ഥനെ കണ്ടു. കേസെടുക്കാൻ കാരണമായ കുറ്റം ചെയ്തിട്ടില്ലെന്നും ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞു മടക്കി അയച്ചു. വിവരം ഡിജിപി: ലോക്നാഥ് ബെഹ്റയെ ഫോണിൽ അറിയിച്ചു. സ്റ്റേഷനിൽനിന്നു മടങ്ങിയ തന്നെയും ഭർത്താവിനെയും പൊലീസ് തിരികെ വിളിക്കുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസെടുത്ത ശേഷം പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറാകാത്തതിനാലാണു ജീവനൊടുക്കാൻ ശ്രമിച്ചത്.