Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രഖ്യാപിത ഹർത്താൽ അതിക്രമം; ഇന്റലിജൻസ് ബ്യൂറോ മേധാവി കേരളത്തില്‍

harthal-violence-malappuram-more അപ്രഖ്യാപിത ഹർത്താൽ ദിനത്തിൽ മലപ്പുറം വാണിയമ്പലത്ത് റോഡിൽ ടയറുകൾക്കു തീയിട്ടു ഗതാഗതം തടസപ്പെടുത്തിയപ്പോൾ. ഫയൽ ചിത്രം

തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിലൂടെയും വാട്സ് ആപ്പിലൂടെയും ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതിനു പിന്നില്‍ വര്‍ഗീയ ശക്തികളാണെന്നും കലാപമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലേ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടര്‍ രാജിവ് ജയിന്‍ കേരളത്തിൽ. പൊലീസ് മേധാവി ലോക്നാഥ് ബഹ്റയുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഗവര്‍ണർ ജസ്റ്റിസ് പി.സദാശിവവുമായി വ്യാഴാഴ്ച വൈകിട്ട് ചര്‍ച്ച നടത്തും. 

അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ ചില സംഘടനകള്‍ വ്യാപക അക്രമം അഴിച്ചുവിട്ട സംഭവം അതീവഗൗരവത്തോടെയാണ് ഐബി കാണുന്നത്. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശനം. എന്നാല്‍ ഐബി വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ഡയറക്ടര്‍ കേരളത്തിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്നു രാവിലെ പത്തു മണിയോടെയാണ് ഐബി ഡയറക്ടര്‍ രാജ്ഭവനിലെത്തിയത്. രാജ്ഭവനിലാണ് അദ്ദേഹത്തിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. വൈകിട്ട് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിലെ ക്രമസമാധാനനിലയെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താലിന് ചില സംഘടനകള്‍ ആഹ്വാനം ചെയ്തതും അതിലെ അക്രമസാധ്യതയും തിരിച്ചറിയാന്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച വന്നെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേന്ദ്രത്തിനും ഇതേ അഭിപ്രായമാണ്. എന്നാല്‍, വടക്കന്‍ കേരളത്തില്‍ അക്രമസാധ്യതയുണ്ടെന്നു മുന്നറിയിപ്പു നല്‍കിയിരുന്നതായി സംസ്ഥാന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ശനിയാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ അക്രമമുണ്ടാകുകയും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം പൊലീസിന് മനസിലാകുന്നത്. മലബാര്‍ മേഖലയിലായിരുന്നു കൂടുതല്‍ അക്രമം. ചില കടകളില്‍ മോഷണവും നടന്നു.

തിങ്കളാഴ്ച നടന്ന ഹര്‍ത്താലില്‍ അക്രമം നടത്തിയ ആയിരത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാട്സാപ് വഴി സന്ദേശം പ്രചരിപ്പിച്ച ചിലരെയും അറസ്റ്റു ചെയ്തു. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും അക്രമം നടത്തുകയും ചെയ്തതിന് 762 പേര്‍ക്കെതിരെയാണ് വയനാട്ടില്‍ കേസെടുത്തത്. 41നപേരെ അറസ്റ്റു ചെയ്തു. മലപ്പുറത്ത് 250 പേരെയാണ് അറസ്റ്റു ചെയ്തു. ഇതിൽ 80 പേരെ റിമാന്‍ഡ് ചെയ്തു. വര്‍ഗീയ സംഘടനകളില്‍പ്പെട്ടവരാണ് പിടിയിലായവരില്‍ കൂടുതല്‍പേരും.

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കണ്ടെത്താനാണ് പൊലീസ് നീക്കം. കശ്മീരില്‍ മരിച്ച പെണ്‍കുട്ടിയുടെ പേരിലായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം.

related stories