Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുനിരോധനത്തിന്റെ ‘ക്ഷീണം’ മാറി; സമ്പത്തിൽ ആറാം ‘ലോകശക്തി’യായി ഇന്ത്യ

India-Economy-IMF-Rupee

ന്യൂഡൽഹി∙ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) വളർച്ചയുടെ പാതയിലാണെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) റിപ്പോർട്ട്. 2017ൽ ജിഡിപി 2.6 ട്രില്യൻ ഡോളറായി വളർന്നതിനൊപ്പം രാജ്യാന്തര തലത്തിൽ മികച്ച നേട്ടവും ഇന്ത്യ സ്വന്തമാക്കി– ഫ്രാന്‍സിനെ പിന്തള്ളി ലോക സാമ്പത്തിക ശക്തികളിൽ ആറാം സ്ഥാനം. നിലവിൽ യുഎസ്, ചൈന, ജപ്പാൻ, ജര്‍മനി, യുകെ എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഐഎംഎഫിന്റെ 2018 ഏപ്രിലിലെ വേൾഡ് എക്കണോമിക്സ് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ വികസനത്തിൽ നിർണായക നാഴികക്കല്ലാണു പിന്നിട്ടിരിക്കുന്നതെന്നു സാമ്പത്തിക മന്ത്രാലയം പ്രതികരിച്ചു. രാജ്യത്തേക്കു കൂടുതല്‍ നിക്ഷേപമെത്തുന്നതിന് ഉൾപ്പെടെ റിപ്പോർട്ടു സഹായകരമാകുമെന്നാണു പ്രതീക്ഷ. ഇതു മാത്രമല്ല തെക്കനേഷ്യയുടെ സാമ്പത്തിക വളർച്ചാനിരക്കിനെ മുൻനിരയിലേക്കു വീണ്ടുമെത്തിക്കുന്നതിലും പ്രധാന ശക്തിയായി ഇന്ത്യ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നോട്ടുനിരോധനത്തിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും തിരിച്ചടികളെ ഇന്ത്യ മറികടന്നുവെന്നു സമീപകാലത്തു ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ജിഎസ്ടിയും നോട്ടുനിരോധനവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു പരുക്കേൽപ്പിച്ചിട്ടുണ്ടെന്നു പരാമർശിച്ച ഐഎംഎഫ് റിപ്പോർട്ട് അതിന്റെ വ്യാപ്തി എത്രത്തോളമാണെന്നു വ്യക്തമാക്കിയിട്ടില്ല.

2017ൽ 6.7% സാമ്പത്തിക വളർച്ചയാണുണ്ടായത്. ഐഎംഎഫ് റിപ്പോർട്ട് പ്രകാരം 2018ൽ ഇത് 7.4 ശതമാനമാകുമെന്നാണു കണക്കുകൂട്ടുന്നത്. 2019ൽ 7.8 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു. എന്നാൽ ലോകബാങ്ക് ഇത്രും ‘കടന്നു’ ചിന്തിക്കുന്നില്ല. 2017ലെ 6.7 ശതമാനത്തിൽനിന്ന് 2018ൽ 7.3 ശതമാനത്തിലേക്കു വളർച്ചാ നിരക്ക് ഉയരുമെന്നാണ് ലോക ബാങ്ക് റിപ്പോർട്ട്. 2019ലും 2020ലും ഇത് 7.5 ശതമാനത്തിൽ തുടരുമെന്നും ലോകബാങ്ക് കണക്കുകൂട്ടുന്നു.