Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീസണിലെ ആദ്യ സെഞ്ചുറിയുമായി ഗെയ്‍ൽ; സൺറൈസേഴ്സിനെതിരെ പഞ്ചാബിന് വിജയം

gayle-century സൺറൈസേഴ്സിനെതിരെ സെഞ്ചുറിയാഘോഷത്തിൽ ക്രിസ് ഗെയ്‌‌ൽ. ചിത്രം: ഐപിഎൽ ട്വിറ്റർ

മൊഹാലി∙ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിനു 15 റൺസ് വിജയം. 194 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺ‌റൈസേഴ്സിനു നാലു വിക്കറ്റു നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളു. ക്രിസ് ഗെ‍യ്‍ലിന്റെ സെഞ്ചുറി മികവിലാണ് പഞ്ചാബ് മികച്ച സ്കോർ പടുത്തുയർത്തിയത്. 63 പന്തുകൾ നേരിട്ട ഗെയിൽ 104 റൺസെടുത്തു പുറത്താകാതെ നിന്നു. അതേസമയം, സീസണിലെ സൺറൈസേഴ്സിന്റെ ആദ്യ തോൽവിയാണു വ്യാഴാഴ്ചത്തേത്. 

കഴിഞ്ഞ മല്‍സരങ്ങളിൽ മികച്ച രീതിയിൽ ബാറ്റു വീശിയ ശിഖർ ധവാന് ആദ്യ ഓവറിൽ തന്നെ പരുക്കേറ്റു മടങ്ങേണ്ടി വന്നതാണു ഹൈദരാബാദിനു തിരിച്ചടിയായത്. രണ്ടാം ഓവറിൽ അവർക്കു സാഹയെയും നഷ്ടപ്പെട്ടു. നാലാം മൽസരത്തിലും തിളങ്ങാനാകാതെ യൂസഫ് പഠാൻ 13 പന്തിൽ 19 റൺസ് മാത്രമെടുത്തു മടങ്ങി. അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ കെയ്ൻ വില്യംസണാണു സൺറൈസേഴ്സിനെ മുന്നില്‍ നിന്നു നയിച്ചത്. 

41 പന്തിൽ നിന്ന് 54 റൺസെടുത്ത വില്യംസൺ അൻഡ്രു ടൈയുടെ പന്തിൽ ആരോൺ ഫിഞ്ചിനു ക്യാച്ച് നൽകിയാണു പുറത്തായത്. മനീഷ് പാണ്ഡെയും അർധ സെഞ്ചുറി നേടി. 42 പന്തിൽ 57 റണ്‍സെടുത്ത പാണ്ഡെ പുറത്താകാതെ നിന്നു. പാണ്ഡെയും ഷാക്കിബ് അൽഹസനും ചേർന്ന് അവസാന ഓവർ വരെ സൺറൈസേഴ്സിനു വേണ്ടി പോരാടിയ ശേഷമാണു പഞ്ചാബിനു മുന്നിൽ കീഴടങ്ങിയത്. പഞ്ചാബിനു വേണ്ടി മോഹിത് ശര്‍മ, അൻഡ്രു ടൈ എന്നിവർ രണ്ടു വിക്കറ്റു വീതം നേടി. 

നൂറിൽ ആറാടി ഗെയ്‌ലാനന്ദം; പഞ്ചാബിനു മികച്ച സ്കോർ

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. സീസണിലെ ആദ്യ സെഞ്ചുറിയുമായി മൊഹാലിയിൽ നിറഞ്ഞാടിയ ക്രിസ് ഗെയിലിന്റെ മാസ്മരിക ബാറ്റിങ് പ്രകടനത്തിലാണു മികച്ച വിജയലക്ഷ്യത്തിലേക്കു പഞ്ചാബ് എത്തിയത്. 63 പന്തുകൾ നേരിട്ട ഗെയിൽ 104 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നത്തെ പ്രകടനത്തോടെ ഐപിഎല്ലിലെ സീസണിലെ ഇതുവരെയുള്ള ഉയർന്ന റണ്‍സും ഗെയ്‍ലിന്റെ പേരിലായി. 

ആരും ഏറ്റെടുക്കാനില്ലാതെ നിന്ന ഗെയ്‍ലിനെ അടിസ്ഥാന വിലയായ രണ്ടു കോടിമാത്രം നൽകി പഞ്ചാബിലെത്തിച്ചതിനു നാലാം മൽസരത്തിൽ തന്നെ ഗെയ്ൽ നന്ദി കാട്ടി. പഴയ റോയൽ ചലഞ്ചേഴ്സിലെ ഗെയ്‍ലിനു സമമായിരുന്നു മൊഹാലിയിലെ ബാറ്റിങ്. പതിനൊന്നു സിക്സുകൾ പറത്തി എന്നാൽ  ഫോർ ഒന്നു മാത്രം. പതുക്കെ കളിച്ചു അർധസെഞ്ചുറി തികച്ച ശേഷം അതിവേഗം സെഞ്ചുറിയിലേക്ക്, അതായിരുന്നു ഗെ‍‍യ്‍ലിന്റെ താളം. 39 പന്തുകളിലാണ് താരം 50 തികച്ചത്. എന്നാൽ അടുത്ത 19 പന്തുകളിൽ സ്കോര്‍ നൂറിലെത്തി. 

കെ.എൽ. രാഹുൽ (21 പന്തിൽ 18), മായങ്ക് അഗർവാൾ (ഒൻപതു പന്തിൽ 18), കരുൺനായർ (21 പന്തിൽ 31) എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് താരങ്ങളുടെ സ്കോറുകൾ. കെ.എൽ. രാഹുലും ഗെയ്‌ലും ചേർന്നു മികച്ച തുടക്കമാണു പഞ്ചാബിനു നൽകിയത്. 38 പന്തിൽ ഇരുവരും ചേർന്നു പഞ്ചാബ് സ്കോർ 50 കടത്തി. റാഷിദ് ഖാന്റെ പന്തിൽ എൽബിഡബ്ല്യു ആയാണു രാഹുൽ പുറത്തായത്. പിന്നാലെയെത്തിയ മായങ്ക് അഗർവാള്‍ ഒൻപത് പന്തിൽ 18 റൺസെടുത്തു. 

പിന്നീട് കരുൺ നായരെ കൂട്ടുപിടിച്ച് ഗെയ്ൽ ഇന്നിങ്സ് കെട്ടിപ്പടുത്തു. 31 റൺസെടുത്ത കരുൺ ഭുവനേശ്വർ കുമാറിന്റെ പന്തിൽ ശിഖർ ധവാനു ക്യാച്ച് നൽകി മടങ്ങി. ആറു പന്തിൽ 14 റൺസെടുത്ത ആരോൺ ഫിഞ്ച് പഞ്ചാബ് നിരയിൽ പുറത്താകാതെ നിന്നു. സൺറൈസേഴ്സിനായി ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ, സിദ്ധാർഥ് കൗൾ എന്നിവർ ഓരോ വിക്കറ്റു വീതം നേടി.