Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരുടെ സ്നേഹത്തിലേക്ക് വീണ്ടും സർവീസ് തുടങ്ങി കെഎസ്ആർടിസിയുടെ ‘ചങ്ക് ബസ്’

Chunk Bus KSRTC ഈരാറ്റുപേട്ടയിൽ നിന്നു സർവീസ് തുടങ്ങിയ ‘ചങ്ക് ബസ്’

ആലുവ∙ ആ ‘ആരാധിക’യുടെ ഫോൺവിളി എന്തായാലും വെറുതെയായില്ല. ഒടുവിൽ ‘ഫാൻസി’ന്റെ പ്രിയപ്പെട്ട ബസ് ഈരാറ്റുപേട്ടയിലേക്കു തിരികെയെത്തി. വെള്ളിയാഴ്ച വീണ്ടും കട്ടപ്പനയിലേക്കു സർവീസും തുടങ്ങി. പക്ഷേ ഇത്തവണ വെറും കെഎസ്ആർടിസി ആയിട്ടായിരുന്നില്ല യാത്ര, ഇനി മുതൽ യാത്രക്കാരുടെ പ്രിയപ്പെട്ട ‘ചങ്ക് ബസ്’ ആണത്. ബസിന്റെ ‘നെഞ്ചിൽ’ തന്നെ എഴുതിയിരിക്കുന്നു ‘ചങ്ക്’ എന്ന്.

ചങ്കിനകത്ത് കെഎസ്ആർടിസി...

‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയിൽ ഇത്ര ദാരിദ്ര്യമാണോ?’ ഏതാനും ദിവസം മുൻപ് കെഎസ്ആർടിസിയിലേക്കു വന്ന ഒരു ഫോൺ സന്ദേശമായിരുന്നു അത്. അങ്ങേത്തലയ്ക്കൽ അജ്ഞാതയായ ഒരു പെൺകുട്ടി. കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നായിരുന്നു ഫോൺ വിളി. ഇങ്ങേത്തലയ്ക്കൽ ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്പെക്ടർ സി.ടി.ജോണി. 

ഈരാറ്റുപേട്ട–കൈപ്പള്ളി–കോട്ടയം–കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്ന ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു പെൺകുട്ടി വിളിച്ചത്. ജോണി എല്ലാം ക്ഷമയോടെ കേട്ടിരുന്ന് പെൺകുട്ടിക്ക് ആശ്വാസകരമായ മറുപടിയും നൽകി. എന്തായാലും ഫോൺ സന്ദേശം വൈറലായി. ആ ബസാകട്ടെ അതിനോടകം ആലുവയിൽ നിന്ന് കണ്ണൂരെത്തിയിരുന്നു. പക്ഷേ ‘ആരാധിക’യുടെ ഹൃദയത്തിൽ നിന്നുള്ള അപേക്ഷ കെഎസ്ആർടിസിക്കും തള്ളിക്കളനായില്ല. കണ്ണൂരിൽ നിന്ന് വൈകാതെ തന്നെ ബസ് ഈരാറ്റുപേട്ടയിലെത്തി. സർവീസും തുടങ്ങിക്കഴിഞ്ഞു. ബസിനു മുന്നിൽ തന്നെ ചുവന്ന അക്ഷരത്തിൽ ‘ചങ്ക്’ എന്നു പേരും എഴുതി.

കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരിയാണ് ആർഎസ്‌സി 140ക്ക് ‘ചങ്ക് ബസ്’ എന്നു പേരിട്ടത്. മാതൃകാപരമായി ആ ഫോണ്‍വിളിക്കു മറുപടി നൽകിയ ജോണിക്കു കെഎസ്ആർടിസിയുടെ അഭിനന്ദനക്കത്തും ഔദ്യോഗികമായി എംഡി അയച്ചു.

ഏതാനും ദിവസം മുൻപാണു ഡിപ്പോയിലേക്കുള്ള പെൺകുട്ടിയുടെ ഫോൺ വിളി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. ആരോടാണു പരാതി പറയേണ്ടതെന്ന് അറിയില്ലെന്നു പറഞ്ഞായിരുന്നു ഫോൺ വിളി. ഫോണെടുത്ത ജോണിയാകട്ടെ എല്ലാം ക്ഷമയോടെ കേട്ടു. ‘ഞങ്ങൾ സ്ഥിരം യാത്ര ചെയ്യുന്ന വണ്ടിയാണ് സാർ. ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു. ബസ് പോയതിൽ യാത്രക്കാർക്കു വലിയ വിഷമമുണ്ട്. ഞങ്ങളൊക്കെ ആ ബസിന്റെയും കെഎസ്ആർടിസിയുടെയും ‘കട്ട’ ഫാൻസാണ്. അതു പോയത് ഞങ്ങൾക്കു സഹിക്കാൻ പറ്റുന്നില്ല...’ എന്നൊക്കെയായിരുന്നു പരാതി.

പകരം വേറെ ഏതെങ്കിലും ബസ് പോരേയെന്നു ചോദിച്ചെങ്കിലും പെൺകുട്ടിയുടെ മറുപടി ഇങ്ങനെ: ‘പകരം ബസ് ആർക്കു വേണം, ഞങ്ങൾക്കു വേണ്ട. കണ്ടക്ടറെയും ഡ്രൈവറെയുമൊക്കെ നിങ്ങൾ മാറ്റിക്കോ. ഞങ്ങൾക്കു ബസ് മാത്രം മതി. ആലുവ ഡിപ്പോയിൽ ഇത്രയ്ക്കും ദാരിദ്ര്യമാണോ?’ ബസിന്റെ ‘ഭാവി’യെപ്പറ്റിയും പെൺകുട്ടി ആശങ്ക പങ്കുവച്ചു: ‘ ആ ബസ് കണ്ടം ചെയ്യാനാണോ കൊണ്ടുപോയത്? അതോ വേറെ റൂട്ടിൽ ഓടിക്കാനാണോ? ഞങ്ങളുടെ വണ്ടിയെ കൊന്നു കളയരുത് സാർ. അത് ഏതെങ്കിലും റൂട്ടിൽ ഓടിച്ചു കണ്ടാൽ മതി...’ എന്നായിരുന്നു അപേക്ഷ.

ആരാണു വിളിക്കുന്നതെന്നു ചോദിച്ചിട്ടും പെൺകുട്ടി പേരു പറഞ്ഞില്ല. ഡിഗ്രി വിദ്യാർഥിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാണ്, ബസിന്റെ ആരാധാകരായി തങ്ങൾ കുറേ പേരുണ്ടെന്നുമായിരുന്നു മറുപടി. എംഡിക്കു പരാതി കൊടുത്താൽ നടപടിയുണ്ടാകുമോ എന്നും ചോദ്യമുണ്ടായി. പരാതി കൊടുക്കാൻ പോകുകയാണെന്നും പെൺകുട്ടി വ്യക്തമാക്കി. ഇത്തരത്തിലൊരു പരാതി ആദ്യമായിട്ടാണെന്നും നൽകാനുമായിരുന്നു ചിരിയോടെ ജോണിയുടെ നിർദേശം. എന്തായാലും യാത്ര പറഞ്ഞു പോയെന്നു കരുതിയ ബസ് ഈരാറ്റുപേട്ടയിലേക്കു തന്നെ തിരികെയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ‘ആരാധകർ’.

related stories