Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് ലക്ഷം നക്ഷത്രം, പ്രതിദിനം 27 ജിഗാബൈറ്റ് ഡേറ്റ, 433 മില്യൻ ഡോളർ: ഇതാണ് ടെസ്

NASA-TESS1 ടെസ് ബഹിരാകാശത്ത് എത്തിയപ്പോൾ. (വിഡിയോ ദൃശ്യം)

വാഷിങ്ടൻ∙ സൗരയൂഥത്തിനു പുറത്ത് ഏതെങ്കിലും നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെ (എക്സോപ്ലാനറ്റ്) കണ്ടുപിടിക്കാനുള്ള നാസയുടെ വൻദൗത്യം ‘ടെസിന്റെ’ വിക്ഷേപണം വിജയം. ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് എന്നതിന്റെ ചുരുക്കെഴുത്താണു ടെസ്. ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനിയുടെ സഹായത്തോടെ, ബുധനാഴ്ച പുലർച്ചെ ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്നായിരുന്നു വിക്ഷേപണം.

ചൊവ്വാഴ്ച രാവിലെയാണു വിക്ഷേപണം തീരുമാനിച്ചതെങ്കിലും  ചെറിയ സാങ്കേതിക പ്രശ്നത്തെതുടർന്നു ദൗത്യം മാറ്റിവയ്ക്കുകയായിരുന്നു. ഉപഗ്രഹത്തെ വഹിക്കുന്ന സ്പെ‌യ്സ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലേറിയാണു ടെസ് ബഹിരാകാശത്തേക്കു കുതിച്ചത്. എക്സോപ്ലാനറ്റുകളിലെ ജീവന്റെ സാധ്യത അന്വേഷിക്കുന്നതിനാല്‍ ടെസ് ദൗത്യത്തെ ഗൗരവത്തോടെയാണു ലോകം വീക്ഷിക്കുന്നത്.

ടെസ്സിന്റെ പ്രവർത്തനം ഇങ്ങനെ

433 മില്യൻ ഡോളർ (2,847 കോടി രൂപ) ദൗത്യമാണു ടെസ്സിന്റേത്. രണ്ടു വർഷമാണ് ആദ്യഘട്ടം. ബഹിരാകാശത്തെ 26 ഭാഗങ്ങളായി തിരിച്ചാണു ടെസ്സിന്റെ അതീവശേഷിയുള്ള ക്യാമറകൾ നിരീക്ഷണം നടത്തുക. ആദ്യവർഷം തെക്കൻ ദിശയിലും പിന്നീടുള്ള ഒരുവർഷം വടക്കൻ ദിശയിലുള്ള ആകാശത്തിലും ടെസ്സ് നിരീക്ഷണം നടത്തും.‌ നാസ നേരത്തേ വിക്ഷേപിച്ച കെപ്ലർ ദൗത്യം സൗരയൂഥത്തിനു പുറത്തു മൂവായിര‌ത്തിലധികം ഗ്രഹങ്ങളെ കണ്ടെത്തിയി‌രുന്നു.

NASA-TESS

അത്യാധുനിക ഉപകരണങ്ങളാണു ടെസ്സിൽ. സൗരയൂഥത്തിനു സമീപത്തായി 300 പ്രകാശവർഷങ്ങൾക്കുള്ളിൽ നിൽക്കുന്ന തിളക്കമുള്ള രണ്ടു ലക്ഷം നക്ഷത്രങ്ങളെ നിരീക്ഷിക്കാനും ദിവസവും 27 ജിഗാ ബൈറ്റ് ഡേറ്റ ശേഖരിക്കാനും ശേഷിയുണ്ട്. ഗ്രഹങ്ങളുടെ ഭ്രമണത്തിനിടെ നക്ഷത്ര പ്രകാശപാതയിലുണ്ടാകുന്ന വ്യതിയാനം വിലയിരുത്തിയാണു പ്രവർത്തനം. ഈ പ്രക്രിയയിലൂടെ ഗ്രഹങ്ങളുടെ പിണ്ഡം, സാന്ദ്രത, അന്തരീക്ഷഘടന എന്നിവ മനസ്സിലാക്കും. 

പുറംഗ്രഹങ്ങളിൽ ജീവനുണ്ടോ ?

NASA-TESS2

എക്സോപ്ലാനറ്റുകളിൽ പല വലിപ്പത്തിലുള്ളവയുണ്ട്. ജീവസാന്നിധ്യമുണ്ടാകുമെന്ന പ്രതീക്ഷയിൽ, ഇക്കൂട്ടത്തിലെ ഭൂമിയോളം വലുപ്പമുള്ള ഗ്രഹസമൂഹങ്ങളെ ശാസ്ത്രജ്ഞർ ശ്രദ്ധിക്കുന്നുണ്ട്. ടെസ്സുൾപ്പെടെ പത്തോളം എക്സോപ്ലാനറ്റ് ദൗത്യങ്ങളും ഉപകരണങ്ങളും നാസയുടേതായി ഉണ്ട്. കെപ്ലർ, കെ2, സ്പിറ്റ്സർ, ഹബ്ബിൾ സ്പെയ്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ‘ഇത്രയും വിപുലമായ ദൗത്യം ആദ്യമാണ്. പ്രപഞ്ചത്തിൽ നമ്മൾ ഏകരാണോ എന്നറിയാനുള്ള ദൗത്യമാണിത്’– നാസ അസ്ട്രോഫിസിക്സ് ഡയറക്ടർ പോൾ ഹെർട്സ് പറഞ്ഞു.