Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിന്റെ മരണം: പിന്നിൽ ഗൂഢാലോചന, നുണപരിശോധനയ്ക്ക് തയാർ; ആർടിഎഫുകാർ

Varappuzha custodial death victim Sreejith ശ്രീജിത്ത്

കൊച്ചി∙ ശ്രീജിത്തിന്റെ കസ്റ്റഡി മർദനക്കേസിൽ തങ്ങളെ കുടുക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അറസ്റ്റിലായ ആർടിഎഫ് സ്ക്വാഡ് അംഗങ്ങൾ. മുകളിൽ എന്തെങ്കിലുമുണ്ടായാൽ താഴെയുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്നതു പൊലീസിൽ കാലങ്ങളായുള്ള സംഭവമാണ്. നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനയുൾപ്പെടെ എന്തിനും തയാറാണെന്നു മുഖ്യമന്ത്രിക്കും ഡിജിപിക്കുമയച്ച വാട്സാപ്പ് വീഡിയോ സന്ദേശത്തിൽ ആർടിഎഫ് അംഗങ്ങളായ ജിതിൻരാജ്, സുമേഷ്, സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.

വിഡിയോ സന്ദേശത്തിൽനിന്ന്: കൺട്രോൾ റൂമിൽനിന്നുള്ള നിർദേശപ്രകാരമാണ് ആറിനു വരാപ്പുഴയിലെത്തിയത്. സിഐയുടെ ഓഫിസിൽ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണു മഫ്തിയിൽ പോയത്. ചെല്ലുമ്പോൾ ശ്രീജിത്ത് വീട്ടിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. അമ്മ ഷർട്ടെടുത്തുകൊടുത്ത് ഞങ്ങളുടെ കൂടെ പറഞ്ഞുവിടുകയായിരുന്നു. സിഐ നിർദേശിച്ചതുപ്രകാരം രണ്ടു പൊലീസ് വാഹനങ്ങളെത്തി. അവരെ അതിൽ കയറ്റിവിട്ടു. ഇതിനുശേഷം ഓട്ടോറിക്ഷ വിളിച്ചു മറ്റൊരു പ്രതിയായ സുധിയുടെ വീടന്വേഷിച്ചുപോയി.

മൂന്നു ദിവസം കഴിഞ്ഞിട്ടും ശ്രീജിത്തിനു പരുക്കു പറ്റിയ വിവരം ചോദിക്കാൻ വരാപ്പുഴ സ്റ്റേഷനിലെ ആരും വിളിച്ചില്ല. വാർത്ത പുറത്തുവന്നിട്ടു പോലും വിളിയുണ്ടായില്ല. സ്റ്റേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പിടിച്ചവരോടു ചോദിക്കാറുണ്ട്. അങ്ങനെ ചെയ്യാത്തതിൽ ഇപ്പോൾ ഗൂഢാലോചന സംശയിക്കുന്നുണ്ട്.
മനുഷ്യാവകാശ കമ്മിഷനിൽ ശ്രീജിത്തിന്റെ ഭാര്യ കൊടുത്ത മൊഴിയിൽ പിറ്റേന്നു പൊലീസ് സ്റ്റേഷനിൽ ഞങ്ങളെ കണ്ടതായി മൊഴിയുണ്ട്. എന്നാൽ ഏഴിനു പുലർച്ചെ നാലോടെ ഞങ്ങൾ പെരുമ്പാവൂരിലെത്തിയിരുന്നു. ഒടുവിൽ സ്റ്റേഷനിൽ പോയത് ആറിനു രാത്രി 11നാണ്. കോൾ റെക്കോർഡ് പരിശോധിച്ചാൽ വ്യക്തമായി അറിയാം. ഈ സംഭവവുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ അന്വേഷണ സംഘം ചോദിച്ചു. അതിനെല്ലാം വ്യക്തത വരുത്തിയിട്ടുണ്ട്. ഫോൺ, ശ്രീജിത്ത് ഉൾപ്പെടെ തങ്ങൾ പിടിച്ച അഞ്ചുപേരുടെ ഫോട്ടോ എന്നിവ കൈമാറി. ഇതെല്ലാം പരിശോധിച്ചശേഷമാണ് അവർ ആദ്യ ചോദ്യം ചെയ്യലിൽ വിട്ടയച്ചത്.

ഞങ്ങളെ ടാർജറ്റ് ചെയ്യുന്ന രീതിയിലാണ് ഓരോ ദിവസവും ഓരോന്നും വരുന്നത്. ഇതിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. പൊലീസിൽ ആരുടെയും പിന്തുണ ലഭിക്കുന്നില്ല. കോടതിയാണ് ഇനി ആശ്രയം. മുകളിൽ എന്തെങ്കിലുമുണ്ടായാൽ താഴെയുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്നതു പൊലീസിൽ കാലങ്ങളായുള്ള സംഭവമാണ്. വ്യക്തമായ അന്വേഷണം നടത്തണമെന്നാണു മുഖ്യമന്ത്രിയോടും ഡിജിപിയോടുമുള്ള അപേക്ഷ. ഞങ്ങളെ കരുവാക്കി തെറ്റു ചെയ്തവർ രക്ഷപ്പെടാൻ ശ്രമിക്കുന്നു. കോൾ റെക്കോർഡ് ശാസ്ത്രീയ പരിശോധന നടത്തണം. നുണ പരിശോധന ഉൾപ്പപ്പെടെയുള്ളവയ്ക്കു തയാറാണ്.

ആത്മാർഥത കൂടിയതുകൊണ്ടാണ് ഈ ജോലി ചെയ്തത്. ജോലി ചെയ്യുമ്പോൾ ആത്മാർഥത കൂടിപ്പോയാലുണ്ടാകുന്ന പ്രതിഫലം ഇതാണ്. നോക്കിയും കണ്ടും ജോലി ചെയ്യണമെന്നാണു സഹപ്രവർത്തകൾക്കുള്ള ഉപദേശം. ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും നീതി ലഭിക്കണം.