Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യപരിശോധനയിൽ തെളിഞ്ഞു, കാണാതായ ആ യുവതി ‘ഗർഭിണി’യല്ല

Missing Case കരുനാഗപ്പള്ളിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണു പെൺകുട്ടി ഗർഭിണിയല്ലെന്നു തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിലെ പ്രസവമുറിയില്‍ നിന്നു മൂന്നു ദിവസം മുൻപു കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തിയതിനു പിന്നാലെ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. കരുനാഗപ്പള്ളിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നു തിരിച്ചറിഞ്ഞു. മൂന്നു ദിവസമായി യുവതിയെ തിരഞ്ഞ് നെട്ടോട്ടമോടിയ പൊലീസിനെയും നാട്ടുകാരെയും അമ്പരപ്പിക്കുന്നതായി കണ്ടെത്തല്‍. യുവതി നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതു ശ്രദ്ധയില്‍പെട്ട ടാക്സി ഡ്രൈവര്‍മാരാണ് ഇന്നു വൈകിട്ട് പൊലീസിനെ വിവരം അറിയിച്ചത്.

ഭര്‍ത്താവിനൊപ്പം എസ്എടി ആശുപത്രിയില്‍ എത്തിയ മടവൂര്‍ സ്വദേശിനിയായ യുവതിയെ ചൊവ്വാഴ്ചയാണു കാണാതായത്. വ്യാഴാഴ്ച കരുനാഗപ്പള്ളിയി  അവശനിലയില്‍ അലഞ്ഞുതിരിയുകയായിരുന്ന യുവതിയെ കണ്ടു സംശയിച്ച ടാക്സി ഡ്രൈവര്‍മാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ കരുനാഗപ്പള്ളി സർക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നു തെളിഞ്ഞതായി കരുനാഗപ്പള്ളി എസ്ഐ ഉമര്‍ ഫറൂഖ് പറഞ്ഞു.  

യുവതി ചെങ്ങന്നൂരിലെത്തിയതായി ഇന്നു രാവിലെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇന്നലെ വെല്ലൂരുണ്ടെന്നും സൂചന ലഭിച്ചിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണു യുവതിയെ കാണാതായതെന്നു ബന്ധുക്കള്‍ ആരോപിച്ചതോടെ സംഭവം ചൂടുപിടിച്ചു. യുവതി ഗര്‍ഭിണിയായി അഭിനയിച്ചതെന്തിനെന്നും വീട്ടുകാരെ ഉപേക്ഷിച്ചു പോയതെന്തിനാണെന്നും ഇപ്പോഴും വ്യക്തമല്ല. ഭര്‍ത്താവും കുടുംബവും എന്തുകൊണ്ട് ഇക്കാര്യം മറച്ചുവച്ചു എന്നതടക്കം അന്വേഷണം തുടരുകയാണ്.