Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ ഇവിടെയുണ്ട് തൃശൂരിൽ ആ ‘വവ്വാൽ ഫൊട്ടോഗ്രഫർ’ - വിഡിയോ

സന്തോഷ് ജോൺ തൂവൽ
Author Details
special-wedding-photo 1. വിഷ്ണു മരത്തിൽ തലകീഴായി കിടന്നു ചിത്രം പകർത്തുന്നു. 2. പകർത്തിയ ചിത്രം.

തൃശൂർ∙ ലോക ഫൊട്ടോഗ്രഫിക്ക് തൃത്തല്ലൂരുകാരൻ വിഷ്ണുവിന്റെ സംഭാവന: വവ്വാൽ ക്ലിക്. അതു സമൂഹമാധ്യമങ്ങളിലും ക്ലിക്!.

ആൽബത്തിലുപയോഗിക്കാൻ ചെക്കന്റെയും പെണ്ണിന്റെയും വേറിട്ട ചിത്രം വേണം. ഇതായിരുന്നു മരത്തിൽ അള്ളിപ്പിടിച്ചു കയറുമ്പോൾ തൃത്തല്ലൂർ വൈറ്റ് റാംപ് സ്റ്റുഡിയോയിലെ വിഷ്ണുവിന്റെ ലക്ഷ്യം. അക്വേഷ്യ മരത്തിൽ കയറി ചില്ലയിൽ കാലുകൾ കുടുക്കി തലകീഴായിക്കിടന്ന് വധൂവരന്മാരുടെ ചിത്രം പകർത്തി വിഷ്ണു. ഒരു തകർപ്പൻ ‘ക്രെയിൻ ഷോട്ട്’! എന്നിട്ടു വരന്റെ കയ്യിലേക്കു ക്യാമറ കൊടുത്തിട്ട് താഴേക്കൊരു ചാട്ടം. 

special-photo-bat-photographer മനോരമയ്ക്കു വേണ്ടി വിഷ്ണു വീണ്ടും മരത്തിൽ വവ്വാൽ ക്ലിക്കിനായി കയറിയപ്പോൾ.

വിഷ്ണു തലകീഴായിക്കിടന്നു പടമെടുക്കുന്നതു കണ്ടപ്പോൾ അടുത്തുനിന്നവരൊക്കെ ‘ഫൊട്ടോഗ്രഫർ’മാരായി. മൊബൈലിൽ ആ ദൃശ്യം പകർത്തി ഫെയ്സ്ബുക്കിലും വാട്സാപ്പിലുമിട്ടു. 

ഒരു ചിത്രമെടുക്കാൻ ഇത്രയും പാടുപെടാൻ തയ്യാറായ ഫൊട്ടോഗ്രഫറുടെ   ആത്മാർഥതയ്ക്ക് നവമാധ്യമങ്ങൾ ‘കയ്യടി സ്മൈലി’ അയച്ചു. അങ്ങനെ, തൃശൂർ തൃത്തല്ലൂരിലെ ഒരു സാധാരണ പയ്യൻ പ്രശസ്തനായി.

photographer-vishnu വിഷ്ണു

ഇരുപത്തിമൂന്നുകാരനായ വിഷ്ണുവിനു  വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാൻസ് സ്റ്റുഡിയോ കൂട്ടായ്മയിലാണു ജോലി.

വിവാഹങ്ങളുടേയും വിരുന്നുകളുടേയും ഫൊട്ടോയെടുക്കുമ്പോൾ പലപ്പോഴും ഇങ്ങനെ മരത്തിൽ കയറിയിട്ടുണ്ട്. ഹെലിക്യാം ഇറങ്ങിയ ഈ കാലത്ത് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നതെന്നു ചിലർ വിമർശിച്ചു.  ഹെലിക്യാം ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോ എടുക്കുമ്പോൾ വേണ്ടത്ര ‘പെർഫെക്‌ഷൻ’ കിട്ടില്ലെന്നാണിതിനു വിഷ്ണുവിന്റെ മറുപടി.

ടൈൽ പണിക്കാരനായ രവീന്ദ്രന്റെ മകൻ വിഷ്ണു പ്ലസ്ടു കഴിഞ്ഞപ്പോൾ ഇലക്ട്രോണിക്സ് ഡിപ്ലോമയാണ് പഠിച്ചത്. ഫൊട്ടോഗ്രഫിയിലേക്കു പിന്നീടു മാറുകയായിരുന്നു. അമ്മ മണി തയ്യൽ ടീച്ചറാണ്.  

വിഷ്ണുവിന്റെ സാഹസിക പ്രകടനത്തിലൂടെ നാലാളറിയാൻ നവദമ്പതികൾക്കും ഭാഗ്യംകിട്ടി. ദുബായിൽ മെയിൽ നഴ്സായ തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഷെയ്സ് റോബർട്ടാണ് വരൻ. വധു നവ്യ എം.കോം വിദ്യാർഥിനിയും.

വിഡിയോ വൈറലായ ശേഷം വീട്ടുകാർ വിഷ്ണുവിനെ നന്നായി ഉപദേശിച്ചു. ഇനി മരത്തിൽ കയറി സാഹസം കാട്ടരുത്.  വല്ലതും പറ്റിയാലോ? മാങ്ങയും പേരയ്ക്കയും പറിക്കാൻ ചെറുപ്പം മുതൽ മരത്തിൽ കയറി കാട്ടിയിട്ടുള്ള അഭ്യാസങ്ങൾക്കു മുന്നിൽ ‘ഇത് ചെറുത്..’ എന്നാണു  വിഷ്ണുവിന്റെ ‘കമന്റ് ’