Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനം രാജേന്ദ്രൻ ദേശീയ ജനറൽ സെക്രട്ടറി പദത്തിലേക്ക്?; കരുത്തുമായി കേരള ഘടകം

എ.എസ്. ഉല്ലാസ്
kanam-rajendran കാനം രാജേന്ദ്രൻ (ഫയൽ ചിത്രം)

കോട്ടയം∙ ഹൈദരാബാദിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ കോൺഗ്രസുമായി ചേരണോ വേണ്ടയോ എന്ന നയത്തിൽ ചർച്ച കടുക്കുന്നതെങ്കിൽ സിപിഐയുടെ കൊല്ലത്തു 25നു തുടങ്ങുന്ന പാർട്ടി കോൺഗ്രസിൽ ചർച്ച മറ്റൊന്നാണ്. സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു കാനം രാജേന്ദ്രൻ വരുമോ എന്നതാണു ചർച്ച. നിലവിലെ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ചുമതലയൊഴിയുകയാണ്. കഴിഞ്ഞ പ്രാവശ്യം തന്നെ അനാരോഗ്യം മൂലം അദ്ദേഹം സ്ഥാനമൊഴിയാൻ തീരുമാനിച്ചെങ്കിലും പാർട്ടി നിർദേശിച്ച പ്രകാരം തുടർന്നതാണ്. ഇൗ പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കും.

ഇന്ത്യയിൽ ഏറ്റവും ശക്തി സിപിഐയ്ക്കുള്ളതു കേരളത്തിലാണ്. കേരളത്തിൽ പാർട്ടിക്ക് ഉണർവു നൽകിയ കാനം രാജേന്ദ്രൻ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നു എന്നതാണു നിലവിൽ സിപിഐയിൽ ചൂടേറുന്ന ചർച്ച. ഡി.രാജയാണു ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവ്. പക്ഷേ, ഏറ്റവും കൂടുതൽ അംഗത്വമുള്ള കേരളത്തിൽനിന്നു പാർട്ടിയെ നയിക്കാൻ നേതാവ് ചെല്ലണമെന്നു േദശീയതലത്തിൽ ധാരണയുണ്ടായാൽ സംശയിക്കേണ്ട കാനം രാജേന്ദ്രൻ ദേശീയ ജനറൽ സെക്രട്ടറി പദത്തിലെത്തും. സ്ഥാനമൊഴിയുന്ന സുധാകർ റെഡ്ഡിയും നിർദേശിക്കുന്ന പേര് കാനം രാജന്ദ്രന്റെതാണ്. അതും കാനത്തിനു വഴിയൊരുക്കുന്ന ഘടകമാണ്.

കാനം രാജേന്ദ്രൻ എങ്ങനെ ദേശീയ രാഷ്ട്രീയത്തിലേക്കു പെട്ടെന്നു ചെല്ലുമെന്ന സംശയത്തിനും കേരള നേതൃത്വത്തിന്റെ മനസിൽ മറുപടിയുണ്ട്. ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കു കേരളത്തിലെ ഇടതുമുന്നണിക്കു രണ്ടു പേരെ തിരഞ്ഞെടുത്ത് അയയ്ക്കാം. അതിൽ ഒന്ന് സിപിഐയ്ക്കും ഒന്നു സിപിഎമ്മിനുമാണ്. കാനം രാജേന്ദ്രന്റെ പേരാണ് ഇപ്പോൾ രാജ്യസഭയിലേക്കു പറഞ്ഞു കേൾക്കുന്നതും.

സിപിഐയുടെ സംഘടനാ വ്യവസ്ഥ പ്രകാരം ദേശീയ തലത്തിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായ ‘സെൻട്രൽ സെക്രട്ടറിയേറ്റിൽ’ അംഗമായവർക്കു മാത്രമേ ജനറൽ സെക്രട്ടറി പദത്തിലെത്താൻ കഴിയു. കേരളത്തിൽനിന്നു രണ്ടു പേരാണു സെൻട്രൽ സെക്രട്ടറിയേറ്റിലുള്ളു. കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും. സിപിഐയുടെ നാഷണൽ കൗൺസിലിലും കേരളത്തിനാണു ബലം. 23–ാം പാർട്ടി കോൺഗ്രസ് 25നു കൊല്ലത്തു ചേരുമ്പോൾ പ്രധാനചോദ്യം ഉയരുന്നു, കാനം രാജേന്ദ്രൻ ദേശീയ ജനറൽ സെക്രട്ടറി പദത്തിലേക്കു നടക്കുകയാണോ? കരുത്തിന്റെ പ്രതീക്ഷയോടെ കേരളഘടകവും കാത്തിരിക്കുകയാണ്.

related stories