Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിയാരത്ത് മെറിറ്റ് സീറ്റിലും സ്വാശ്രയ ഫീസ്; വിദ്യാർഥികൾ പ്രതിസന്ധിയിൽ

Pariyaram-medical-college

പരിയാരം ∙ സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപിച്ച പരിയാരം മെഡിക്കൽ കോളജിൽ മെറിറ്റ് സീറ്റിലെ എംബിബിഎസ് വിദ്യാർഥികളും സ്വാശ്രയ സീറ്റിലെ നിരക്കിൽ ഫീസ് അടയ്ക്കണമെന്നു കോളജ് അധികൃതർ. സർക്കാർ നിശ്ചയിച്ച ഫീസായ 2.5 ലക്ഷം രൂപയ്ക്കു പുറമേ ഇനി 2.35 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നാണ് ഉത്തരവ്. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ സർക്കാർ സീറ്റിലും മാനേജ്മെന്റ് സീറ്റിലും ഫീസ് ഏകീകരിക്കണമെന്ന രാജേന്ദ്രബാബു കമ്മിറ്റി ശുപാർശ പ്രകാരമാണു നടപടിയെന്നു മാനേജ്മെന്റ് പറയുന്നു.

ഇതോടെ, സർക്കാർ ക്വോട്ടയിൽ പ്രവേശനം നേടിയ നിർധന വിദ്യാർഥികൾ പ്രതിസന്ധിയിലായി. 2.35 ലക്ഷം അടച്ചില്ലെങ്കിൽ കോളജിൽ നിന്നു പുറത്താക്കുമെന്നു വിദ്യാർഥികൾക്കു നോട്ടിസ് നൽകിയിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളജുകൾക്കു പുറത്ത്, മെറിറ്റ് സീറ്റിൽ ഏറ്റവും കുറവു ഫീസ് വാങ്ങിയിരുന്നതു പരിയാരം മെഡിക്കൽ കോളജിലായിരുന്നു. മറ്റു സ്വാശ്രയ മെഡിക്കൽ കോളജുകൾ സർക്കാർ സീറ്റുകളിലും ഉയർന്ന ഫീസ് വാങ്ങുന്നതിനാൽ, റാങ്ക് ലിസ്റ്റിൽ മുമ്പിലെത്തുന്ന കുട്ടികളിൽ സാമ്പത്തിക ശേഷി കുറഞ്ഞവർ ഗവ. മെഡിക്കൽ കോളജുകൾ കഴിഞ്ഞാൽ പരിയാരത്തിനാണു മുൻഗണന നൽകുക. അങ്ങനെ, ചെറിയ ഫീസിൽ പഠിക്കാമെന്ന ധൈര്യത്തിൽ പരിയാരത്തു ചേർന്നവർ ഉടൻ വൻതുക സംഘടിപ്പിക്കേണ്ട സ്ഥിതിയിലാണ്.

കഴിഞ്ഞ അധ്യയന വർഷം എംബിബിഎസിനു ചേർന്ന് ഒരു വർഷത്തെ പഠനം പൂർത്തിയാകാറായ വിദ്യാർഥികളാണ് അധിക ഫീസ് നൽകേണ്ടി വരിക. കഴിഞ്ഞ അധ്യയന വർഷം പരിയാരത്തു സർക്കാർ ക്വോട്ടയിൽ എംബിബിഎസിൽ പ്രതിവർഷം 2.5 ലക്ഷം രൂപയാണു നിശ്ചയിച്ചത്. മാനേജ്മെന്റ് ക്വോട്ടയിൽ 10 ലക്ഷവും. അതിനെതിരെ മാനേജ്മെന്റ് ക്വോട്ടയിലെ വിദ്യാർ‌ഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്നു മാനേജ്മെന്റ് സീറ്റിലെ ഫീസ് 4.85 ലക്ഷമായി കുറച്ചു. അതിനെ തുടർന്നാണ്, എൻആർഐ ക്വോട്ട ഒഴികെ മുഴുവൻ സീറ്റിലും ഫീസ് 4.85 ലക്ഷമായി ഏകീകരിക്കുന്നത്.

സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി തന്നെയാണ് ഇപ്പോഴും പരിയാരം മെഡിക്കൽ കോളജ് ഭരിക്കുന്നത്. സർക്കാർ ഏറ്റെടുത്ത് ഓർഡിനൻസ് ഇറക്കിയെങ്കിലും ഭരണസമിതി അധികാരമൊഴിഞ്ഞിട്ടില്ല.