Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേളാങ്കണ്ണി തീർഥാടകർക്കു പ്രയോജനമായി പുതിയ ട്രെയിൻ; സ്പെഷൽ ട്രെയിൻ സാധ്യതയും ആരായും

Train

കൊച്ചി∙ പുതിയ എറണാകുളം - വേളാങ്കണി ട്രെയിൻ കേരളത്തിലെ അഞ്ചു ജില്ലകളിൽ നിന്നുള്ള തീർഥാടകർക്കു പ്രയോജനം ചെയ്യും. കൊല്ലം-ചെങ്കോട്ട പാതയിലെ പുതിയ സർവീസുകളുമായി ബന്ധപ്പെട്ടു ഇന്നലെ മധുരയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയും റെയിൽവേ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന യോഗത്തിലാണു പുതിയ ട്രെയിനോടിക്കാൻ ധാരണയായത്. തിരുവനന്തപുരം, തിരുച്ചിറപ്പള്ളി റെയിൽവേ ഡിവിഷനുകളുടെ അനുമതി ലഭിച്ചാൽ സർവീസ് ആരംഭിക്കാൻ കഴിയും. സ്ഥിരം സർവീസിനു മുന്നോടിയായി സ്പെഷൽ ട്രെയിൻ ഒാടിക്കാനുളള സാധ്യത റെയിൽവേ ആരായും.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ തമിഴ്നാട്ടിൽ വിവിധ സ്ഥലങ്ങളിലുണ്ടായ റോഡപകടങ്ങളിൽ കേരളത്തിൽനിന്നുള്ള 39 വേളാങ്കണി തീർഥാടകരുടെ ജീവൻ നഷ്ടമായതാണു കണക്കുകൾ. തമിഴ്നാട്ടിലെ മികച്ച റോഡും കേരളത്തിൽനിന്നുള്ള വാഹനങ്ങളുടെ അമിത വേഗവുമാണു പലപ്പോഴും അപകടത്തിനു കാരണം. വേളാങ്കണ്ണിയിൽ എത്തിയാൽ അന്നു തന്നെ തീർഥാടക സംഘങ്ങൾ കേരളത്തിലേക്കു മടങ്ങുന്നതും ഡ്രൈവർമാർ ഉറങ്ങിയുണ്ടാകുന്ന അപകടങ്ങൾക്കു കാരണമാകുന്നു. കേരളത്തിൽനിന്നു ആവശ്യത്തിനു ട്രെയിനില്ലാത്തതാണു തീർഥാടകർ കൂടുതലും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ ഇടയാക്കുന്നത്. എറണാകുളത്തുനിന്നുള്ള കാരൈക്കൽ ട്രെയിൻ മാത്രമാണു ഈ റൂട്ടിലുള്ള കേരളത്തിൽനിന്നുള്ള പ്രതിദിന സർവീസ്. 17 കോച്ചുകൾ മാത്രമുള്ള ട്രെയിനാണിത്. സാങ്കേതിക കാരണങ്ങളാൽ ഈ ട്രെയിനിൽ കോച്ചുകൾ കൂട്ടാൻ കഴിയില്ല.

വേളാങ്കണ്ണി റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നെങ്കിലും കേരളത്തിൽനിന്നു ഇതുവരെ പ്രതിദിന സർവീസുകളൊന്നും ആരംഭിച്ചിട്ടില്ല. ചെങ്കോട്ട പാത തുറന്നതോടെ മീറ്റർ ഗേജ് കാലത്തുണ്ടായിരുന്ന കൊല്ലം-നാഗൂർ ട്രെയിൻ പുനസ്ഥാപിക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ കൊല്ലത്തും വേളാങ്കണിയിലും ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ ഇത് എളുപ്പമായിരുന്നില്ല. എറണാകുളത്തു മൂന്നാം പിറ്റ്‌ലൈന്റെ നിർമാണം അടുത്ത മാസം പൂർത്തിയാകുന്നതോടെ ഈ പ്രശ്നത്തിനു പരിഹാരമാകും.

എറണാകുളത്തുനിന്നു കോട്ടയം, കൊല്ലം വഴിയുള്ള സർവീസായതിനാൽ എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നുള്ള തീർഥാടകർക്കു ട്രെയിൻ പ്രയോജനപ്പെടും. ഇപ്പോൾ എറണാകുളത്തുനിന്നു കോട്ടയം വഴി കൊല്ലത്തേക്കു രാത്രി 7.05ന് പാലരുവി എക്സ്പ്രസ് പോയി കഴിഞ്ഞാൽ രാത്രി 11.40നുള്ള മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസാണു അടുത്ത പ്രതിദിന ട്രെയിൻ. നാലര മണിക്കൂറോളമാണു ഈ റൂട്ടിൽ പ്രതിദിന ട്രെയിനില്ലാത്തത്. പുനലൂർ ചെങ്കോട്ട ഗാട്ട് സെക്‌ഷനായതിനാൽ തുടക്കത്തൽ 16 കോച്ചുകളായിരിക്കും പുതിയ വേളാങ്കണി ട്രെയിനിലുണ്ടാകുക. 24 കോച്ചുകളാക്കണമെങ്കിൽ എട്ട് കോച്ചുകൾ ചെങ്കോട്ടയിൽനിന്നു ഘടിപ്പിക്കേണ്ടി വരും.

പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് തിരുനെൽവേലിക്കു നീട്ടാനും കൊല്ലം പുനലൂർ റൂട്ടിലോടുന്ന രണ്ടു പാസഞ്ചർ ട്രെയിനുകൾ തെങ്കാശി വരെ നീട്ടാനും ധാരണയായിട്ടുണ്ട്. പാലരുവി എക്സ്പ്രസ് തൂത്തുകുടി വരെ സർവീസ് നടത്തണമെന്ന ആവശ്യം ശക്തമാണ്. കൊച്ചി - തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന സർവീസ് എന്ന നിലയിലാണു അവിടേക്കു ട്രെയിൻ നീട്ടണമെന്നു യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. പാസഞ്ചർ ട്രെയിനുകൾ തെങ്കാശിക്കു പകരം മധുര, തിരുനെൽവേലി എന്നിവടങ്ങളിലേക്കു നീട്ടണമെന്നാണു യാത്രക്കാരുടെ ആഗ്രഹം. മധുര ഡിവിഷനാണു ഇതു സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത്. ഗുരുവായൂർ ഇടമൺ പാസഞ്ചർ രാമേശ്വരത്തേക്കു നീട്ടാമെങ്കിലും മധുര ഡിവിഷൻ അതിനു തയാറായിട്ടില്ല. പാലക്കാട് പൊള്ളാച്ചി പാതയിലൂടെ സർവീസ് നടത്തുന്ന കോയമ്പത്തൂർ-ചെങ്കോട്ട ട്രെയിൻ കൊല്ലം വരെ നീട്ടാനും സമർദമുണ്ട്. കൊല്ലത്തു നിന്നു പഴനിയിലേക്കു പോകുന്ന തീർഥാടകർക്കു ഈ ട്രെയിൻ സഹായകമാകും.