Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 വർഷം, വരാപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 78 ആത്മഹത്യകൾ; അസാധാരണമെന്ന് റിപ്പോർട്ട്

Suicide

കൊച്ചി ∙ വരാപ്പുഴ കസ്റ്റഡി മരണക്കേസിനു വഴിയൊരുക്കിയ ദേവസ്വംപാടം കുളമ്പുകണ്ടം വാസുദേവൻ (55) ആത്മഹത്യ ചെയ്ത സംഭവത്തിൽ സാമൂഹികക്ഷേമ വകുപ്പും അന്വേഷണം തുടങ്ങി. വരാപ്പുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അഞ്ചു വർഷത്തിനിടയിൽ 78 പേർ ആത്മഹത്യ ചെയ്ത അസാധാരണ സാഹചര്യമാണ് പരിശോധിക്കുന്നത്. പൊലീസിൽ റിപ്പോർട്ടു ചെയ്യാത്ത 15 ആത്മഹത്യകളും ഇക്കാലയളവിലുണ്ടായെന്നാണ് അനൗദ്യോഗിക വിവരം. കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ടു ചെയ്തതു വാസുദേവൻ താമസിച്ചിരുന്ന ദേവസ്വംപാടത്തും സമീപ പ്രദേശത്തുമാണെന്ന പ്രത്യേകതയുമുണ്ട്.

2013–’17 കാലയളവിൽ ഇവിടെ 72 പേർ ആത്മഹത്യ ചെയ്തു. ഇതിൽ 20 പേർ സ്ത്രീകളാണ്. 15 മുതൽ 65 വരെ വയസ്സുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ചെറിയ പ്രദേശത്തു മാത്രം ഇത്രയും അധികം പേർ ആത്മഹത്യ ചെയ്യാൻ വഴിയൊരുക്കിയ സാമൂഹിക സാഹചര്യം സംബന്ധിച്ച് ഇതുവരെ ആഴത്തിലുള്ള പഠനങ്ങളൊന്നും സാമൂഹികക്ഷേമ വകുപ്പോ സന്നദ്ധസംഘടനകളോ സ്വകാര്യ ഏജൻസികളോ നടത്തിയിട്ടില്ല. ദേവസ്വംപാടം സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തോടെയാണ് ഇതിനു വഴിയൊരുക്കിയ വാസുദേവന്റെ ആത്മഹത്യയും ചർച്ചാ വിഷയമായത്.

വാസുദേവന്റെ സഹോദരൻ ദിവാകരനും അയൽവാസിയായ സുമേഷും തമ്മിലുള്ള അടിപിടിയും വീടുകയറിയുള്ള അക്രമണവുമാണു വാസുദേവന്റെ ആത്മഹത്യയ്ക്കു പ്രേരണയായി പൊലീസ് ആദ്യം കണക്കാക്കിയത്. എന്നാൽ ശ്രീജിത്ത് അടക്കം അറസ്റ്റിലായ പ്രതികളുടെ പേരിലുള്ള ആത്മഹത്യാ പ്രേരണക്കുറ്റം തുടരന്വേഷണത്തിൽ പൊലീസ് ഒഴിവാക്കി. ഇതോടെ വാസുദേവന്റെ ആത്മഹത്യയുടെ യഥാർഥ കാരണം ഇപ്പോഴും ഇരുട്ടിലാണ്.

ഈ അന്വേഷണത്തിനിടയിലാണു ദേവസ്വംപാടം പ്രദേശത്തെ അസാധാരണമായ ആത്മഹത്യാനിരക്ക് സർക്കാർ ഏജൻസികളുടെ ശ്രദ്ധയിൽപെട്ടത്. കുറ്റകൃത്യങ്ങളുടെ പതിവു വാർഷിക റിപ്പോർട്ടുകളുടെ കൂട്ടത്തിൽ അല്ലാതെ ഇതുസംബന്ധിച്ച പ്രത്യേക റിപ്പോർട്ടുകൾ ഒന്നും ഇതുവരെ വരാപ്പുഴ പൊലീസും സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ല. 

വരാപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2013– 2017 വർഷങ്ങളിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം:

വർഷം    ആത്മഹത്യ*     പുരുഷന്മാർ    സ്ത്രീകൾ     (പ്രായപരിധി)
2013            11                    7                 4              (18–56)
2014            17                   13                 4              (33–55)
2015            6                     4                  2              (21–48)
2016           15                   10                  5              (15–54)
2017           23                   18                  5              (26–65)

* പട്ടികയിൽ പറയുന്നത് പൊലീസ് റിപ്പോർട്ടു ചെയ്ത ആത്മഹത്യകൾ മാത്രം.