Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠ്‌വ പ്രതിഷേധം: കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ നിരോധനാജ്ഞയിൽ ഇളവ്

Malappuram-Police-Security Representative Image

കോഴിക്കോട്∙ കഠ്‌വ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു സാമുദായിക സമാധാനം തകർക്കാനുള്ള ശ്രമം നടക്കുന്നുവെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ‍ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇന്നു മുതൽ ഇളവ്. പൊലീസ് ആക്ടിലെ 78, 79 വകുപ്പുകൾ പ്രകാരം പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ച ഉത്തരവാണ് പരിഷ്കരിച്ചിരിക്കുന്നത്.

പൊലീസ് ആക്ട് 79ാം വകുപ്പിലെ ഉപവകുപ്പ് ഒന്നു പ്രകാരമാണ് ഇളവ്. പൊലീസിന്റെ അനുമതിയോടെ സിറ്റി പൊലീസ് പരിധിയിൽ പ്രകടനങ്ങൾ, പൊതുസമ്മേളനങ്ങൾ, റാലികൾ, മാർച്ച് തുടങ്ങിയവ നടത്താം. ഇവ നടത്തുന്ന വ്യക്തികളോ സംഘടനകളോ ഇതു നടത്തുന്നതിന് അതാതു സബ് ഡിവിഷനൽ പൊലീസ് ഓഫിസർമാർക്ക് കുറഞ്ഞത് ഒരാഴ്ച മുൻപെങ്കിലും പരിപാടിയുടെ ഉദ്ദേശലക്ഷ്യം, പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണം, സ്ഥലം, സമയം, റൂട്ട് തുടങ്ങി മുഴുവൻ വിവരങ്ങളും ചൂണ്ടിക്കാട്ടി അപേക്ഷ നൽകണം. 14 ദിവസത്തേക്കാണ് ഈ ഉത്തരവിനു പ്രാബല്യം.

സാമുദായിക സംഘർഷനിലയിൽ അയവു വന്നതായും ക്രമസമാധാനനില പൂർവ സ്ഥിതി പ്രാപിച്ചതായും സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സിറ്റി പരിധിയിലെ പ്രത്യേക രാഷ്ട്രീയ സാമുദായിക സാഹചര്യം കണക്കിലെടുത്തും ഫീൽഡ് ലെവൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അനുസരിച്ചും നിരോധനാജ്ഞ പൂർണമായും പിൻവലിക്കേണ്ടെന്ന നിഗമനത്തിൽ സിറ്റി പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ എത്തിച്ചേരുകയായിരുന്നു.

related stories