Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാധ്യകാര്യങ്ങളുടെ തമ്പുരാക്കന്മാർ; ‘അനുസരിക്കുന്ന കാരാട്ട്’

Prakash Karat പ്രകാശ് കാരാട്ട്

പി.വി.നരസിംഹ റാവുവിന്റെ ഭരണപരിഷ്കാരമായിരുന്നു രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ കൊണാട്ട് സർക്കസിന്റെ പേര് രാജീവ് ചൗക്ക് എന്നാക്കിയത്. അതേക്കുറിച്ചു കഴിഞ്ഞ ദിവസം അന്തരിച്ച ഷേണായി സാർ (ടി.വി.ആർ. ഷേണായ്) ഒരിക്കല്‍ പറഞ്ഞത് ഗണിതശാസ്ത്രജ്ഞർക്ക് അസാധ്യമായത് റാവുവിനു സാധിച്ചുവെന്നാണ് – വൃത്തത്തെ ചതുരമാക്കുക! സർക്കസിനെ ചൗക്കാക്കിയ ആ നരസിംഹ റാവുവിന്റെ സ്വന്തം തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലും അസാധ്യമായൊരു കാര്യം കഴിഞ്ഞ ദിവസം സംഭവിച്ചു. സിപിഎമ്മിലെ ഭൂരിപക്ഷ നിലപാടിനെ ന്യൂനപക്ഷ നിലപാടാക്കി മാറ്റാൻ പ്രകാശ് കാരാട്ടിനു സാധിച്ചു.

പാർട്ടി കോൺഗ്രസിൽ കരടു രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചപ്പോൾ കാരാട്ട് പറഞ്ഞത് ഇത് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച ഭൂരിപക്ഷ രേഖയാണെന്നാണ്. അതിലെ പൂർ‍ണമായ കോൺഗ്രസ് വിരോധത്തിന്റേതായ രണ്ടു ഖണ്ഡികളോടു മാത്രം വിയോജിച്ച ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ന്യൂനപക്ഷ നിലപാട് അവതരിപ്പിച്ചു. കാരാട്ട് അവതരിപ്പിച്ചത് കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷ നിലപാടാകാം, പാർട്ടിയിലെ ഭൂരിപക്ഷ നിലപാട് എന്നതിന് അർഥമില്ലെന്നുകൂടി അദ്ദേഹം പറഞ്ഞു. അതു ശരിയാണെന്നു കഴിഞ്ഞ ദിവസം തെളിഞ്ഞു.
കരട് പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് അവതാരകൻ മറുപടി പറയണമെന്നാണ്. യച്ചൂരിയെയും അവതാരകനായി പരിഗണിക്കണമോ, കാരാട്ട് മാത്രമല്ലേ അവതാരകൻ എന്നൊരു തർക്ക–ചർച്ച കഴിഞ്ഞ ദിവസം ഉച്ചസമയത്ത് ഉണ്ടായിരുന്നു (ഇന്നലെ ഹൈദരാബാദിലെ ചൂട് 40 ഡിഗ്രി).

യച്ചൂരിയുടെ മറുപടി വേണ്ടെന്നതിനു കാരാട്ട് പറഞ്ഞ കാരണം, താൻ മാത്രമാണു രേഖ അവതരിപ്പിച്ചത്, യച്ചൂരി നിലപാട് പറഞ്ഞതേയുള്ളുവെന്നാണ്. കടലാസുണ്ടെങ്കിലേ കാര്യമുള്ളൂ എന്ന ഈ യുക്തി കാരാട്ടിൽനിന്നു കേട്ടപ്പോൾ അമ്പരപ്പാണു തോന്നിയത്. കാരണം, കാരാട്ട് ഇങ്ങനെയല്ലായിരുന്നു. തെളിഞ്ഞ ചിന്തയും യുക്തിഭദ്രതയും ഉള്ളയാളായിരുന്നു. പൂർണവാചകത്തിൽ‍, കുത്തും കോമയുംകൂടി തോന്നിപ്പിച്ച് സംസാരിക്കാൻ കഴിവുള്ളയാൾ (അത്തരമൊരാളായിരുന്നു അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത). ആ സംസാരം കാഴ്ചപ്പാടിലെ വ്യക്തതയ്ക്കു തെളിവായിരുന്നു.

കഴിഞ്ഞ ദിവസം രഹസ്യ വോട്ടെടുപ്പിനെച്ചൊല്ലിയുള്ള തർക്കത്തെക്കുറിച്ചു പത്രസമ്മേളനത്തിൽ ചോദിച്ചപ്പോഴും കാരാട്ടിനു നിരക്കാത്ത മറുപടിയാണ് അദ്ദേഹം നൽകിയത്. ഭരണഘടനയിൽ രഹസ്യ വോട്ടെടുപ്പു പറയുന്നില്ലെന്നതുൾപ്പെടെ. ‘കാരാട്ടല്ലാത്ത’ രീതിയിൽ കാരാട്ട് അടുത്തകാലത്തു പറഞ്ഞൊരു കാര്യം യച്ചൂരി കൊൽക്കത്ത കേന്ദ്ര കമ്മിറ്റിയിൽവച്ച് രാജി സന്നദ്ധത അറിയിച്ചില്ല എന്നതാണ്. രാജിസന്നദ്ധത സംബന്ധിച്ച വാർത്തകൾ യച്ചൂരി നിഷേധിക്കാതിരിക്കുകയും, എന്തുകൊണ്ട് യച്ചൂരിയുടെ താൽപര്യം കേന്ദ്ര കമ്മിറ്റി തള്ളിക്കളഞ്ഞുവെന്ന് എസ്.രാമചന്ദ്രൻ പിള്ള പറയുകയും ചെയ്ത ശേഷമായിരുന്നു കാരാട്ടിന്റെ വാസ്തവിരുദ്ധമായ പ്രസ്താവന.

മറ്റേതോ സൂര്യന്റെ ഭ്രമണപഥത്തിലെന്നപോലെ കാരാട്ട് പെരുമാറുന്നത് എന്തുകൊണ്ടാണ്? ഏതോക്കെയോ ബാഹ്യശക്തികളുടെ സമ്മർദത്തിനു വഴിപ്പെടുന്നതുപോലെ!വിശാഖപട്ടണത്ത്, 21ാം പാർട്ടി കോൺഗ്രസിന്റെ സമാപനത്തലേന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു രണ്ടു പേരുകളുണ്ടെന്ന് – യച്ചൂരിയും എസ്ആർപിയും – കാരാട്ട് പറഞ്ഞതും അന്നത്തെ ജനറൽ സെക്രട്ടറിയുടെ സ്വതന്ത്ര നിലപാടല്ലെന്നു പറയാൻ പല കാരണങ്ങളുമുണ്ട്, പദവിക്ക് അർഹൻ യച്ചൂരി തന്നെയെന്ന അഭിപ്രായം ചിലരോടു പങ്കുവച്ചതുൾപ്പെടെ. ഭാഷയുൾപ്പെടെയുള്ള പ്രശ്നങ്ങളാൽ, പദവി തനിക്കു പറ്റിയതല്ലെന്ന് എസ്ആർപിക്കും ആദ്യം വ്യക്തതയുണ്ടായിരുന്നു.

ശരിയാണ്, കാരാട്ട് അവതരിപ്പിച്ച കരട് ഭൂരിപക്ഷ രേഖയിൽ പറയുന്ന കോൺഗ്രസ് വിരുദ്ധത പാർട്ടിയുടെ ഒരുതരം തത്വാധിഷ്ഠിത നിലപാടാണ്. സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിലയിരുത്തൽ നടത്തുന്ന പാർട്ടിയാണ്, മാറ്റം മാത്രമാണ് സ്ഥായിയായത് എന്നു കരുതുന്നവർ. ആ പാർട്ടിയിലെ ഒരു വിഭാഗത്തിന് ഇപ്പോഴത്തെ രാജ്യസാഹചര്യം വേണ്ടരീതിയിൽ വിലയിരുത്താനാവുന്നില്ലെന്നു വിശ്വസിക്കുക എളുപ്പമല്ല; കാരാട്ടിനു പൂർണ വിശ്വാസമുള്ള വിലയിരുത്തലും സമീപനതന്ത്രവുമാണ് അദ്ദേഹം അവതരിപ്പിച്ചതെന്നും. അസാധ്യമായ കാര്യം കാരാട്ടിനെക്കൊണ്ട് അവർ ചെയ്യിച്ചു. അങ്ങനെ ഭൂരിപക്ഷ രേഖ, ന്യൂനപക്ഷ നിലപാടിനു വഴിമാറി, ന്യൂനപക്ഷ രേഖയായി മാറി.