Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യച്ചൂരി ലൈന്‍ സ്വീകരിച്ചിട്ടില്ലെന്ന് വൃന്ദാ കാരാട്ട്; പ്രസ്താവന തള്ളി ബംഗാൾ ഘടകം

brinda-karat ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ വൃന്ദാ കാരാട്ട്. ചിത്രം: മനോജ് ചേമഞ്ചേരി

ഹൈദരാബാദ്∙ യച്ചൂരി ലൈന്‍ പാർട്ടി സ്വീകരിച്ചിട്ടില്ലെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവന തള്ളി സിപിഎം ബംഗാൾ ഘടകം. കോൺഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു തീരുമാനിച്ചിട്ടില്ലെന്നു പിബി അംഗം മുഹമ്മദ് സലീം പറഞ്ഞു. പാർട്ടി കോൺഗ്രസിൽ തീരുമാനമെടുത്തിട്ടുള്ളത് രാഷ്ട്രീയ ലൈനിനെപ്പറ്റി മാത്രമാണ്. തിരഞ്ഞെടുപ്പിൽ കൈക്കൊള്ളേണ്ട നിലപാട് അപ്പോൾ സ്വീകരിക്കുമെന്നും മുഹമ്മദ് സലീം വ്യക്തമാക്കി. 

ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സിപിഎം സഹകരണം തുടരില്ലെന്നു വൃന്ദാ കാരാട്ട് നേരത്തേ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ പാടില്ലെന്ന രാഷ്ട്രീയ നിലപാടു തിരുത്തിച്ചു യച്ചൂരിയും കൂട്ടരും വെള്ളിയാഴ്ച പാർ‍ട്ടി കോൺഗ്രസിൽ മേൽക്കൈ നേടിയതിനു പിന്നാലെയായിരുന്നു ഇത്.

കോൺഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പു സഖ്യമോ വേണ്ടെന്ന ഭാഗത്തിനു പകരം കോൺഗ്രസ് പാർട്ടിയുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നായിരുന്നു തിരുത്ത്. ഇതോടെ യച്ചൂരിയുടെ നിലപാടിനെ ശക്തമായി എതിർത്ത കേരള, ത്രിപുര ഘടകങ്ങളിലെ ഒൗദ്യോഗിക പക്ഷവും ഹൈദരാബാദിൽ ഒറ്റപ്പെട്ടു. 

അതേസമയം പാർട്ടി കോൺഗ്രസിൽ അംഗങ്ങൾ തമ്മില്‍ വാക്പോരുണ്ടായതായും വിവരമുണ്ട്. ബംഗാൾ ഘടകം തന്നിഷ്ടം പോലെ പ്രവർത്തിക്കുന്നുവെന്ന് വിമർശനമുണ്ടായി. സിപിഎം മുഖപത്രമായ പീപ്പിൾസ് ഡമോക്രസിയിലെ ജി. മമതയാണ് ബംഗാൾ ഘടകത്തിനെതിരെ രംഗത്തെത്തിയത്. തുടർന്ന് ബംഗാളില്‍ നിന്നുള്ള അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. പ്രസീഡിയം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.