Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎമ്മുകളിൽ പണമില്ലെങ്കിലും ‘നോട്ടുക്ഷാമം’ തൊടാതെ കർണാടക; മറിയുന്നത് കോടികൾ

Note പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളിൽ നോട്ടുക്ഷാമം രൂക്ഷമാണെങ്കിലും, തിരഞ്ഞെടുപ്പടുത്ത കർണാടകയിൽ മറിയുന്നതു കോടികൾ. ഇതുവരെ കർണാടകയിൽ നിന്നു ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 4.13 കോടി രൂപയിൽ 97 ശതമാനവും 2000, 500 രൂപ നോട്ടുകളാണ്. തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിയതു മുതൽ ആദായ നികുതി വകുപ്പിന്റെ അന്വേഷണ സംഘം 1.32 കോടി രൂപ വില മതിക്കുന്ന 4.52 കിലോ സ്വർണവും പിടിച്ചെടുത്തു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഇതുവരെ പിടിച്ചെടുത്ത പണത്തിന്റെ കണക്കുകളാണ് അന്വേഷണ സംഘം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ തുക ലഭിച്ചത് ബെംഗളൂരുവിൽ നിന്നാണ്. 2.47 കോടി രൂപ. തൊട്ടുപിന്നിൽ ബെല്ലാരി – 55 ലക്ഷം. രാജ്യത്തിന്റെ പല ഭാഗത്തും എടിഎമ്മുകളിൽ 500, 2000 നോട്ടുകൾ ഇല്ലാതെയായിട്ടു ദിവസങ്ങളായി. 

മേയ് 12ന് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി കർണാടക, ഗോവ സംസ്ഥാനങ്ങളിലെ അന്വേഷണ സംഘങ്ങൾ വ്യാപക പരിശോധനകളാണു നടത്തിവരുന്നത്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കണക്കില്ലാത്ത 16.5 ലക്ഷം രൂപയുമായി വിമാനത്താവളത്തിൽ നിന്ന് ഒരാൾ പിടിയിലായിരുന്നു. തുടർന്നു മുംബൈയിൽ നടത്തിയ അന്വേഷണത്തിൽ 37 ലക്ഷം രൂപ കൂടി കണ്ടെത്തിയതായും നികുതി വകുപ്പ് അറിയിച്ചു.

തിരഞ്ഞെടുപ്പിനു വിതരണം ചെയ്യാനായി മൈസുരുവിലെത്തിച്ച 9.51 കോടി രൂപയുടെ വീട്ടുപകരണങ്ങളും നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പു സംബന്ധിയായ പരാതികൾ പരിഹരിക്കുന്നതിനായി ബെംഗളൂരുവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. മേയ് 15 നാണു കര്‍ണാടകയില്‍ വോട്ടെണ്ണൽ. 

related stories