Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വാറി കൈക്കൂലി: രാഹുൽ നായരെ കുറ്റവിമുക്തനാക്കരുതെന്ന് ഹർജി

Rock quarry Representative Image

തിരുവനന്തപുരം∙ ക്വാറി ഉടമകളിൽ നിന്നു 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ പത്തനംതിട്ട മുൻ ജില്ലാ പോലീസ് മേധാവി രാഹുൽ.ആർ.നായരെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിനെതിരെ പരാതിക്കാരൻ കോടതിയെ സമീപിച്ചു. ഈ കേസിൽ വിജിലൻസിനു പരാതി നൽകിയ ആളായതിനാൽ തന്റെ  ആക്ഷേപം സമർപ്പിക്കാൻ കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു  ജയേഷ് തോമസാണു വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.

വിജിലൻസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി കോടതി അടുത്ത  29നു പരിഗണിക്കും. രാഹുൽ.ആർ.നായർ സുഹൃത്ത് അജിത് കുമാറുമായി നടത്തിയ ഫോൺ സംഭാഷണം കൈക്കൂലി വാങ്ങാൻ വേണ്ടി പറഞ്ഞതല്ല ,അവർ സ്ഥിരമായി ഫോൺ വിളിക്കാറുണ്ടായിരുന്നുവെന്നാണു വിജിലൻസ് കണ്ടെത്തൽ. ക്വാറി ഉടമയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നു 2014 മെയ് 3,4 തീയതികളിൽ നടത്തിയ ബാങ്ക് ഇടപാടുകൾ നിയമപരമായിരുന്നു എന്നും അനേഷണ ഉദോഗസ്ഥനായ ഡിവൈഎസ്പി ശശിധരൻ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

2014 നടന്ന കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ അന്നത്തെ വിജിലൻസ് എസ്പി ആർ.സുകേശൻ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു. എല്ലാ മാസവും 10 ലക്ഷം രൂപ പടി നൽകണം. അല്ലെങ്കിൽ പത്തനംതിട്ട, കോട്ടയം ക്രഷറുകൾ സുഗമമായി നടത്താൻ സമ്മതിക്കില്ലെന്നു രാഹുൽ നായരുടെ  നിർദേശ പ്രകാരം ഫോണിലൂടെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.

2014 മേയ് ഒന്നിനു പൂട്ടിയ ക്വാറി മേയ് നാലിനു 17 ലക്ഷം രൂപ കൈക്കൂലി  വാങ്ങി തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു എന്ന് വിജിലൻസ് സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്നു 20 സാക്ഷികളിൽ നിന്നും മൊഴിയെടുത്തിരുന്നു. രാഹുൽ നായരും  ക്വാറി ഉടമയും അയാളുടെ സഹോദരനും തമ്മിലുള്ള മൊബൈൽ ഫോൺ വിളിയുടെ വിശദാംശങ്ങൾ കേസിൽ പ്രധാന തെളിവുകൾ ആയിരുന്നു. എന്നാൽ കൈക്കൂലി വാങ്ങിയതു തെളിയിക്കാൻ സാധിച്ചില്ല എന്നാണ് അന്തിമ റിപ്പോർട്ടിലെ കണ്ടെത്തൽ.