Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരൂഹതകൾ അവശേഷിപ്പിച്ച് വിദേശവനിതയുടെ മൃതദേഹം; ലിഗയുടെയല്ല ആ ജാക്കറ്റും ചെരിപ്പും

Liga-Husband-and-Sister കഴിഞ്ഞ ദിവസം ലിഗയെ തേടി സഹോദരി ഇലീസും ലിഗയുടെ ഭർത്താവ് ആൻഡ്രൂസും കാസർകോഡ് പുതിയ ബസ് സ്റ്റാൻഡിൽ പോസ്റ്റർ ഒട്ടിക്കുന്നു. ചിത്രം: രാഹുൽ ആർ. പട്ടം

തിരുവനന്തപുരം∙ കോവളത്തെ കണ്ടൽക്കാടിനുള്ളിൽ കണ്ടെത്തിയ വിദേശ വനിതയുടെ ജീർണിച്ച മൃതദേഹം കാണാതായ ലാത്വിയ സ്വദേശി ലിഗയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ശരീരത്തിലുള്ള ജാക്കറ്റ് ആരുടേതെന്ന ദുരൂഹത തുടരുന്നു. തലമുടിയിലെ ഹെയർക്ലിപ്പ്, ടി–ഷർട്ട്, ഹാഫ് പാന്റ്, പല്ലിന്റെ പ്രത്യേകത എന്നിവ കണ്ടാണു സഹോദരി ഇലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാത്രവുമല്ല മൃതദേഹത്തിലുള്ള ജാക്കറ്റും സമീപത്തു കിടന്ന ചെരിപ്പും ലിഗയുടേതല്ല. അന്വേഷണത്തിൽ തൃപ്തയല്ലെന്ന് ഇലീസ് ചൂണ്ടിക്കാട്ടിയതോടെ പൊലീസിനും ഇനി തലവേദയുടെ നാളുകളായിരിക്കും. 

Read: തല വേർപെട്ട് വിദേശ വനിതയുടെ മൃതദേഹം കണ്ടൽക്കാട്ടിൽ

ലിഗയെ ചികിത്സിച്ച ആയുർവേദ ആശുപത്രിയിലെ സ്റ്റാഫിനും തിരിച്ചറിയാനാകുന്ന തരത്തിൽ ഒന്നും കണ്ടെത്താനായില്ല. കറുത്ത ഹാഫ് പാന്റാണ് ലിഗ കാണാതായപ്പോൾ ധരിച്ചിരുന്നത്. നേരിയ ടി–ഷർട്ട് ധരിച്ചാണ് ലിഗ അന്നു പുറത്തുപോയത്. തിരുവല്ലം പൊലീസ് സ്റ്റേഷനിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെ, കണ്ടൽക്കാടിലെ വള്ളിപ്പടർപ്പിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാനാകാത്ത വിധം ജീർണമാണു ശരീരം. ശിരസ് മുറിഞ്ഞു മാറിയിരുന്നു. 

 Liga Case മൃതദേഹം കണ്ടെത്തിയ സ്ഥലത്തു പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലം അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലെന്നാണു വിവരം. മൃതദേഹം പഴകിയതിനെത്തുടർന്ന് തല അടർന്നു വേർപെട്ടതാകാമെന്നാണു പൊലീസ് നിഗമനം. ശരീരത്തിൽ മുറിവേറ്റിരുന്നോ എന്നതടക്കമുള്ള നിർണായക വിവരങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ.

വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുർവേദ ചികിൽസക്കിടെ പോത്തൻകോട് നിന്ന് കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. തുടർന്നു ഭർത്താവ് ആൻഡ്രൂസും ലിഗയുടെ സഹോദരി ഇലീസും പൊലീസ് പരാതി നൽകിയിരുന്നു. വിവരങ്ങളൊന്നും ലഭിക്കാഞ്ഞതിനെത്തുടർന്ന് ലിഗയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ വിവിധയിടങ്ങളിൽ പതിച്ചു. ലിഗയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചാണ് പോസ്റ്ററുകൾ പതിച്ചത്. മറ്റ് ജില്ലകളിലേക്കും ഇവർ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

related stories