Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധിയായിട്ടും രാത്രിയിലെത്തി, മർദിച്ചതിന് തെളിവുകൾ; എസ്ഐ ദീപക് ഒന്നാംപ്രതി?

GS-Deepak-Sreejith അറസ്റ്റിലായ എസ്ഐ ജി.എസ്.ദീപക്, കൊല്ലപ്പെട്ട ശ്രീജിത്ത്.

കൊച്ചി∙ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ എസ്ഐ ജി.എസ്.ദീപക് ഒന്നാം പ്രതി ആയേക്കും. കൊലക്കുറ്റം ചുമത്തിയാണു പ്രത്യേക അന്വേഷണ സംഘം ദീപക്കിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പൊലീസുകാരുടെ ജാമ്യാപേക്ഷ പറവൂര്‍ കോടതി പരിഗണിക്കുന്നതും ഇന്നാണ്.

ആലുവ റൂറൽ എസ്പിയുടെ സ്ക്വാഡിലെ മൂന്നു പൊലീസുകാർക്കു പുറമേ എസ്ഐ ദീപക്കും ശ്രീജിത്തിനെ ക്രൂരമായി മർദിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കസ്റ്റഡി മർദനത്തെ തുടർന്നു ശ്രീജിത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ സംശയ നിഴലിലായിരുന്നു ദീപക്. ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പലവട്ടം അന്വേഷണ സംഘത്തോടു ദീപക്കിന്റെ ക്രൂരമർദനത്തെ കുറിച്ചു മൊഴി നൽകിയിരുന്നു. ഇതു ശരിവയ്ക്കുന്ന നിരവധി തെളിവുകൾ‌ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ദീപക്കിനെ വെള്ളിയാഴ്ച രാവിലെ മുതൽ ആലുവ പൊലീസ് ക്ലബ്ബിൽ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്യൽ‌ നീണ്ടു. കൊലക്കുറ്റം കൂടാതെ, അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തി. എസ്ഐ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിൽ സന്തോഷമുണ്ടെന്നു ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു.

കേസിൽ ആദ്യം അറസ്റ്റിലായ ടൈഗർ ഫോഴ്സിലെ അംഗങ്ങൾ ശ്രീജിത്തിനെ കൈമാറിയതു വരാപ്പുഴ എസ്ഐ ദീപക്കിനാണ്. സ്റ്റേഷനിൽ വച്ചും ശ്രീജിത്തിനു മർദനമേറ്റതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു ദീപക്കിനെയും പ്രതിചേർത്തത്. സംഭവദിവസം അവധിയിലായിരുന്ന ദീപക്കിനെ ഉന്നത ഉദ്യോഗസ്ഥനാണു സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. ആത്മഹത്യ ചെയ്ത വാസുദേവനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ ശ്രീജിത്ത് അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണു ദീപക് വന്നത്. അവധിയായിട്ടും ആരുടെ നിർദേശപ്രകാരമാണ് ആറിനു രാത്രി തന്നെ സ്റ്റേഷനിലെത്തിയതെന്നു ദീപക് അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ട്. 

കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വാഹനത്തിലേക്കു കൊണ്ടുപോകുംവഴി ടൈഗർ ഫോഴ്സ് അംഗങ്ങൾ ശ്രീജിത്തിനെ മർദിക്കുന്നതു കണ്ടതായി രണ്ടു ദൃക്സാക്ഷികളും മൂന്നു കൂട്ടുപ്രതികളും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, വരാപ്പുഴ സ്റ്റേഷനിൽ മർദനമേറ്റതിനു ദൃക്സാക്ഷികളില്ല. പോസ്റ്റ്മോർട്ടം രേഖകൾ പരിശോധിച്ച മെഡിക്കൽ ബോർഡാണു സ്റ്റേഷനിൽവച്ചും മർദനമേറ്റതായി വിശദീകരിച്ചത്. മരണ കാരണമായ മർദനം സ്റ്റേഷനു പുറത്തുവച്ചാണുണ്ടായതെങ്കിലും സ്റ്റേഷനിലും മർദനമേറ്റതു ശ്രീജിത്തിന്റെ അവസ്ഥ ഗുരുതരമാക്കി. 

സംഭവത്തിൽ അച്ചടക്ക നടപടി നേരിടുന്ന പറവൂർ ഇൻസ്പെക്ടർ ക്രിസ്പിൻ സാം, എഎസ്ഐ സുധീർ, സീനിയർ സിപിഒ സന്തോഷ് ബേബി എന്നിവരെയും ചോദ്യംചെയ്യും. സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം റൂറൽ എസ്പി എ.വി.ജോർജിന്റെ മൊഴിയും രേഖപ്പെടുത്തും. എസ്പിയുടെ നിർദേശപ്രകാരമാണു ശ്രീജിത്ത് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തതെന്നു ചില ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനു മൊഴി നൽകിയിട്ടുണ്ട്.