Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രമണം; കനത്ത നാശനഷ്ടം – ചിത്രങ്ങൾ

Sea Kannur കണ്ണൂർ സിറ്റി നീർച്ചാൽ കടപ്പുറത്ത് കുട്ടികൾ കളിക്കുന്ന ഭാഗത്ത് തിര അടിച്ചു കയറിയപ്പോൾ. ചിത്രം: എം.ടി.വിധുരാജ്

ആലപ്പുഴ∙ സംസ്ഥാനത്തെ പല ജില്ലകളിലും തീരപ്രദേശത്തു ശക്തമായ കടലാക്രമണം. ആലപ്പുഴ ചേന്നവേലി, കാട്ടൂർ, ആറ‍ാട്ടുപുഴ പ്രദേശങ്ങളിലാണു വൈകിട്ട് മൂന്നരയോടെ ശക്തമായ കടലാക്രമണമുണ്ടായത്. പലയിടത്തും കരയിലേക്കു തിരമാലകൾ ഇരച്ചുകയറുകയാണ്. ഒറ്റമശേരി പ്രദേശത്തു വീടുകളിൽ വെള്ളം കയറി. തീരത്തുള്ള വീടുകളിൽ ചിലത് തകർച്ചയുടെ വക്കിലാണ്.

Sea Erosion Alapuzha ആലപ്പുഴ കാട്ടൂരിൽ കടൽക്ഷോഭത്തെ തുടർന്ന് വീടുകളിലേക്ക് വെള്ളം കയറുന്നു.
Alapuzha Sea ആലപ്പുഴ തൈക്കൽ ബീച്ച് റോഡിലേക്ക് കടൽ ഇരച്ചു കയറിയപ്പോൾ.
Sea Kollam കൊല്ലം പരവൂർ തീരദേശ റോഡിൽ മുക്കത്ത്‌ വെള്ളം കയറിയപ്പോൾ. ചിത്രം: മനോരമ

തിരുവനന്തപുരത്ത് ഏതാനും ദിവസങ്ങളായി കടലാക്രമണം ശക്തമാണ്. കൊല്ലത്ത് അഴീക്കൽ പൊഴിക്കു സമീപവും ഇരവിപുരത്തും ചെറിയ തോതിൽ കടലാക്രമണം. ആലപ്പാട് തീരത്തു ശക്തമായി തിരയടിക്കുന്നുണ്ട്. കടലാക്രമണത്തിൽ റോഡ് തകർന്നതിനെ തുടർന്ന് കൊല്ലം-പരവൂർ തീരദേശപാതയിൽ ഗതാഗതം നിരോധിച്ചു. മുണ്ടയ്ക്കൽ, കുരിശുംമൂട്, ഇരവിപുരം എന്നിവിടങ്ങളിലാണ് റോഡ് തകർന്നത്. റോഡ് പൂർണമായും തകർന്ന സ്ഥലങ്ങളിൽ ഇരുഭാഗത്തും കയർ കെട്ടി ഗതാഗതം തടഞ്ഞിരിക്കുകയാണ്.  

Alapuzha Sea Erosion ആലപ്പുഴ തൈക്കൽ ബീച്ച് റോഡിലേക്ക് കടൽ ഇരച്ചു കയറിയപ്പോൾ. ചിത്രം: മനോരമ
Alapuzha Sea Erosion 2 ആലപ്പുഴ തൈക്കൽ ബീച്ച് റോഡിലേക്ക് കടൽ ഇരച്ചു കയറിയപ്പോൾ. ചിത്രം: മനോരമ
Sea Cherthala ചേർത്തല തീരദേശത്തെ വിവാഹ വീട്ടിലേക്ക് കടൽവെള്ളം കയറിയ നിലയിൽ. ചിത്രം: മനോരമ

കണ്ണൂരിൽ തലശ്ശേരി, മുഴപ്പിലങ്ങാട് തീരങ്ങളിലും കടലേറ്റം ശക്തമാണ്. തലശ്ശേരി പെട്ടിപ്പാലം കോളനിയിലെ തൊണ്ണൂറോളം കുടുംബങ്ങൾ കടലാക്രമണ ഭീഷണിയിൽ. തലശ്ശേരി, കണ്ണൂർ, മാടായി ഭാഗങ്ങളിൽ ഒട്ടേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പല വീടുകളുടെയും പടിവരെ വെള്ളമെത്തി. മാടായി, മാട്ടൂൽ, കണ്ണൂർ സിറ്റി നീർച്ചാൽ ഭാഗങ്ങളിൽ ചിലയിടങ്ങളിൽ കിണറുകളിൽ വരെ കടൽവെള്ളം കയറി. മുഴപ്പിലങ്ങാട് ‍ഡ്രൈവ് ഇൻ ബീച്ച് ഏതാണ്ടു പൂർണമായും കടലെടുത്തു. മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിവലിനു വേണ്ടി ഒരുക്കിയ വേദിയും അലങ്കാരങ്ങളും നശിച്ചു. 

Sea Erosion കടൽക്ഷോഭത്തെത്തുടർന്ന് കണ്ണൂർ സിറ്റി നീർച്ചാലിലെ ക്വാർട്ടേഴ്സും പരിസരവും വെള്ളത്തിലായപ്പോൾ. ചിത്രം: എം.ടി.വിധുരാജ്
Sea Kannur കണ്ണൂരിലുണ്ടായ കടൽക്ഷോഭത്തെത്തുടർന്ന് വിജനമായ തീരം.
Sea Erosion Kannur കണ്ണൂരിലുണ്ടായ കടൽക്ഷോഭം.

തലശ്ശേരി പെട്ടിപ്പാലം കോളനി, കണ്ണൂർ നീർച്ചാൽ, തോട്ടട ഏഴരക്കടപ്പുറം എന്നിവിടങ്ങളിൽ ഒട്ടേറെ വീടുകൾ ഭീഷണിയിലാണ്. കടൽക്ഷോഭം ഇനിയും നീണ്ടുനിന്നാ‍ൽ ഇന്നു രാത്രി വീടുകളിൽ നിന്നു മാറി നിൽക്കാൻ താമസക്കാരോട് ആവശ്യപ്പെടുമെന്ന് അധികൃതർ പറഞ്ഞു.

Sea Kollam കൊല്ലം പരവൂർ തീരദേശ റോഡിൽ മുക്കത്ത്‌ വെള്ളം കയറിയപ്പോൾ. ചിത്രം: മനോരമ
sea erosion knr ഏഴര കടപ്പുറത്തുണ്ടായ കടലാക്രമണം.

ഏഴര കടപ്പുറം കടലാക്രമണ ഭീഷണിയിലാണ്. പാണ്ടികശാലയിൽ റുഖിയ, തെയകത്ത് ഖദീജ, കോയട്ടിൻറവിട സൈനബ, മുക്കാട്ടിൽ ഹംസ, തായലപുരയിൽ മറിയം, ടി പി കുഞ്ഞാമി, തായല പുരയിൽ ശബീർ, ടി പിനബീസ, പള്ളച്ചാൽ നസീമ, തായല പുരയിൽ പാത്തുട്ടി എന്നീ വീടുകൾ വെള്ളത്തിലായി. മുസ്തഫയുടെയും ബഷീറിന്റെയും ഫൈബർ തോണികൾ തകർന്നിട്ടുണ്ട്.

എറണാകുളത്ത് ഞാറയ്ക്കൽ ആറാട്ടുവഴി , നായരമ്പലം വെളിയത്താൻപറമ്പ്, എടവനക്കാട് അണിയിൽ ബീച്ചുകളിൽ തിരമാലകൾ ശക്തമാണ്. റോഡുകളിലേക്കും കടൽഭിത്തി പരിസരത്തേക്കും വെള്ളം കയറി. വീടുകളിലേക്കു കയറിയിട്ടില്ല. ചെല്ലാനത്ത് ശക്തമായ വേലിയേറ്റം. ചെറിയതോതിൽ കടലാക്രമണം. പുതുവൈപ്പിൽ കടൽ വെള്ളം കരയിലേക്കൊഴുകുന്നു. ഫോർട്ട് കൊച്ചി ബീച്ചിൽ കടൽകയറ്റം രൂക്ഷം, ബീച്ചിൽ നിന്നു ജനങ്ങളെ നീക്കി.

മലപ്പുറത്ത് പൊന്നാനിയിലും ശക്തമായ തിരയാക്രമണമുണ്ട്. അഴിമുഖത്ത് ജങ്കാർ റോഡിലേക്കും മീൻ ചാപ്പകളിലേക്കും വെള്ളം കയറി.