Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള തീരത്ത് കൂറ്റൻ തിരമാലകൾക്കു സാധ്യത; വിനോദ സഞ്ചാരികൾക്കും ജാഗ്രതാനിർദേശം

Sea Kollam കടൽക്ഷോഭത്തെ തുടർന്നു കൊല്ലം ബീച്ചിലുണ്ടായ തിര. ചിത്രം: തോമസ് മാത്യു

തിരുവനന്തപുരം∙ കേരളത്തിന്റെ തീരമേഖലയിൽ കടൽക്ഷോഭം നാളെ രാത്രി വരെ തുടരുമെന്നു ദേശീയ സമുദ്രഗവേഷണകേന്ദ്രം. മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവരും സഞ്ചാരികളും തീരക്കടലിൽ മൽസ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണകേന്ദ്രം അറിയിച്ചു. 

കേരള തീരത്തു 2.5-3 മീറ്റർ  ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്നാണു മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ 22ന് അഞ്ചര മുതൽ 23നു രാത്രി 11.30 വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്.

Sea Kollam കടൽക്ഷോഭത്തെ തുടർന്നു കൊല്ലം ബീച്ചിലേക്ക് അടിച്ചു കയറുന്ന തിര. ചിത്രം: തോമസ് മാത്യു

 മീൻപിടുത്തക്കാർക്കും  തീരദേശനിവാസികൾക്കും വിനോദ സഞ്ചാരികൾക്കുമായി മുന്നറിയിപ്പും പുറത്തുവിട്ടിട്ടുണ്ട്.

1. വേലിയേറ്റ സമയത്തു തിരമാലകൾ  തീരത്തു ശക്തി പ്രാപിക്കുവാനും ആഞ്ഞടിക്കുവാനും സാധ്യതയുണ്ട്.

2. തീരത്ത് ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കാന്‍ സാധ്യത ഉള്ളതിനാൽ തീരത്തിനോടു ചേർന്നു മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കണം.

3. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്. 

4. തീരങ്ങളിൽ ഈ പ്രതിഭാസം ഉണ്ടാകുമെന്നു മുന്നറിയിപ്പുള്ളതിനാൽ വിനോദ സഞ്ചാരികൾ കടൽ കാഴ്ച കാണാൻ പോകരുതെന്നു നിർദേശം ഉണ്ട്.

5. ബോട്ടുകൾ തീരത്തു നിന്ന് കടലിലേക്കും കടലിൽ നിന്നു തീരത്തേക്കും  കൊണ്ടുപോകുന്നത് ഒഴിവാക്കുക 

6. ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരമേഖലകളിൽ വ്യാപകമായ നാശനഷ്ടമാണു കടൽക്ഷോഭം മൂലമുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. തിരുവനന്തപുരത്ത് ഇന്നലെ മാത്രം 10 വീടുകൾ തകർന്നു. നൂറോളം വീടുകൾ അപകട ഭീഷണിയിലാണ്. വലിയതുറയിൽ നേരത്തെയുള്ള അഞ്ചു ക്യാംപുകൾക്കു പുറമെ ഇന്നലെ ഒരു ദുരിതാശ്വാസക്യാംപ് കൂടി തുടങ്ങി.