Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാർ സമരത്തിൽ നിന്നു പിന്മാറി; ഇന്നു നടത്താനിരുന്ന ലോങ് മാർച്ചും ഇല്ലെന്ന് യുഎൻഎ

Nurses Strike യുഎൻഎയുടെ നേതൃത്വത്തിൽ 2017ൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച്. ഫയൽ ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറുകയാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ). 24നു ചേർത്തലയിൽ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാർച്ചും പിൻവലിച്ചതായി യുഎൻഎ ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു ഔദ്യോഗിക തീരുമാനം. പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് സർക്കാർ പുറത്തിറക്കിയ സാഹചര്യത്തിലാണു സമരം പിൻവലിക്കാനുള്ള തീരുമാനം.

‘യുഎൻഎയുടെ ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായി പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് സർക്കാർ ഇറക്കുകയും അതിന്റെ പകര്‍പ്പ് സംഘടനയ്ക്കു ലഭിക്കുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി 20,000 രൂപ അടിസ്ഥാന ശമ്പളം എന്ന നേട്ടം കൈവരിക്കാൻ യുഎൻഎ നടത്തിയ സമര പോരാട്ടത്തിലൂടെ സംഘടനയ്ക്കായി. തുടക്കക്കാർക്കു വിവിധ കാറ്റഗറിയിലായി 20,000 - 30,000 രൂപ വരെയുണ്ടെങ്കിലും സർക്കാർ ഇറക്കിയ ഡ്രാഫ്റ്റ് പ്രകാരമുള്ള ശമ്പള സ്കെയിലിൽ നിന്നും വ്യത്യസ്തമായി അലവൻസുകളിൽ വലിയ മാറ്റം നോട്ടിഫിക്കേഷനിൽ ഉണ്ട്. അത് നേടിയെടുക്കാനുള്ള നിയമ-സംഘടനാ പോരാട്ടങ്ങൾ തുടരും. 244 ദിവസമായി തുടരുന്ന കെവിഎം അശ്രുപത്രി സമരം അവസാനിപ്പിക്കുന്നതിനു വേണ്ടിയുളള നിയമ പോരാട്ടം ശക്തമാക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തും’– യുഎൻഎ ഭാരവാഹികൾ വ്യക്തമാക്കി.

UNA Nurses Strike ഉത്തരവിന്റെ പകർപ്പ്.

50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളമെന്ന സുപ്രീംകോടതി സമിതിയുടെ നിർദേശം സിഐടിയു നേതാക്കൾ ഉൾപ്പെടെയുള്ളവർ അട്ടിമറിച്ചതാണു സമരത്തിലേക്കു നയിച്ചത്. വനിതകൾ കൂടുതലുള്ള മാർച്ച് രാജ്യത്തുതന്നെ വലിയ ചർച്ചയാകാൻ സാധ്യതയുള്ളതുകൊണ്ടായിരുന്നു തിരക്കിട്ടു വിജ്ഞാപനം ഇറക്കി പ്രശ്നപരിഹാരത്തിനു സർക്കാർ ശ്രമങ്ങൾ നടത്തിയത്. ഇതു വിജയിക്കുകയും ചെയ്തു. ശമ്പള പരിഷ്കരണം സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടിലും പങ്കുവച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിൽ നിന്ന്:

സ്വകാര്യആശുപത്രികളിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ചു വിജ്ഞാപനം തയ്യാറായി. ആശുപത്രി അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് 16,000 രൂപയും സ്റ്റാഫ് നഴ്സുമാര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്ടെക്നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി വിജ്ഞാപനത്തില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

കിടക്കകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിക‌ളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളപരിഷ്ക്കരണം നടപ്പാക്കിയത്. നഴ്സിങ് ജീവനക്കാര്‍ക്ക് കിടക്കകളുടെ അ‌ടിസ്ഥാനത്തില്‍ 2000 മുതല്‍ 10,000 രൂപ വരെ അധിക അലവന്‍സ് ലഭിക്കും. വാര്‍ഷിക ഇന്‍ക്രിമെന്റ്, സര്‍വീസ് വെയിറ്റേജ്, ഡിഎ എന്നിവയും നഴ്സിങ് ജീവനക്കാര്‍ക്ക് ലഭിക്കും. മറ്റു ജീവനക്കാര്‍ക്കും ഈ അധിക അലവന്‍സുകള്‍ ലഭിക്കും.

Hospital-Minimum-Wages മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

ശമ്പളപരിഷ്കരണം നടപ്പാക്കുന്നതോടെ സ്റ്റാഫ് നഴ്സുമാര്‍ക്ക് 56 മുതല്‍ 86 ശതമാനത്തിന്റെ വരെയും എഎന്‍എം വിഭാഗത്തിന് 50 മുതല്‍ 99 ശതമാനത്തിന്റെയും നഴ്സസസ് മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് 68 മുതല്‍ 102 ശതമാനത്തിന്റെയും വര്‍ധന ഉണ്ടാകും.

പൊതുവിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് 35 മുതല്‍ 69 ശതമാനം വരെയും ലാബ് ടെക്നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് 39 മുതല്‍ 66 ശതമാനത്തിന്റെയും വര്‍ധനവും ഉണ്ടാകും. 2013 ജനുവരി ഒന്നിനാണ് അവസാനമായി ശമ്പളപരിഷ്കരണം നടപ്പാക്കിയത്. അന്ന് 20 മുതല്‍ 30 ശതമാനത്തിന്റെ വര്‍ധനവായിരുന്നു നടപ്പാക്കിയത്. ശമ്പളവര്‍ധനവിന് 2017 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യം നല്‍കിയിട്ടുണ്ട്.

അതേസമയം, ശമ്പള വര്‍ധന ചെറിയ ആശുപത്രികള്‍ക്കു താങ്ങാനാകില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റുകള്‍ വ്യക്തമാക്കി.