Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. കഫീൽ അഹമ്മദിന് നീതി നിഷേധിക്കരുത്: കുഞ്ഞാലിക്കുട്ടി

PK Kunhalikutty പി.കെ.കുഞ്ഞാലിക്കുട്ടി.

മലപ്പുറം∙ ഉത്തർപ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥിന്റെ മുൻ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ നിരപരാധിയെ പ്രതിയാക്കി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നു മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ഓക്സിജൻ സിലിണ്ടർ എത്തിക്കേണ്ട ഉത്തരവാദിത്തം ഡോ. കഫീൽ അഹമദ് ഖാന്റെതായിരുന്നില്ല. ഓക്സിജൻ വിതരണം ചെയ്യുന്ന പുഷ്പ ഓക്സിജൻ ഏജൻസിയുടെ കുടിശ്ശിക തീർക്കാൻ നിരവധി തവണ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിട്ടും തയാറാവാത്ത അധികാരികളാണു യഥാർഥ പ്രതികൾ എന്നതു വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

സംഭവ ദിവസം അവധിയിലായിരുന്നിട്ടു കൂടി ജോലിക്കെത്തിയ കഫീൽ സ്വന്തം നിലയിൽ ഓക്സിജൻ എത്തിച്ചു നൽകി കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. ഇതാണ് യോഗി അദിത്യനാഥിനെ പ്രകോപിപ്പിച്ചത് എന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്.

ഡോ. കഫീലിനു ജാമ്യം പോലും നിഷേധിച്ചു ജയിലിലടച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കുന്നതായി വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മനുഷ്യത്വം മരവിച്ചു കുഞ്ഞുങ്ങളെ കൊലയ്ക്കു കൊടുത്തവർ പുറത്തു വിലസുമ്പോൾ സ്വന്തം നിലയിൽ ഓക്സിജൻ ലഭ്യമാക്കി കുട്ടികളെ ചികിത്സിച്ച ഡോക്ടറെ പീഡിപ്പിക്കുന്നത് ക്രൂരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

related stories