Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി തകർത്തത് ഇന്ത്യയുടെ അന്തസ്സ്; ഭരണഘടനയെ സംരക്ഷിക്കും: രാഹുൽ ഗാന്ധി

rahul-gandhi ഭരണഘടനയെ സംരക്ഷിക്കൂ എന്ന പ്രചാരണം ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി സംസാരിക്കുന്നു.

ന്യൂഡൽഹി∙ ഭരണഘടനയെ സംരക്ഷിക്കുക എന്ന കോൺഗ്രസിന്റെ പ്രചാരണ പരിപാടി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. 2019 ഏപ്രിൽ 14 വരെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഈ പ്രചാരണം നടക്കും. ബിജെപി എത്ര ശ്രമിച്ചാലും നമ്മുടെ ഭരണഘടനയെ മാറ്റാൻ അനുവദിക്കില്ലെന്ന് രാഹുൽ പറഞ്ഞു. മോദി 15 മിനിറ്റ് താനുമായി ചർച്ചയ്ക്കു തയാറായാൽ അദ്ദേഹത്തെ തുറന്നു കാട്ടും. റഫാൽ ഇടപാടിലും നീരവ് മോദി വിഷയത്തിലും മോദിക്കു വാ തുറക്കാനാവില്ല. മോദി പറയുന്നത് എംപിമാരും എംഎൽഎമാരും ഒന്നും സംസാരിക്കരുതെന്നാണ്. എല്ലാവരും മോദിയുടെ മൻ കി ബാത് മാത്രം കേട്ടാൽ മതി- രാഹുൽ കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്‍റെ പ്രതിഷേധപരിപാടികള്‍ക്ക് തുടക്കം കുറിച്ചാണ് രാഹുൽ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

ദലിതരെ കടന്നാക്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് വോട്ടിലൂടെ തിരിച്ചടി നല്‍കണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. മോദി ഇന്ത്യയുടെ അന്തസ്സാണ് തകർത്തത്. മോദി മോദിയിൽ മാത്രമാണ് താൽപര്യം. ദലിതർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, അടുത്തിടെ കുട്ടികൾക്കെതിരായി ഉണ്ടായ മാനഭംഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മോദി മൗനം പാലിക്കുകയാണ്. ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ എന്ന ബിജെപിയുടെ മുദ്രാവാക്യം ഇപ്പോൾ ബിജെപി എംഎൽഎമാരിൽനിന്ന് പെൺകുട്ടികളെ രക്ഷിക്കൂ എന്നായെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബിജെപി, ആർഎസ്എസ് ചിന്താഗതിക്കാരെ നിയമിച്ച് അവയെ തകർക്കുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നത്. സുപ്രീം കോടതിയെ തകർക്കുകയാണ്, പാർലമെന്റിനെ അടച്ചുപൂട്ടുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ച് ജനങ്ങളോട് നീതി തേടിയത്. ജനങ്ങളാണ് സാധാരണ കോടതികളിൽനിന്നും ജഡ്ജിമാരിൽനിന്നും നീതി തേടുന്നതെന്നും രാഹുൽ പറഞ്ഞു.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ പതിനായിരത്തോളം പേരാണു തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത്. ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ആഹ്വാനം. മുതിര്‍ന്ന നേതാക്കളും പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

related stories