Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ഫണ്ടിലേക്ക് കാശ് നൽകിയില്ല; അധ്യാപകർക്കു ‘പണികൊടുത്ത്’ വിദ്യാഭ്യാസവകുപ്പ്

exam-hall Representational image

കണ്ണൂർ∙ ഓഖി ഫണ്ടിലേക്കു സംഭാവന നൽകാൻ മടിച്ച അധ്യാപകർക്കു വിദ്യാഭ്യാസ വകുപ്പു പണി കൊടുത്തപ്പോൾ പണി കിട്ടിയതു കുട്ടികൾക്ക്. ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിന് എൻട്രൻസ് പരീക്ഷാ കേന്ദ്രം അനുവദിക്കാതെയാണ് അധികൃതർ പകരം വീട്ടിയത്. നഗരമധ്യത്തിലെ സ്കൂളിനെ ഒഴിവാക്കാൻ ഉൾപ്രദേശങ്ങളിലെ സ്കൂളുകൾ പരീക്ഷാകേന്ദ്രമാക്കിയപ്പോൾ വലഞ്ഞതു കുട്ടികളും രക്ഷിതാക്കളും.

മെഡിക്കൽ–എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾക്ക് എല്ലാ വർഷവും ടൗൺ സ്കൂളിൽ സെന്റർ അനുവദിക്കാറുള്ളതാണ്. ഇത്തവണയും പരീക്ഷാകേന്ദ്രം ഒരുക്കണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ നിന്നു കത്തു കിട്ടിയിരുന്നു. 320 കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കാമെന്നു പ്രിൻസിപ്പൽ മറുപടി നൽകുകയും ചെയ്തു. എന്നാൽ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ ടൗൺ സ്കൂൾ ഇല്ല. അതേ സമയം, ടൗണിനു സമീപം ഗതാഗതസൗകര്യം താരതമ്യേന കുറവായ തോട്ടട, മുണ്ടേരി തുടങ്ങിയ സ്ഥലങ്ങളിലെ ഗവ. സ്കൂളുകളിൽ വരെ പരീക്ഷാകേന്ദ്രമുണ്ട്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണു സംസ്ഥാന സർക്കാരിന്റെ മെ‍ഡിക്കൽ–എൻജിനീയറിങ് പൊതു പ്രവേശന പരീക്ഷ (കീം). പരീക്ഷാ കേന്ദ്രങ്ങളാകുന്ന സ്കൂളുകളിലെ അധ്യാപകർക്കു രണ്ടു ദിവസവും പരീക്ഷാ ഡ്യൂട്ടിയുണ്ടാകും. 450 രൂപ ദിവസം പ്രതിഫലവും കിട്ടും. ടൗൺ സ്കൂളിലെ അധ്യാപകർക്ക് ആ പ്രതിഫലം കിട്ടുന്നതു തടയാനാണു പരീക്ഷാകേന്ദ്രം നിഷേധിച്ചത് എന്നാണ് ആരോപണം. ഓഖി ദുരന്ത സഹായ ഫണ്ടിലേക്കു ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന സർക്കാരിന്റെ അഭ്യർഥന ടൗൺ സ്കൂളിലെ അധ്യാപകർ സ്വീകരിക്കാതിരുന്നതു നേരത്തേ വാർത്തയായിരുന്നു.

അതേസമയം, വേണ്ടത്ര കെട്ടിട സൗകര്യവും കാറ്റും വെളിച്ചവും ഇല്ലാത്ത സാഹചര്യത്തിലാണു ടൗൺ സ്കൂളിൽ എൻട്രൻസ് പരീക്ഷാ കേന്ദ്രം അനുവദിക്കാതിരുന്നതെന്നു കീം ജില്ലാ ലെയ്സൺ ഓഫിസർ സി.ഐ.സുഗുണൻ പറഞ്ഞു. എന്നാൽ, എല്ലാ വർഷവും മുടങ്ങാതെ എൻട്രൻസ് പരീക്ഷാ കേന്ദ്രമാകുന്ന സ്കൂളിലെ സൗകര്യങ്ങൾ ഇത്തവണ മാത്രം തികയാതെ വന്നതു വിചിത്രമാണെന്ന് അധ്യാപകർ പറയുന്നു. ടൗൺ സ്കൂളിലെ അധ്യാപകരെല്ലാം ഓഖി ഫണ്ടിലേക്കു സംഘടനകൾ വഴിയോ വ്യക്തിപരമായോ നേരത്തേ തന്നെ സംഭാവന ചെയ്തിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.  

related stories