Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019 ലോകകപ്പ്: ഇന്ത്യയുടെ ആദ്യ എതിരാളികൾ ദക്ഷിണാഫ്രിക്ക; മൽസരം ജൂൺ അഞ്ചിന്

Indian-Cricket-Team ഇന്ത്യൻ ക്രിക്കറ്റ് ടീം

ന്യൂ‍ഡൽഹി∙ അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ ദക്ഷിണാഫ്രിക്ക. ജൂൺ അഞ്ചിനാണ് തങ്ങളുടെ ആദ്യ മൽസരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുക. ഐപിഎല്‍ ഫൈനലിനുശേഷം 15 ദിവസം കഴിഞ്ഞു മാത്രമേ രാജ്യാന്തര മൽസരം നടത്താൻ പാടുള്ളുവെന്ന ലോധ കമ്മറ്റി നിർദേശത്തെ തുടർന്നാണിത്.

കൊല്‍ക്കത്തയിൽ നടന്ന അഞ്ചു ദിവസത്തെ ഐസിസി യോഗത്തിലാണ് ലോകകപ്പ് മൽസര ക്രമം തീരുമാനമായത്. 2011ലെ ചാംപ്യൻമാരും 2015ലെ സെമി ഫൈനലിസ്റ്റുകളുമായ ഇന്ത്യയാണ് ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീം. അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14 വരെയാണ് ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും 12 വേദികളിലായി മല്‍സരങ്ങൾ നടക്കുക. ഓരോ ടീമുകളും ഒൻപത് ഗ്രൂപ്പ് മൽസരങ്ങൾ കളിച്ച ശേഷം ഏറ്റവും മുന്നിലുള്ള നാലു ടീമുകളായിരിക്കും നോക്കൗട്ടിൽ പ്രവേശിക്കുക.

1999നു ശേഷം ആദ്യമായാണു ബ്രിട്ടനിൽ ലോകകപ്പ് മൽസരങ്ങൾ‌ നടക്കുന്നത്. 1975, 79, 83 വർഷങ്ങളിലെ ലോകകപ്പുകൾ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഐസിസിയുടെ ഗ്ലാമർ ടൂർണമെന്റുകളിൽ ആദ്യ മൽസരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതാകാറാണു പതിവ്. 2015 ലോകകപ്പിലും 2017 ചാംപ്യന്‍സ് ട്രോഫിയിലും ഇതായിരുന്നു രീതി. എന്നാൽ 2019 ലോകകപ്പിൽ ഇതിൽ മാറ്റം വരും.

related stories