Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ കെഎസ്ആർടിസിയുടെ ‘ചങ്ക്’; ബസിനോട് പെരുത്തിഷ്ടമെന്ന് പെൺകുട്ടി

Chunk Bus KSRTC കെഎസ്ആർടിസിയിലേക്കു ഫോൺ വിളിച്ച റോസ്മിയും ചങ്ക് എന്ന് പേരുമാറ്റിയ ബസും.

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ബസിനെ ‘ഹൃദയത്തിന്റെ വടക്കു കിഴക്കേ മൂലയില്‍’ പ്രതിഷ്ഠിച്ച പെണ്‍കുട്ടിയെ കണ്ടെത്തി. കോട്ടയത്തെ വിദ്യാര്‍ഥിയായ റോസ്മിയാണ് ഈരാറ്റുപേട്ട ‌ഡിപ്പോയിലെ ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാൻ ഫോൺ വിളിച്ചത്. ഫോണ്‍വിളി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പെണ്‍കുട്ടി താരമായി. ബസ് ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് തിരികെയെത്തി. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം ബസിന് ചങ്ക് എന്ന് പേരും നല്‍കി. പെണ്‍കുട്ടി ഇന്ന് കെഎസ്ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ചു. ഫോൺവിളിയിൽ സഹായിച്ച കൂട്ടുകാരിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

Read in English

കെഎസ്ആര്‍ടിസിയുടെ വലിയ ഫാനാണ് താനെന്നും ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണു വിളിച്ചതെന്നും റോസ്മി മനോരമ ഓണ്‍ലൈനോട് പറഞ്ഞു. സ്ഥിരം യാത്ര ചെയ്യുന്ന വണ്ടിയാണ്. ആ വണ്ടിയിലാണു വീട്ടിലേക്കെത്തുന്നതും. നല്ല ഓര്‍മ്മകളുള്ളതിനാല്‍ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. സംഭാഷണം ഇത്രവേഗം പ്രചരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും റോസ്മി പറഞ്ഞു.

Rosmy Sunny visits Tomin Thachankary ടോമിൻ ജെ. തച്ചങ്കരിയെ കാണാനെത്തിയ റോസ്മിയും സുഹൃത്തും. ചിത്രം: മനോരമ

∙ ചങ്കിനകത്ത് കെഎസ്ആർടിസി...

‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയിൽ ഇത്ര ദാരിദ്ര്യമാണോ?’ ഏതാനും ദിവസം മുൻപ് കെഎസ്ആർടിസിയിലേക്കു വന്ന ഒരു ഫോൺ സന്ദേശമായിരുന്നു അത്. അങ്ങേത്തലയ്ക്കൽ അജ്ഞാതയായ ഒരു പെൺകുട്ടി. കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നായിരുന്നു ഫോൺ വിളി. ഇങ്ങേത്തലയ്ക്കൽ ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്പെക്ടർ സി.ടി.ജോണി. 

ഈരാറ്റുപേട്ട–കൈപ്പള്ളി–കോട്ടയം–കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്ന ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു പെൺകുട്ടി വിളിച്ചത്. ജോണി എല്ലാം ക്ഷമയോടെ കേട്ടിരുന്ന് പെൺകുട്ടിക്ക് ആശ്വാസകരമായ മറുപടിയും നൽകി. എന്തായാലും ഫോൺ സന്ദേശം വൈറലായി. ആ ബസാകട്ടെ അതിനോടകം ആലുവയിൽ നിന്ന് കണ്ണൂരെത്തിയിരുന്നു. പക്ഷേ ‘ആരാധിക’യുടെ ഹൃദയത്തിൽ നിന്നുള്ള അപേക്ഷ കെഎസ്ആർടിസിക്കും തള്ളിക്കളനായില്ല. കണ്ണൂരിൽ നിന്ന് വൈകാതെ തന്നെ ബസ് ഈരാറ്റുപേട്ടയിലെത്തി. സർവീസും തുടങ്ങിക്കഴിഞ്ഞു. ബസിനു മുന്നിൽ തന്നെ ചുവന്ന അക്ഷരത്തിൽ ‘ചങ്ക്’ എന്നു പേരും എഴുതി.

കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരിയാണ് ആർഎസ്‌സി 140ക്ക് ‘ചങ്ക് ബസ്’ എന്നു പേരിട്ടത്. മാതൃകാപരമായി ആ ഫോണ്‍വിളിക്കു മറുപടി നൽകിയ ജോണിക്കു കെഎസ്ആർടിസിയുടെ അഭിനന്ദനക്കത്തും ഔദ്യോഗികമായി എംഡി അയച്ചു.

ഏതാനും ദിവസം മുൻപാണു ഡിപ്പോയിലേക്കുള്ള പെൺകുട്ടിയുടെ ഫോൺ വിളി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. ആരോടാണു പരാതി പറയേണ്ടതെന്ന് അറിയില്ലെന്നു പറഞ്ഞായിരുന്നു ഫോൺ വിളി. ആരാണു വിളിക്കുന്നതെന്നു ചോദിച്ചിട്ടും പെൺകുട്ടി പേരു പറഞ്ഞില്ല. ഡിഗ്രി വിദ്യാർഥിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാണ്, ബസിന്റെ ആരാധാകരായി തങ്ങൾ കുറേ പേരുണ്ടെന്നുമായിരുന്നു മറുപടി. എംഡിക്കു പരാതി കൊടുത്താൽ നടപടിയുണ്ടാകുമോ എന്നും ചോദ്യമുണ്ടായി. പരാതി കൊടുക്കാൻ പോകുകയാണെന്നും പെൺകുട്ടി വ്യക്തമാക്കി. ഇത്തരത്തിലൊരു പരാതി ആദ്യമായിട്ടാണെന്നും നൽകാനുമായിരുന്നു ചിരിയോടെ ജോണിയുടെ നിർദേശം. തുടര്‍ന്ന് സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശേഷമുള്ളതെല്ലാം ചരിത്രം.

related stories