Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില കുറയാൻ രണ്ടിലൊരാൾ കനിയണം; ഒന്നുകിൽ മോദി, അല്ലെങ്കിൽ സൗദി

പിങ്കി ബേബി
Oil-Price Oil Price - Representative Image

കൊച്ചി∙ ദിവസവും പുതിയ റെക്കോർഡുകളാണ് ഇന്ധനവിലയിലുണ്ടാകുന്നത്. ഇന്നും പത്തു മുതൽ 20 പൈസയുടെ വർധനയുണ്ടായി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറയാനുള്ള സാധ്യതകളൊന്നും നിലനിൽക്കുന്നില്ലാത്തതിനാൽ ഇന്ധനവിലയിൽ ഒരാശ്വാസവും ഉടൻ പ്രതീക്ഷിക്കേണ്ടതില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു മാത്രമാണ് ഇനി വിലകുറയ്ക്കാൻ കഴിയുക. എക്സൈസ് നികുതി കുറച്ചോ, പെട്രോളിനെയും ഡീസലിനെയും ചരക്ക്, സേവന നികുതി പരിധിയിൽ ഉൾപ്പെടുത്തിയോ വില കുറയ്ക്കാൻ കേന്ദ്രത്തിനു കഴിയുമെങ്കിലും നടപടി ഇല്ലെന്നു തന്നെയാണു കേന്ദ്രത്തിന്റെ നിലപാട്.

ഡീസൽവില റെക്കോർഡ് ഉയരത്തിലെത്തിയ ഏപ്രിൽ ആദ്യവാരം തന്നെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്നു മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രസ്താവന നടത്തിയിരുന്നു. ഇന്ധനവില ദിവസവും നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കു നൽകിയ കഴിഞ്ഞ ജൂൺ ഒന്നു മുതൽ എണ്ണവില പടിപടിയായി കുതിക്കുകയാണ്. ഇതിനിടെ ഡൽഹിയിലെ പെട്രോൾ വിലയും ഇന്ന് റെക്കോർഡ് കടന്നു.

∙ വില കുറയണമെങ്കിൽ

വില കുറയണമെങ്കിൽ ഒന്നുകിൽ നികുതി കുറയ്ക്കണം, എല്ലെങ്കിൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുറയണം. പക്ഷേ, ഈ രണ്ടു സാധ്യതകളും ഇപ്പോഴില്ല എന്നതാണു വാസ്തവം.

∙ സൗദി കനിയണം

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില അഞ്ചു വർഷം മുൻപ് ബാരലിന് 147 ഡോളർ വരെ എത്തിയിരുന്നു. പക്ഷേ, വില പിന്നീടു കുത്തനെ ഇടിഞ്ഞു. 40 ഡോളറിന്റെ പരിസരത്തേക്ക് എണ്ണവില ഇടിഞ്ഞപ്പോൾ സൗദിയുടെ സാമ്പത്തിക നില പരുങ്ങലിലായി. എണ്ണ ഉൽപാദനം കൂടി, ആവശ്യത്തിലധികം എണ്ണ വിപണികളിലെത്തിയതിനെത്തുടർന്നാണു വില ഇടിഞ്ഞത്. പക്ഷേ ഇപ്പോൾ വീണ്ടും എണ്ണവിലയുടെ ഗ്രാഫ് ഉയർന്നു തുടങ്ങി. ഉൽപാദനം കുറക്കാനുള്ള ഉൽപാദക രാജ്യങ്ങളുടെ തീരുമാനം തന്നെയാണ് ഇതിനു പിന്നിൽ. എണ്ണവില കൂട്ടി സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള നീക്കത്തിലാണ് സൗദി അറേബ്യ. വില 80 ഡോളറിലേക്ക് അടുക്കുന്നതിന്റെ പ്രധാന കാരണം സൗദി അറേബ്യയുടെ ഈ തീരുമാനമാണ്.

എണ്ണവില ഉയർന്നെങ്കിലും ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനത്തിലാണ് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്. അസംസ്കൃത എണ്ണവില ബാരലിന് 80 മുതൽ 100 ഡോളർ വരെ എത്തിക്കുകയാണ് സൗദിയുടെ ലക്ഷ്യം. റഷ്യയും ഒപെക് രാജ്യങ്ങളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്. 80 ഡോളർ വില വന്നതിനുശേഷം മാത്രം ഉൽപാദനം കൂട്ടിയാൽ മതിയെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സൗദി. അവരുടെ ഈ തീരുമാനത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വിമർശിക്കുകയും ചെയ്തിരുന്നു. മറ്റൊരു എണ്ണ ഉൽപാദക രാജ്യമായ വെനസ്വേലയിൽ ഉൽപാദനം 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. അമേരിക്ക സിറിയയിൽ നടത്തിയ വ്യോമാക്രമണങ്ങളും രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്. ഡോളർ ശക്തമായി നിൽക്കുന്നതും എണ്ണവില കൂടാൻ കാരണമാകുന്നുണ്ട്.

∙ കേന്ദ്രം കനിയുമോ

യാത്രാച്ചെലവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മൂലം ജനങ്ങൾ പൊറുതി മുട്ടുമ്പോഴും എക്സൈസ് നികുതി കുറച്ച് ഇന്ധനവില കുറയ്ക്കാനുള്ള നീക്കം കേന്ദ്രം നടത്തില്ല. 2014 നവംബർ മുതൽ 2016 ജനുവരി വരെ എക്സൈസ് നികുതി ഒൻപതു തവണ കൂട്ടിയ കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങളോടു വിൽപന നികുതി കുറച്ചു വിലനിയന്ത്രിക്കാനാണു പറയുന്നത്. രാജ്യാന്തര വിപണിയിലെ വില കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു പറയുന്ന കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിൽ നിന്നു നികുതി കുറയ്ക്കൽ നടപടി ഉടൻ പ്രതീക്ഷിക്കേണ്ടതില്ല.

മൂല്യവർധിത നികുതിയോ വിൽപന നികുതിയോ കുറച്ചു സംസ്ഥാന സർക്കാരുകൾ വില നിയന്ത്രിക്കണമെന്ന് ഇന്നലെയും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെട്രോൾ വില വർധന മൂലമുണ്ടാകുന്ന ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പത്തോത് ഇനിയും കൂട്ടും. ഇതുമൂലം കറന്റ് അക്കൗണ്ട് കമ്മി കൂടും. ഇതു രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെയും വളർച്ചയെയും പിന്നോട്ടടിക്കും.