Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയിലെ മരണങ്ങൾ വിഷാംശം ഉള്ളിൽചെന്ന്; യുവതിയായ വീട്ടമ്മ കസ്റ്റഡിയിൽ

soumya സൗമ്യ

തലശ്ശേരി∙ പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ നാലു മാസത്തിനിടെ മരിക്കാനിടയായതു കൊലപാതകങ്ങളാണെന്ന സൂചനയ്ക്കിടെ, കുടുംബത്തിലെ ശേഷിച്ച അംഗം സൗമ്യയെ അന്വേഷണ സംഘം ആശുപത്രിയിൽനിന്നു കസ്റ്റഡിയിലെടുത്തു. വിഷം ഉള്ളിൽ ചെന്നാണ് ഇവർ മരിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്നാണു സൗമ്യയെ കസ്റ്റഡിയിലെടുത്തത്. വണ്ണത്താംവീട്ടിൽ കുഞ്ഞേരി കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, കുഞ്ഞിക്കണ്ണന്റെ മകൾ സൗമ്യയുടെ മകൾ ഐശ്വര്യ (9) എന്നിവരാണു കഴിഞ്ഞ നാലു മാസത്തിനിടെ ഛർദ്ദിയെ തുടർന്നു മരിച്ചത്. സൗമ്യയുടെ രണ്ടാമത്തെ മകൾ കീർത്തന (1) ആറു വർഷം മുൻപ് സമാന സാഹചര്യങ്ങളിൽ ഛർദ്ദിയെ തുടർന്നു മരിച്ചിരുന്നു.

Read in English

തുടർച്ചയായി മരണങ്ങൾ ഉണ്ടായതിനെ തുടർന്നു നാട്ടുകാർ പരാതികളും സംശയവും ഉന്നയിക്കുകയായിരുന്നു. ഇതേത്തുടർന്നു കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ഐശ്വര്യയുടെയും പോസ്റ്റ്മോർട്ടം നടത്തി. ഇതിൽ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹത്തിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫേറ്റിന്റെ അംശം കണ്ടെത്തി. ഇതു ചെറിയ അളവിൽ പോലും ശരീരത്തിൽ ചെല്ലുന്നതു ഛർദ്ദിയും ശ്വാസംമുട്ടലും ഉണ്ടാക്കുമെന്നും രക്തസമ്മർദ്ദം കുറഞ്ഞ് അപകടാവസ്ഥയിലാകുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ശരീരത്തിൽ വിഷാംശം കണ്ടതോടെ മരണങ്ങൾ കൊലപാതകമാകുമെന്ന സംശയത്തിലാണു പൊലീസ്. ഇതേത്തുടർന്നാണു സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സൗമ്യയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവാക്കൾക്കു വേണ്ടിയും തിരച്ചിൽ നടത്തുകയാണ്.

അതേസമയം, സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രത്യേക നിർദേശ പ്രകാരമാണു കൈസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്. ‌‌‌