Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ പീഡനങ്ങൾ പെരുകാൻ കാരണം അശ്ലീല വെബ്സൈറ്റുകൾ: ബിജെപി മന്ത്രി

18-plus-adults-only-representational-image പ്രതീകാത്മക ചിത്രം

ഭോപ്പാൽ∙ ഇന്ത്യയിൽ മാനഭംഗവും സ്ത്രീകൾക്കെതിരായ മോശം പെരുമാറ്റവും വർധിക്കാൻ കാരണം അശ്ലീല െവബ്സൈറ്റുകളാണെന്ന അഭിപ്രായവുമായി മധ്യപ്രദേശിന്റെ ആഭ്യന്തരമന്ത്രി. സംസ്ഥാനത്ത് ഇത്തരം വെബ്സൈറ്റുകൾ നിരോധിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി ഭൂപേന്ദ്ര സിങ് അറിയിച്ചു. വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കാനിരിക്കുകയാണു മധ്യപ്രദേശ് സർക്കാർ.

25 അശ്ലീല വെബ്സൈറ്റുകൾ മധ്യപ്രദേശ് സർക്കാർ ഇതിനോടകം നിരോധിച്ചതായാണു റിപ്പോർട്ടുകൾ. ഏപ്രിൽ 19ന് ഇൻഡോറിൽ‌ കുരുന്നിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു സിങ്ങിന്റെ പ്രസ്താവന വരുന്നത്.

രണ്ടു ദിവസങ്ങൾക്കുമുൻപ് ഇൻഡോർ നഗരത്തിലെ തെരുവിലൂടെ നടന്നുപോകവെ അനുഭവിക്കേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു മോഡലും ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. നടന്നുപോയ മോഡലിന്റെ പാവാട വലിച്ചുപൊക്കാനുള്ള ശ്രമം തെരുവിൽ നടന്നിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും ഇവർ ട്വിറ്ററിലൂടെ വ്യക്തമാക്കി.

കഠ്‌വ, ഉന്നാവ് പീഡനക്കേസുകളുടെ പശ്ചാത്തലത്തിൽ ബാലികമാരെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ വിധിക്കാൻ അനുവദിക്കുന്ന ഓർഡിനൻസ് കേന്ദ്രമന്ത്രിസഭ പുറത്തിറക്കിയിരുന്നു. 12 വയസ്സുവരെ പ്രായമുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ വരെ ഇനി ലഭിക്കാം. പല സംസ്ഥാനങ്ങളും പീഡനക്കേസുകളിൽ ശക്തമായ നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.