Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെയ്തലക്കാവിലമ്മ വിളംബരം ചെയ്തു: പൂരമായി

Thrissur-Pooram തൃശൂർ പൂരത്തിന് ആരംഭം കുറിച്ച് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവ് ഭഗവതി തെച്ചിക്കോട്ട് രാമചന്ദ്രന്റെ ശിരസിലേറി ജനസാഗരത്തിനിടയിലേക്ക്. ചിത്രം: ഫഹദ് മുനീർ

തൃശൂർ ∙ പൂരം വരവ് ശംഖ് വിളിച്ചു വിളംബരം ചെയ്തു നെയ്തലക്കാവിലമ്മ തെക്കേഗോപുര നടതുറന്നെത്തി. പൂരം വിളംബരത്തിനായി നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെക്കേഗോപുര കടന്ന് എത്തുന്ന ഗജവീരൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ പതിനായിരങ്ങളാണ് എത്തിയത്. രാജകീയമായ ആ വരിവിൽ ആനപ്രേമികൾ രാമാ..രാജരാമാ.. എന്നാർത്തുവിളിച്ചു.

ഇത്തവണ ഉച്ചച്ചൂടിലും പതിവിലേറെ നട തുറക്കാൻ വൈകിയിട്ടും ആനപ്രേമികളുടെ ആവശം ചോർന്നുപോയില്ല. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയോടെയാണു നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രസന്നിധിയില്‍ എത്തിയത്. പന്ത്രണ്ടു മണിയോടെ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരം ചടങ്ങുകൾക്കു തുടക്കമായി.

Thrissur Pooram തൃശൂർ പൂരത്തിന് ആരംഭം കുറിച്ച് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവ് ഭഗവതി തെച്ചിക്കോട്ട് രാമചന്ദ്രന്റെ ശിരസിലേറി ജനസാഗരത്തിനിടയിലേക്ക്. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

ഒരു കാലത്ത് ചെറിയൊരു ചടങ്ങുമാത്രമായിരുന്ന പൂരം വിളബരം ആയിരങ്ങളെത്തുന്ന ചടങ്ങായി മാറാൻ കാരണങ്ങളിലൊന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. നെയ്തലക്കാവിൽ നിന്നു തിടമ്പുമായി രാമചന്ദ്രൻ പുറപ്പെടുമ്പോൾ തന്നെ പൂരത്തിന്റെ ആവേശമെത്തും. ചെറുപൂരങ്ങൾക്കു വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണു നെയ്തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണു വിശ്വാസം. പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ ചമയപ്രദര്‍ശനത്തിനും തുടക്കമായി.