Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ബന്ധമല്ല ചർച്ച, ബിജെപിയെ ചെറുത്തു തോൽപ്പിക്കൽ: കാനം രാജേന്ദ്രൻ

kanam-rajendran സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

സിപിഐയുടെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്നു കൊല്ലത്ത് തുടക്കം. 25 മുതല്‍ 29 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. പുതുച്ചേരിയിലായിരുന്നു കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്. പാലക്കാട് (1956), കൊച്ചി (1977), തിരുവനന്തപുരം (2002) പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കുശേഷം നാലാം തവണയാണ് കേരളം സമ്മേളനത്തിന് ആതിഥ്യമരുളുന്നത് എന്നതും പ്രത്യേകത. ഹൈദരാബാദില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽ കോണ്‍ഗ്രസ് ബന്ധത്തെ സംബന്ധിച്ച വാശിയേറിയ ചര്‍ച്ചകളുടെ അലയടങ്ങും മുന്‍പാണ് ഇത്തവണ സിപിഐ സമ്മേളനം ആരംഭിക്കുന്നത്. സിപിഐയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മനോരമ ഓണ്‍ലൈനോട് സംസാരിക്കുന്നു: 

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രാധാന്യം?

പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയപ്രമേയം ഞങ്ങള്‍ രണ്ടു മാസം മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തി ബിജെപിയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ ശക്തമായ ജനകീയസമരം ഉയര്‍ത്തികൊണ്ടുവരേണ്ടതുണ്ട്. ശക്തമായ പ്രതിരോധം ഉയരണം എന്നാണ് പാര്‍ട്ടി തീരുമാനം. അങ്ങനെ പ്രതിരോധം ഉയര്‍ത്താന്‍ ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികളുടെ പൊതുവേദി ഉണ്ടാകണം. ബിജെപിയുടെ ഫാസിസ്റ്റ് തീരുമാനങ്ങളേയും നയങ്ങളേയും ചെറുക്കുന്ന വേദിയായി അതു മാറണം. ഇതെല്ലാം ഞങ്ങൾ രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. അതേസംബന്ധിച്ചെല്ലാം പാര്‍ട്ടി കോണ്‍ഗ്രസ് വിശദമായി ചര്‍ച്ച ചെയ്യും. 

∙ സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നതിങ്ങനെ: ‘മതനിരപേക്ഷ ജനാധിപത്യ കക്ഷികളെ അണിനിരത്തി ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് പ്രഥമ ദൗത്യം. കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ ഇല്ലാതെയാണ് ഇതു ചെയ്യേണ്ടത്.’ ഈ വാചകം പിന്നീട് ഒഴിവാക്കി. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലാതെ എന്നു തിരുത്തി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഈ നിലപാട് ദേശീയ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും?

കോണ്‍ഗ്രസ് എന്ന ബൂര്‍ഷ്വാ പാര്‍ട്ടിയുമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒരു സമയത്തും രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയിട്ടില്ല. ഇന്നലെകളില്‍ അതു ഉണ്ടായിരുന്നില്ല. അതുകൊണ്ട് രാഷ്ട്രീയസഖ്യം ഇല്ലെന്നു സിപിഎം പറയുന്നത് ശരിയാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയം പ്രസിദ്ധീകരിച്ച് പുറത്തുവന്നശേഷം അതേക്കുറിച്ച് അഭിപ്രായം പറയുന്നതായിരിക്കും ശരി. അല്ലാതെ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ല. 

∙ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച സിപിഐ നിലപാട് എന്താണ്? ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് കൂട്ടുകെട്ട് ആവശ്യമാണോ?

ഞങ്ങള്‍ കോണ്‍ഗ്രസിനെക്കുറിച്ചല്ല ബിജെപിയെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ബിജെപിയെ എങ്ങനെ തകര്‍ക്കാം എന്നതിനെക്കുറിച്ചും അവരുടെ മുന്നേറ്റം തടയുന്നതിനുള്ള വഴി എന്തായിരിക്കണം എന്നതിനെക്കുറിച്ചുമാണ് ആലോചിക്കുന്നത്. ആര്‍‌എസ്എസും ബിജെപിയുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു. കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തിലില്ലാത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയാണ്. 

∙ കോണ്‍ഗ്രസിലെ ഒഴിവാക്കി ജനാധിപത്യകക്ഷികളുടെ ബദല്‍ സാധ്യമാണോ?

ആരുമായിട്ടൊക്കെ ചേര്‍ന്നാണ് ബിജെപിക്കെതിരെ പോരാടുന്നതെന്നു സിപിഐ പറഞ്ഞിട്ടില്ലല്ലോ? ഞങ്ങളുടെ രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസെന്ന പേരുപോലും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ബിജെപിക്കെതിരായി ചിന്തിക്കുന്ന എല്ലാവരേയും ഒരുമിപ്പിക്കണം എന്നാണ് ഞങ്ങള്‍ പറയുന്നത്. 31 ശതമാനത്തിന്റെ ഭരണത്തിനെതിരെ 61 ശതമാനം പേരെ ഒരുമിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യണം എന്നതാണ് അഭിപ്രായം.

∙ കോണ്‍ഗ്രസും സിപിഎമ്മും ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പോരെ എന്നാണ് ബിജെപി ചോദിക്കുന്നത്. കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പു സഖ്യവും ധാരണയും കേരളത്തില്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടാകില്ലേ?

അതൊക്കെ തിരഞ്ഞെടുപ്പിന്റെ സമയത്ത് തീരുമാനിക്കും. ഇപ്പോ ഉത്തരം പറയേണ്ട കാര്യമില്ല. ഞങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം ബിജെപിയുടെ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കലാണ്. അതിനു ശക്തിപകരുന്ന തീരുമാങ്ങളാകും പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുക.

∙ കോണ്‍ഗ്രസ് ബന്ധംപോലെ മാണി ബന്ധത്തെക്കുറിച്ചും സിപിഎമ്മിന് അഭിപ്രായമുണ്ട്. സിപിഐ അത് അംഗീകരിക്കുന്നുണ്ടോ?

ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഈ സമയത്ത് മാണിക്കെന്താ കാര്യം. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്താണ് കാര്യം

∙ പാര്‍ട്ടിയിലെ ഭിന്നകള്‍ പരിഹരിക്കാന്‍ കഴിഞ്ഞോ? ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്നാണ് മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മായില്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്?

എനിക്ക് അങ്ങനെ ഒരു പരാതി കിട്ടിയിട്ടില്ല. ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ എനിക്ക് അയച്ചു തന്നിട്ടുമില്ല. കിട്ടാത്ത പരാതിയെക്കുറിച്ച് എന്തു പറയാനാണ്.

∙ ജനറല്‍ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് താങ്കളെ പരിഗണിക്കുന്നതായുള്ള പ്രചാരണമുണ്ട്?

അടിസ്ഥാനരഹിതമാണ് അത്തരം പ്രചാരണം. സമ്മേളനത്തിന്റെ അജൻഡ തീരുമാനിക്കാന്‍വേണ്ടി നാഷനല്‍ കൗണ്‍സില്‍ യോഗം ഇന്നു ചേരാന്‍ പോകുന്നതേയുള്ളൂ. അതിനു മുന്‍പ് സെക്രട്ടറിയെയും മറ്റുള്ളവരെയും തിരഞ്ഞെടുക്കുന്ന ശൈലി സിപിഐയ്ക്കില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്.

related stories