Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർണക്കുടകൾ വാനിലേക്കുയർന്നു, ആവേശം നിറച്ച് തൃശൂർ പൂരം കുടമാറ്റം

Thrisur Pooram തൃശൂർ പൂരം കുടമാറ്റത്തിൽ നിന്ന്. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

തൃശൂർ∙ വർണക്കുടകൾ ഒന്നൊന്നായി വാനിലേക്കുയർന്നു. പൂരപ്രേമികളുടെ മനസ്സിൽ ആവേശം നിറച്ചു കുടമാറ്റം. കുടകളിലെ മികവിനായി തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചപ്പോൾ തൃശൂർ പൂരത്തിനെത്തിയ ജനലക്ഷങ്ങളുടെ മനസ്സു കവർന്ന് തേക്കിൻകാടൊരു വർണപൂങ്കാവനം.

അതിനിടെ ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരാണ് അനുമതി നൽകിയത്. തിരുവമ്പാട്, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം ലഭിച്ചു. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട്. നേരത്തെ അനുമതി നൽകാതിരുന്നതിനെതിരെ വലിയ പ്രതിഷേധമാണുയർന്നിരുന്നത്.

ആചാര വെടിക്ക് അനുമതിയില്ല

Thrissur Pooram തൃശൂര്‍ പൂരച്ചടങ്ങുകളില്‍നിന്ന്. ചിത്രം: ജീജോ ജോണ്‍

തിരുവമ്പാടി ഭഗവതി നായ്ക്കനാൽ പന്തലിൽ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്കു കലക്ടർ അവസാന നിമിഷം അനുമതി നിഷേധിച്ചു. ഭഗവതി പൂരത്തിന് എത്തി എന്നു പ്രഖ്യാപിക്കുന്നതു ഈ ആചാര വെടിയോടെയായിരുന്നു. ഇതിനു പ്രത്യേക വെടിക്കെട്ട് അനുമതി വേണമെന്നാണു നിർദ്ദേശം. സമ്മേളനങ്ങൾക്കുപോലും പൊട്ടിക്കാറുള്ള ഗുണ്ടു മാത്രമാണിതെന്നു ചൂണ്ടിക്കാട്ടിയിട്ടും അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ ഇത്തവണ ആചാരവെടി ഇല്ലാതെ പൂരം നടത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

Read: ‘ഇതൊക്കെയാണു മാസ്റ്റേഴ്സ്’; കുട്ടൻ മാരാരെ കാണാൻ പ്രിയനെത്തി

സാംപിൾ വെടിക്കെട്ടിനിടെ അപകടം: പാറമേക്കാവിന് നോട്ടിസ്

Thrissur Pooram മഠത്തിൽവരവ്. ചിത്രം: ഫഹദ് മുനീർ

സാംപിള്‍ വെടിക്കെട്ടിനിടെ ആറു പേര്‍ക്ക് പരുക്കേറ്റതിനു പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ക്ക് റവന്യു ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കി. ഇന്നു രാവിലെ പാറമേക്കാവ് ദേവസ്വം സെക്രട്ടറിയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്. എത്രയും വേഗം ഹാജരാകണമെന്ന നോട്ടിസ് പൂരദിവസംതന്നെ നല്‍കിയത് ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തിന്റെ ഉദാഹരണമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി പ്രതികരിച്ചു.

പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിക്കാൻ ഗുരുവായൂർ നന്ദനും പല്ലാട്ട് ബ്രമദത്തനും

പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നളളിക്കുന്നതും തെക്കോട്ട് ഇറങ്ങുന്നതും ഗുരുവായൂരപ്പന്റെ ആനയായ ഗുരുവായൂർ നന്ദൻ. പാറമേക്കാവ് ദേവസ്വം ശ്രീ പത്മനാഭനു ശാരീരിക ക്ഷീണം തോന്നിയതിനാലാണു അവസാന നിമിഷം ഈ തീരുമാനമെടുത്തത്. അതേസമയം, രാത്രിയിൽ പല്ലാട്ട് ബ്രഹ്മദത്തനായിരിക്കും തിടമ്പേറ്റുക. ഉപചാരം ചൊല്ലുന്നതിനായി ഭഗവതി പാറമേക്കാവ് രാജേന്ദ്രന്റെ പുറത്തും എഴുന്നള്ളും.

പൂരം ചടങ്ങുകൾ ഇങ്ങനെ

Thrissur Pooram മഠത്തില്‍വരവ്. ചിത്രം: ഉണ്ണി കോട്ടയ്ക്കല്‍

രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണർത്തായത്. ഇതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പടിഞ്ഞാറേ നടയിലെ ശ്രീമൂലസ്ഥാനത്തു നിന്നാൽ വരിവരിയായി ചെറുപൂരങ്ങളെത്തുന്ന കാഴ്ചകാണാം, പല ശ്രുതിയിലുള്ള വാദ്യമേളങ്ങളും ആസ്വദിക്കാം. പഴയ നടക്കാവിൽ മഠത്തിൽ വരവിന് തുടക്കമായി. പഞ്ചവാദ്യത്തിനു കോങ്ങാട് മധുവാണ് പ്രമാണി.

പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളവും തകർത്തു. തുടർന്നു രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ആരംഭിച്ച ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം തുടരുകയാണ്. ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളവും അരങ്ങേറി. വൈകിട്ട് 5.30 നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം.

അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളിൽ വർണക്കുടകളും സ്പെഷൽ കുടകളും വിരിയും.രാത്രി 11 നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. തുടർന്നു പുലർച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ ഒൻപതിനു ശ്രീമൂല സ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.