Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ ആണവകരാർ: ചേരിതിരിഞ്ഞ് രാജ്യങ്ങൾ; ‘വലിയ’ പ്രശ്നം നേരിടേണ്ടി വരുമെന്ന് ട്രംപ്

Iran-US-Nuclear-Deal ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ടു നൽകിയ ഉറപ്പുകളിൽ നിന്നു പിന്മാറുകയാണെന്ന ട്രംപിന്റെ പ്രസ്താവനയുടെ വാർത്തയുമായി പുറത്തിറങ്ങിയ പത്രം വായിക്കുന്നയാൾ. ടെഹ്റാനിൽ നിന്നുള്ള കാഴ്ച (ഫയൽ ചിത്രം)

വാഷിങ്ടൻ∙ സിറിയയിൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ അടുത്ത ‘ലക്ഷ്യം’ വ്യക്തമാക്കി യുഎസ്. ആണവ പദ്ധതികൾ പുനരാരംഭിക്കാനാണ് ഇറാന്റെ നീക്കമെങ്കിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം ‘വലിയ’ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് ഏതുനിമിഷവും പിന്മാറുമെന്ന ഭീഷണിയിൽ തുടരുന്നതിനു പിന്നാലെയാണ് യുഎസിന്റെ പുതിയ നീക്കം.

ആണവ കരാറുമായി ബന്ധപ്പെട്ടു നൽകിയ ഉറപ്പുകളിൽനിന്നു പിന്മാറുന്നതായി കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. കരാർ നിലനിൽക്കണമെങ്കിൽ കർശനമായ പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർക്കണമെന്നും ഇക്കഴിഞ്ഞ ജനുവരിയിൽ ട്രംപ് ആവശ്യപ്പെട്ടു. ഇതേ നിലപാടിൽ തുടരുന്നുവെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമൊത്തുള്ള ചർച്ചയ്ക്കൊടുവിൽ ട്രംപ് വ്യക്തമാക്കിയത്. ഇതിനു മക്രോയും പിന്തുണ അറിയിച്ചു.

അതേസമയം ട്രംപിന്റെ ആവശ്യത്തെ ഇറാനും റഷ്യയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ തള്ളി. ‘നിലവിൽ ഒരു കരാറുണ്ട്. അതിനു യാതൊരു കുഴപ്പവുമില്ല. അതു തുടരുന്ന കാര്യം ഉറപ്പാക്കണം. ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് അപ്പോൾ നോക്കാം’– യൂറോപ്യൻ യൂണിയൻ നയതന്ത്രവിഭാഗത്തിന്റെ തലപ്പത്തുള്ള ഫെഡറിക്ക മൊഗെരീനി വ്യക്തമാക്കി.

‘ഏറെ ചർച്ചകൾക്കൊടുവിലാണ് 2015ൽ കരാറുണ്ടാക്കിയത്. ആ നടപടിക്രമങ്ങളെല്ലാം ഇനിയും ആവർത്തിക്കാൻ പറ്റുമോയെന്നു സംശയമാണ്, ബുദ്ധിമുട്ടുമാണ്–ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ റഷ്യ വ്യക്തമാക്കി. വൻശക്തികളുമായുണ്ടാക്കിയ 2015ലെ ആണവക്കരാറിൽ ഒരു ഭേദഗതിയും അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. മേഖലയുടെ സുരക്ഷ സംബന്ധിച്ച് ചർച്ചയ്ക്കു തയാറാകണമെന്നു ഗൾഫ് രാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടും കഴിഞ്ഞു.

വൻ യുദ്ധങ്ങൾക്കു കാരണമാകുന്ന ‘ആധിപത്യപരമായ മിഥ്യാബോധ’ങ്ങളാൽ നയിക്കപ്പെടുന്നവരിൽ നിന്നു മാറി നിൽക്കേണ്ട സമയമായി. ഇതിന് ഐക്യരാഷ്ട്ര സംഘടനയും മുൻകയ്യെടുക്കണം. കലുഷിതമാകുന്ന മധ്യപൗരസ്ത്യ ദേശത്തെ വിഷയങ്ങൾ ചർച്ച ചെയ്യാൻ മേഖലയിലെ വിവിധ രാജ്യങ്ങൾ ചേർന്ന ചർച്ചാഫോറം രൂപീകരിക്കണമെന്നും യുഎൻ ചർച്ചയിൽ ഇറാനിയൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പറഞ്ഞു.

ഇറാനുമായുള്ളത് ‘ഭ്രാന്തൻ’ കരാർ

പ്രസിഡന്റായിരിക്കെ ബറാക് ഒബാമയും ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയും തമ്മിൽ ഫോണിൽ സംസാരിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാകാൻ വഴിതെളിച്ചത്. തുടർന്ന് 2015ൽ ആണവ പദ്ധതികൾ കുറയ്ക്കാൻ ഇറാൻ സമ്മതിച്ചു. തൊട്ടടുത്ത വര്‍ഷം ഇറാനെതിരായ ഉപരോധങ്ങളും നീക്കി.

യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യൂറോപ്യൻ യൂണിയൻ, ഇറാൻ എന്നിവർ ചേർന്ന് ഒപ്പിട്ട കരാർ പ്രകാരമാണ് ഇറാനെതിരെയുള്ള ഉപരോധങ്ങൾ ഒഴിവാക്കിയത്. എന്നാൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്ന ഒരു ‘ഭ്രാന്തൻ’ കരാറാണ് 2015ൽ ഉണ്ടാക്കിയതെന്ന് ട്രംപ് പറഞ്ഞു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം യുഎസിലെത്തിയ മക്രോയുടെ നീക്കങ്ങളിലൊന്ന് ട്രംപിനെ കരാറിൽ ഉറപ്പിച്ചു നിർത്തുക എന്നതായിരുന്നു. എന്നാൽ നിലപാടിൽ ഉറച്ചു നിന്ന ട്രംപ് ചില വ്യവസ്ഥകളിൽ മാറ്റം വരുത്തിയാൽ തുടരുന്ന കാര്യം പരിഗണിക്കാമെന്നു പറഞ്ഞു.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളെ പ്രതിരോധിക്കാനും യെമനിലെയും സിറിയയിലെയും ഇടപെടലുകളെ ചെറുക്കാനുമുളള യാതൊന്നും കരാറില്‍ ഇല്ലെന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം ഗള്‍ഫ് മേഖലയിൽ സംഘർഷങ്ങൾ ഇല്ലാതാക്കാനും ആണവനിർവ്യാപനത്തിനുമായി യുഎസിനൊപ്പം നിൽക്കുമെന്നു ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയയിലെയും ഇറാനിലെയും നശീകരണ ശേഷിയുള്ള ആയുധങ്ങൾ ഇല്ലാതാക്കാനും ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാനും യുഎസിനും ഫ്രാൻസിനും സാധിക്കുമെന്നും മക്രോ വ്യക്തമാക്കി.

അതിനിടെ, എത്രയും പെട്ടെന്നു കൂടിക്കാഴ്ച നടത്തണെമന്നാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആവശ്യപ്പെടുന്നതായി ട്രംപ് മക്രോയുടെ സംഘത്തെ അറിയിച്ചു. ചർച്ച സംബന്ധിച്ചു തുറന്ന മനോഭാവത്തോടെ, സത്യസന്ധമായാണ് ഇതുവരെയുള്ള കിമ്മിന്റെ നിലപാടുകളെന്നും ട്രംപ് വ്യക്തമാക്കി.

‘സിറിയൻ മോഡൽ’ യുദ്ധ സാഹചര്യം

ദൗമയിൽ രാസായുധ പ്രയോഗം നടത്തിയതിന് യുഎസും ജർമനിയും ഫ്രാൻസും സംയുക്തമായി കഴിഞ്ഞയാഴ്ച സിറിയയിലെ വിവിധ കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തിരുന്നു. നിലവിൽ സിറിയയ്ക്കു സമാനമായ സാഹചര്യമാണ് ഇറാൻ വിഷയത്തിലും ഉയർന്നു വരുന്നത്. യുഎസും ഫ്രാൻസും ഉൾപ്പെടെ ഒരു വശത്ത്. ഇറാനും റഷ്യയും സിറിയയും ഉൾപ്പെടെ മറുവശത്തും.

സിറിയയിൽ ബഷാർ അൽ അസദിന്റെ സൈന്യത്തിന് റഷ്യയുടെയും ഇറാന്റെ ഹിസ്ബുല്ല വിഭാഗത്തിന്റെയും പിന്തുണയുണ്ട്. സിറിയൻ വിഷയത്തിൽ യുഎസിനെ പിന്തുണച്ച യൂറോപ്യൻ യൂണിയനാകട്ടെ ഇറാൻ വിഷയത്തിൽ മറുപക്ഷത്താണ്. ഐക്യരാഷ്ട്ര സംഘടന പതിവു പോലെ ‘ചർച്ചാവേദി’യായിത്തുടരുകയും ചെയ്യുന്നു.