Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം പദ്ധതി: മറ്റു കമ്പനികളെ തടഞ്ഞ് അദാനിക്ക് കൈവിട്ട സഹായമെന്നും ആരോപണം ‌

vizhinjam-file-pic

കൊച്ചി∙ വിഴി‍ഞ്ഞം തുറമുഖ പദ്ധതിയുടെ ടെൻഡറിൽ മറ്റു കമ്പനികൾ പങ്കെടുക്കുന്നതു തടയാൻ ശ്രമം നടന്നതായി ജുഡീഷ്യൽ കമ്മിഷനിൽ ആരോപണം. പദ്ധതിക്കായി താൽപര്യപത്രം സമർപ്പിച്ചിരുന്ന ഒഎച്ച്എൽ– സ്രേ കൺസോർഷ്യം  അവസാന തീയതി ദീർഘിപ്പിക്കാൻ കത്തു നൽകിയിട്ടും എംപവേഡ് കമ്മിറ്റി അതിനു തയാറായില്ലെന്നും ഇത് അദാനി ഗ്രൂപ്പിനെ സഹായിക്കാൻ വേണ്ടിയായിരുന്നു എന്നും വിഴിഞ്ഞം പദ്ധതിക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിൽ ഹർജി കൊടുത്തിരുന്ന  ജോസഫ് വിജയൻ ആരോപിച്ചു.

പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന മലേഷ്യൻ കമ്പനിയെ ടെൻഡറിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും പദ്ധതിക്ക് അനുകൂല തീരുമാനം എടുത്ത സർവകക്ഷി യോഗത്തെ എംപവേഡ് കമ്മിറ്റിയുടെ മിനിറ്റ്സ് പൂർണമായും  ധരിപ്പിച്ചിരുന്നില്ലെന്നും  ജോസഫ് വിജയൻ ആരോപിച്ചു. വിഴിഞ്ഞം പദ്ധതി പരിസ്ഥിതിക്ക് പൂർണമായും ദോഷം ചെയ്യുന്നതാണെന്ന് ജോസഫ് വിജയൻ പറഞ്ഞു. തുറമുഖ പദ്ധതി എന്നതിനേക്കാൾ ഉപരി, ഇത് റിയൽ എസ്റ്റേറ്റ് പദ്ധതിയാണ്. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ മാതൃക കരാർ, ഗജേന്ദ്ര ഹാൽദിയ എന്ന വ്യക്തിയുടെ ഭാവനകൾ മാത്രമാണെന്നും അതിന് ഔദ്യോഗിക അംഗീകാരമില്ലെന്നും  ജോസഫ് വിജയൻ വാദിച്ചു. 

കരാർ അദാനി ഗ്രൂപ്പിനു നൽകിയതിൽ അടിമുടി അഴിമതിയാണെന്ന് ആന്റി കറപ്ഷൻ മൂവ്മെന്റിനു വേണ്ടി ഷൈജൻ, വിവരാവകാശ പ്രവർത്തകൻ സാമുവൽ, ഹൈക്കോടതിയിൽ  കമ്മിഷൻ പിരിച്ചു വിടാനുള്ള ഹർജി നൽകിയ എൻ.കെ.സലീം എന്നിവർ ആരോപിച്ചു. അർഥശൂന്യമായ ആരോപണങ്ങൾ ഉന്നയിക്കാനുള്ള വേദിയല്ല ജുഡീഷ്യൽ കമ്മിഷനെന്നും രേഖകളുടെ അടിസ്ഥാനത്തിൽ സംസാരിക്കണമെന്നുമായിരുന്നു ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ നിലപാട്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും തുറമുഖ മന്ത്രി കെ.ബാബുവിനെയും വിളിച്ചു വരുത്തണമെന്ന് എൻ.കെസലീം ആവശ്യപ്പെട്ടു. കമ്മിഷന്റെ പ്രവർത്തന ലക്ഷ്യം എന്താണെന്ന് ആദ്യം മനസിലാക്കാനാണ് സലീമിനോട് കോടതി ആവശ്യപ്പെട്ടത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് പഠിക്കാനും  രേഖകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ ഉന്നയിക്കാനും കമ്മിഷൻ ആവശ്യപ്പെട്ടു. സിറ്റിങ് ഇന്നും തുടരും.