Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറിരട്ടി ഊറ്റിയിട്ടും മതിയായില്ല‌; വെള്ളാനകളായി നാലു ജലസേചന പദ്ധതികൾ

Banasura-Sagar-Dam ബാണാസുര സാഗർ ഡാം. (ഫയൽ ചിത്രം∙ മനോരമ)

തിരുവനന്തപുരം ∙ പതിറ്റാണ്ടുകളായി കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടും പണിതീരാത്ത നാലു ജലസേചന പദ്ധതികൾ ഉടൻ പൂർത്തിയാക്കുന്നത് എങ്ങനെ? ആസൂത്രണ ബോർഡിന്റെ സാങ്കേതിക സമിതി വൈകാതെ ഇതുസംബന്ധിച്ചു സർക്കാരിനു റിപ്പോർട്ട് നൽകും. കാരാപ്പുഴ, ബാണാസുരസാഗർ, ഇടമലയാർ, മൂവാറ്റുപുഴ പദ്ധതികൾ ഈ പഞ്ചവത്സര പദ്ധതി അവസാനിക്കുന്നതിനു മുമ്പു പൂർത്തിയാക്കണമെന്നു നിർദേശിക്കുന്ന പ്രാഥമിക റിപ്പോർട്ട് ആസൂത്രണ ബോർഡ്, മുഖ്യമന്ത്രി പിണറായി വിജയനു നൽകിയിരുന്നു.

ഈ പദ്ധതികൾ തുടങ്ങിയ കാലത്ത് ഉദ്ദേശിച്ചിരുന്നതിന്റെ നൂറിരട്ടി തുക ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. ഇനിയും അത്രയും കൂടി ചെലവഴിച്ചാലേ പൂർണമാകൂ. ഇതിൽ ചില പദ്ധതികൾ തുടങ്ങിയിട്ട് 47 കൊല്ലമായി. അന്നുണ്ടായിരുന്ന കൃഷിയിടങ്ങളൊന്നും ഇപ്പോഴില്ല. പദ്ധതി തുടങ്ങിയിട്ട് അര നൂറ്റാണ്ടായിട്ടും ഭൂമി ഏറ്റെടുക്കൽ നടപടി പോലും പൂർണമായിട്ടില്ല. സർക്കാർ ഖജനാവിൽനിന്നു കോടികൾ പാഴാക്കുന്ന വെള്ളാനയായി മാറിയിരിക്കുകയാണ് പല പദ്ധതികളും. ഇതിൽ ഒരു പദ്ധതിയുടെ കനാൽ വെട്ടിയിരിക്കുന്നതു നദിക്കു സമാന്തരമായി വനത്തിനുള്ളിലൂടെയാണ്. വനത്തിലെ 32 കിലോമീറ്ററിൽ ഒരിടത്തും കൃഷിയിടങ്ങളില്ല.

ചില സ്ഥലങ്ങളിൽ നിർമിച്ച കനാലുകൾ രണ്ടു മലകളുടെയും അപ്പുറവും ഇപ്പുറവുമായി കൂട്ടിമുട്ടാതെ നിൽക്കുകയാണ്. ഇവ കൂട്ടിയോജിപ്പിക്കുന്നതിനു നീർപ്പാലം പണിയണം. നീർപ്പാലം നിർമിക്കേണ്ട സ്ഥലത്തു തിരക്കേറിയ റോഡുകൾ വന്നിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഹൈടെൻഷൻ വൈദ്യുത ലൈനുകളുള്ളതിനാൽ നീർപ്പാലം പണിയാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. ഖജനാവ് ഊറ്റുന്ന ഇത്തരം പദ്ധതികൾ നിർത്തി വയ്ക്കുന്നതു പ്രാദേശികമായ പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാൽ എത്രയും വേഗം ശേഷിച്ച പണി പൂർത്തിയാക്കാനാണു തീരുമാനം.

ജലവിഭവ വകുപ്പിന്റെ ആവശ്യം അനുസരിച്ച് ആസൂത്രണ ബോർഡിന്റെ സാങ്കേതിക സമിതി ഇതേക്കുറിച്ചു പഠിക്കുകയും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുമ്പിൽ പ്രാഥമിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. അത്യാവശ്യ നിർമാണ ജോലികൾ ഈ പഞ്ചവൽ‌സര പദ്ധതിക്കാലത്തു പൂർത്തിയാക്കി നിർമാണം അവസാനിപ്പിക്കും. അതിനു തടസ്സമുണ്ടെങ്കിൽ മറികടക്കുന്നതെങ്ങനെയെന്നു സാങ്കേതിക പഠനം നടത്തി നിർദേശിക്കും.