Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളില്ലാ ലെവൽക്രോസിൽ ട്രെയിനും സ്കൂൾബസും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു

unmanned-level-cross-accident-up അപകടത്തിൽതകർന്ന സ്കൂൾ ബസ്. ചിത്രം: എഎൻഐ, ട്വിറ്റർ

ഗോരഖ്പുർ∙ ഉത്തർപ്രദേശിലെ കുഷിനഗറിൽ ആളില്ലാ ലെവൽക്രോസിൽ ട്രെയിനും സ്കൂൾബസും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. എട്ടു വിദ്യാർഥികൾക്കു ഗുരുതരമായി പരുക്കേറ്റു. ഗോരഖ്പുറിൽനിന്ന് 50 കിലോമീറ്റർ അകലെയാണു കുഷിനഗർ. ഡിവൈൻ പബ്ലിക് സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ബേഹ്പുർവയിലെ ആളില്ലാ ലെവൽക്രോസിൽവച്ച് 55075 താവെ – കപതാൻഗഞ്ച് ട്രെയിനാണു സ്കൂൾ ബസുമായി കൂട്ടിയിടിച്ചതെന്നു റെയിൽവേ വക്താവ് വേദ്പ്രകാശ് അറിയിച്ചു. ഗോരഖ്പുരിൽനിന്നു സിവാനിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിൻ.

സ്കൂൾ ബസിൽ വിദ്യാർഥികളടക്കം കുറഞ്ഞത് 25 പേരുണ്ടായിരുന്നു. കുട്ടികളിൽ ഭൂരിഭാഗവും 10 വയസ്സിൽ താഴെയുള്ളവരാണ്. ഗെയിറ്റ് കാവൽക്കാരൻ ബസ് തടയാൻ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നുവെന്ന് വക്താവ് വ്യക്തമാക്കി. ബനാറസ് റെയിൽവേ ഡിവിഷനിലെ ദുധി സ്റ്റേഷനു സമീപമുള്ള ആളില്ലാ ലെവൽക്രോസ് 45ലാണ് അപകടമുണ്ടായത്.

നിർഭാഗ്യകരമായ സംഭവമാണിതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തണമെന്ന് ജില്ലാ ഭരണകൂടത്തിനു മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു.