Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രമായി കൂടിക്കാഴ്ച; കൊറിയൻ യുദ്ധം അവസാനിക്കുന്നു, കരാർ ഒപ്പിടുമെന്ന് കിം

Kim Jong Un കൊറിയൻ യുദ്ധം അവസാനിപ്പിക്കുമെന്ന കിം ജോങ് ഉന്നിന്റെ പ്രസ്താവന റോഡരികിലെ കൂറ്റൻ ടിവിയിൽ വീക്ഷിക്കുന്നവർ. സോളിൽ നിന്നുള്ള കാഴ്ച.

സോൾ∙ കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ കരാർ ഒപ്പിടുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഇരുകൊറിയകളുടെയും തലവന്മാര്‍ തമ്മിൽ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. സമ്പൂര്‍ണ ആണവനിരായുധീകരണം നടപ്പിലാക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കൊറിയൻ പെനിസുലയിൽ സ്ഥിരവും ഉറപ്പുള്ളതുമായ സമാധാനം കൊണ്ടുവരുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായിട്ടുണ്ട്. ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഔപചാരിക ചർച്ച നടക്കുന്നത്. ആദ്യമായാണ് ഉത്തര കൊറിയൻ ഭരണത്തലവൻ ദക്ഷിണ കൊറിയയിൽ എത്തുന്നത്.

Kim Jong Un and Moon Jae-in ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ–ഇന്നും

രാവിലെ ഒൻപതരയ്ക്കു (ഇന്ത്യൻസമയം രാവിലെ ആറ്) ആണ് രാവിലെ ആറിനാണ് കിം ജോങ് സൈനികമുക്ത മേഖലയായ പൻമുൻജോങ്ങിലെത്തിയത്. ദക്ഷിണകൊറിയയിലേക്ക് കാൽനടയായി പ്രവേശിക്കുകയും ചെയ്തു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സമാധാനഗ്രാമമായ പൻമുൻജോങ്ങിലാണു ചരിത്രപ്രധാന കൂടിക്കാഴ്ച. 1953 ജൂലൈ 27ന്, കൊറിയൻ യുദ്ധത്തിനു വിരാമമിട്ട കരാർ ഒപ്പുവച്ചത് ഇവിടെയാണ്.

കിമ്മിനെ സ്വീകരിക്കാൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ സ്ഥലത്ത് എത്തിയിരുന്നു. സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്ന് മൂൺ കിമ്മിനോട് പറഞ്ഞു. ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഔപചാരിക ചർച്ച നടക്കുന്നത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണമായിരുന്നു ചർച്ചകളിലെ നിർണായക വിഷയം. യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യവും ഇതാണ്.

സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പുതുചരിത്രമാകും ഈ കൂടിക്കാഴ്ചയെന്ന് സന്ദര്‍ശപുസ്തകത്തില്‍ കിം ജോങ് ഉന്‍ കുറിച്ചത് കരാറിലൂടെ സത്യമായി. ഉത്തരകൊറിയയുടെ ആണവായുധഭീഷണി അവസാനിപ്പിച്ച് മേഖലയില്‍ സമാധാനം ഉറപ്പിക്കുക എന്നതായിരുന്നു ദക്ഷിണകൊറിയയുടെ ആവശ്യം. ആണവനിരായുധീകരണം എന്ന ആവശ്യത്തിന് കിം ജോങ് ഉന്‍ വഴങ്ങുമെയോന്നു സംശയമുണ്ടായിരുന്നു. രാജ്യാന്തര ഉപരോധങ്ങൾ ശക്തമായിരിക്കെ അവയിൽ നിന്നു രക്ഷപ്പെടാനും ഉത്തരകൊറിയയ്ക്ക് ആണവനിരായുധീകരണം അനിവാര്യമാണ്.