Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദപീഠം; ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു

indu-malhotra ഇന്ദു മല്‍ഹോത്ര

ന്യൂഡൽഹി∙ വിവാദങ്ങള്‍ക്കിടെ ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേറ്റു. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഓഫിസിലായിരുന്നു സത്യപ്രതിജ്ഞ. അതിനിടെ, ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ നിയമനം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം എന്നുചേരണമെന്ന് ഇന്നു തീരുമാനിച്ചേക്കും.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ നിയമനത്തില്‍ തീരുമാനമാകുന്നതുവരെ ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്റ്റേ ചെയ്യണമെന്ന സുപ്രീംകോടതി അഭിഭാഷകരുടെ ആവശ്യം ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തളളിയിരുന്നു. ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചുകൊണ്ടുളള ഉത്തരവു കേന്ദ്രസര്‍ക്കാര്‍ ഇന്നലെത്തന്നെ കൈമാറി. തുടര്‍ന്നാണു സത്യപ്രതിജ്ഞ നിശ്ചയിച്ചത്.

മൂന്നു മാസത്തിലധികം തടഞ്ഞുവച്ചശേഷമാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം കേന്ദ്രം അംഗീകരിച്ചത്. എന്നാല്‍, കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി കേന്ദ്രം കൊളീജിയത്തിന്‍റെ ഫയല്‍ മടക്കുകയായിരുന്നു. നിയമന ശുപാര്‍ശ കൊളീജിയം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് അനുകൂലമായാണു പ്രതികരിച്ചത്. മടക്കിയയച്ച ഫയല്‍ ലഭിച്ചാല്‍ കൊളീജിയം പരിശോധിക്കുമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. മുതിര്‍ന്ന നാലു ജഡ്ജിമാരുടെ സൗകര്യം കൂടി കണക്കിലെടുത്തു കൊളീജിയം ചേരാനുളള തീയതി നിശ്ചയിച്ചേക്കും.

related stories