Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്കറ്റ് ലിഗയുടേതല്ല, ആരെങ്കിലും ധരിപ്പിച്ചതാകാമെന്നു പൊലീസ്; ദുരൂഹത വർധിക്കുന്നു

liga-missing.jpg.image.470.246

തിരുവനന്തപുരം∙ വിദേശ വനിത ലിഗയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിച്ചേക്കും. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് എവിടെനിന്നു വാങ്ങിയെന്നു കണ്ടെത്താനാവാത്തതു കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കോവളത്തെ എട്ടു പേര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. അതേസമയം, ലിഗ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നു ലിഗയുടെ യോഗ ടീച്ചര്‍ വി.ജി. ഷിബു മനോരമ ന്യൂസിനോടു പറഞ്ഞു.

മരിച്ചതു ലിഗയെന്നു സ്ഥിരീകരിച്ചതോടെ കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായിരിക്കുന്നതു മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ്. മൂന്നു ലാബുകളിലായി നല്‍കിയിരിക്കുന്ന ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വൈകുന്നതാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയായിട്ടും ലഭിക്കാത്തതിനു കാരണമായത്.

കാലതാമസം അന്വേഷണത്തെ ഏറെ ബാധിക്കുമെന്നതിനാല്‍ ഇന്നു റിപ്പോര്‍ട്ടു നല്‍കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ശ്വാസംമുട്ടിയുള്ള മരണം എന്നതിനൊപ്പം വിഷം ഉള്ളില്‍ചെന്നുള്ള മരണമെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ശ്വാസം മുട്ടിയെങ്കില്‍ കൊലപാതകമെന്നും വിഷം ഉള്ളില്‍ചെന്നാണങ്കില്‍ ആത്മഹത്യയെന്ന നിഗമനത്തിലേക്കും അന്വേഷണസംഘമെത്തും. അതേസമയം ലിഗയുടെ സ്വഭാവത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നൂവെന്നും ആത്മഹത്യ ചെയ്തിരിക്കാമെന്ന പൊലീസ് വിലയിരുത്തല്‍ വിശ്വസിക്കാനാവില്ലെന്നും ലിഗയെ യോഗ പരിശീലിപ്പിച്ചിരുന്ന പോത്തന്‍കോട് ധര്‍മ ആയൂര്‍വേദ സെന്ററിലെ അധ്യാപിക പറഞ്ഞു.

അതിനിടെ, ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് എവിടെനിന്നു വാങ്ങിയെന്നു കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കോവളത്തെ കടകളില്‍ പരിശോധിച്ചെങ്കിലും ലിഗ ഇതു വാങ്ങിയതായി ആരും സമ്മതിച്ചിട്ടില്ല. ഇതോടെ ആരെങ്കിലും ലിഗയെ ധരിപ്പിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതു കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്യും.