Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിയാരം ഏറ്റെടുക്കൽ തട്ടിപ്പ്: പ്രതിപക്ഷവും പ്രക്ഷോഭ സമിതിയും സമരത്തിന് 

Pariyaram-medical-college

കണ്ണൂർ∙ സർക്കാരിന്റെ ഏറ്റെടുക്കൽ പ്രഖ്യാപനം തട്ടിപ്പാണെന്നു വ്യക്തമായതോടെ പരിയാരം മെഡിക്കൽ കോളജ് വീണ്ടും വിവാദകേന്ദ്രമാകുന്നു. സംസ്ഥാനത്തെ മറ്റു ഗവ. മെഡിക്കൽ കോളജുകളെപ്പോലെ പൂർണതോതി‍ലുള്ള സർക്കാർ മെഡിക്കൽ കോളജ് പദവി പരിയാരത്തിനു ലഭിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളജ് ഭരണത്തിനു വേണ്ടി പുതിയ സൊസൈറ്റി രൂപീകരിക്കുമെന്നാണ് ഏറ്റെടുക്കൽ സമ്മേളനത്തിൽ മന്ത്രി പറഞ്ഞത്. പരിയാരം മെഡിക്കൽ കോളജിൽ നിലവിലുള്ള രീതിയിൽ നിന്നു വലിയ വ്യത്യാസമുണ്ടാവില്ലെന്നു ചുരുക്കം.

പരിയാരം മെഡിക്കൽ കോളജിനെ സൊസൈറ്റി രൂപീകരിച്ചു സ്വയംഭരണ സ്ഥാപനമാക്കാനുള്ള സർക്കാർ തീരുമാനത്തെ എന്തു വില കൊടുത്തും എതിർക്കുമെന്നു പരിയാരം പ്രക്ഷോഭ സമിതി പറഞ്ഞു. പഴയ വീഞ്ഞു പുതിയ കുപ്പിയിലാക്കുക മാത്രമാണു സർക്കാർ ചെയ്തിരിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്വാശ്രയ കോളജായി തുടരുന്നതു കൊണ്ടു സാധാരണക്കാർക്ക് ഒരു പ്രയോജനവുമില്ല.

പൂർണ തോതിലുള്ള സർക്കാർ മെഡിക്കൽ കോളജ് പദവി ആവശ്യപ്പെട്ടു ശക്തമായ സമരം തുടങ്ങുമെന്നു പരിയാരം പ്രക്ഷോഭ സമിതി ചെയർമാൻ ഡോ.ഡി. സുരേന്ദ്രനാഥ് പറഞ്ഞു. പ്രക്ഷോഭ സമിതി നാളെ കണ്ണൂരിൽ അടിയന്തര യോഗം ചേരും. സമര പ്രഖ്യാപന കൺവൻഷൻ മേയ് 12നു നടത്തും. സൗജന്യചികിത്സയും സർക്കാർ ഫീസിൽ കോഴ്സുകളും നടത്തുന്ന സർക്കാർ സ്ഥാപനമായാണ് ഏറ്റെടുക്കുക എന്നു ഹൈക്കോടതിയിൽ‌ സർക്കാർ നൽകിയ സത്യവാങ്മൂലത്തിനു വിരുദ്ധമാണു പുതിയ തീരുമാനം. സർക്കാർ നീക്കത്തെ നിയമപരമായും നേരിടുമെന്നു പരിയാരം പ്രക്ഷോഭ സമിതി അറിയിച്ചു.

ഭരണസമിതിയിലും ജീവനക്കാരിലും എൽഡിഎഫ് സർക്കാരിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണു സൊസൈറ്റി രൂപീകരണമെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി കുറ്റപ്പെടുത്തി. സർക്കാർ ഏറ്റെടുക്കുമെന്നു കോടതിയിലും ജനമധ്യത്തിലും പറഞ്ഞ എൽഡിഎഫ് ഇപ്പോൾ ജനങ്ങളെയും നീതിപീഠത്തെയും ഒരുപോലെ വഞ്ചിച്ചിരിക്കുകയാണ്. തീരുമാനത്തിനെതിരെ യുഡിഎഫ് പ്രക്ഷോഭത്തിനിറങ്ങുമെന്നും പാച്ചേനി അറിയിച്ചു.

അതിനിടെ, പരിയാരം മെ‍ഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശനവും ഫീസ് ഘടനയും സ്വാശ്രയ രീതിയിൽ തന്നെ തുടരുമെന്നും വ്യക്തമായിട്ടുണ്ട്. ചികിത്സാ നിരക്കുകളും സർക്കാർ മെഡിക്കൽ കോളജുകളിലേതു പോലെയാകില്ലെന്നും ഏറ്റെടുക്കൽ ചടങ്ങിൽ ആരോഗ്യമന്ത്രി സൂചിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാവും വ്യവസായിയുമായിരുന്ന സാമുവൽ ആറോൺ സർ‌ക്കാരിനു ക്ഷയരോഗാശുപത്രി നിർമിക്കാൻ സൗജന്യമായി നൽകിയ ഭൂമിയിലെ 119 ഏക്കറിലാണു പരിയാരം മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. സാധാരണക്കാർക്കു സൗജന്യ ചികിത്സ നൽകുന്ന ധർമാശുപത്രിക്കു വേണ്ടി മാത്രമേ സ്ഥലം ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയോടെയായിരുന്നു സാമുവൽ ആറോണിന്റെ ഭൂമിദാനം.

സർക്കാർ സഹായത്തോടെ സഹകരണ മേഖലയിലാണു മെ‍ഡിക്കൽ കോളജും ആശുപത്രിയും ആരംഭിച്ചത്. രണ്ടു പതിറ്റാണ്ടു കാലത്തോളം സിപിഎം നിയന്ത്രണത്തിൽ നടത്തിയ സ്ഥാപനത്തിന്റെ കടബാധ്യതകൾ സർക്കാരിനു മേൽ കെട്ടിവയ്ക്കാനാണ് ഇപ്പോഴത്തെ ഏറ്റെടുക്കൽ നാടകം എന്നും ആരോപണമുയരുന്നുണ്ട്. ഹഡ്കോയ്ക്കു പരിയാരം മെഡിക്കൽ കോളജ് നൽകാനുള്ള 279 കോടിയുടെ കടബാധ്യത സർക്കാർ ഏറ്റെടുത്തിരുന്നു. അതിൽ 116 കോടി ഇതിനകം സർക്കാർ അടച്ചു തീർക്കുകയും ചെയ്തു. കടബാധ്യത സർക്കാർ ചിലവിൽ തീർത്ത ശേഷം സ്ഥാപനം വീണ്ടും സിപിഎം നിയന്ത്രണത്തിലാക്കാനാണു നീക്കം എന്നാണ് ആരോപണം.