Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിയാരം മെഡിക്കൽ കോളജ് ഭരണം സ്വകാര്യ ഡോക്ടർമാർക്ക്; വിവാദം

pariyaram-medi-collage Pariyaram Medical college, Kannur, 25/07/2013- Photo by MT Vidhuraj

കണ്ണൂര്‍∙ സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിന്റെ ഭരണം സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ ഏൽപ്പിച്ചതു വിവാദമാകുന്നു. ജില്ലാ കലക്ടറും രണ്ടു സ്വകാര്യ ഡോക്ടർമാരുമടങ്ങിയ ബോർഡ് ഓഫ് കൺട്രോളിനെയാണു മെഡിക്കൽ കോളജിന്റെയും ആശുപത്രിയുടെയും ഭരണച്ചുമതല തൽക്കാലത്തേക്ക് ഏൽപ്പിച്ചിരിക്കുന്നത്. പരിയാരം മെഡിക്കൽ കോളജ് ക്യാംപസി‍ൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണു ബോർഡ് ഓഫ് കൺട്രോളിനു ചുമതല കൈമാറിയത്. പുതിയ സൊസൈറ്റി രൂപീകരിക്കുന്നതു വരെ ബോർഡ് ഓഫ് കൺട്രോളിനാണു ചുമതല.

മൂന്നംഗ ബോർ‍ഡിൽ, കലക്ടർ മിർ മുഹമ്മദ് അലി ഒഴികെ രണ്ടു പേരും സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരാണ്. എന്നു മാത്രമല്ല, ഒരാൾ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ മെഡിക്കൽ സൂപ്രണ്ടുമാണ്. സർക്കാർ മെഡിക്കൽ കോളജിന്റെ ഭാവി തീരുമാനിക്കാൻ സ്വകാര്യ മെഡിക്കൽ‌ കോളജ് മേധാവിയെ ചുമതലപ്പെടുത്തിയതിൽ ദുരൂഹതയുണ്ടെന്നു പരിയാരം പ്രക്ഷോഭ സമിതി ചൂണ്ടിക്കാട്ടുന്നു. രണ്ടു പേരും പ്രഗൽഭരായ ഡോക്ടർമാരാണെങ്കിലും സർക്കാർ മെഡിക്കൽ കോളജിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന്റെ ഹെൽത്ത് സർവീസിലെയോ മെഡിക്കൽ എജ്യുക്കേഷനിലെയോ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താതെ പുറത്തു നിന്നുള്ള സ്വകാര്യ ഡോക്ടർമാരെ നിയോഗിച്ചത് എന്തിന് എന്നതാണു വിമർശകരുടെ ചോദ്യം.

ജില്ലാ കലക്ടർ, ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി.പ്രദീപ് കുമാർ, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.രവീന്ദ്രൻ എന്നിവരാണു ബോർ‍ഡ് അംഗങ്ങൾ. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ന്യൂറോളജിയിലെ സീനിയർ കൺസൽട്ടന്റ് ആണു ഡോ.പ്രദീപ് കുമാർ. കോഴിക്കോട് ഗവ. മെ‍ഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും എംഡിയും ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നു ഡിഎം ബിരുദവും നേടിയ ഡോ.പ്രദീപ് കുമാർ ട്രാവൻകൂർ–കൊച്ചിൻ മെഡിക്കൽ കൗൺസിൽ വൈസ് പ്രസിഡന്റുമാണ്.

വയനാട്ടിലെ വിംസ് (വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) മെ‍ഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള ആശുപത്രിയിലെ വൈസ് ഡീനും മെഡിക്കൽ സൂപ്രണ്ടുമാണു ഡോ.സി.രവീന്ദ്രൻ. രാജ്യത്തു തന്നെ അറിയപ്പെടുന്ന നെഞ്ചുരോഗ വിദഗ്ധനാണ്. ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റിൽ ഇഗ്നോയിൽ നിന്ന് എംബിഎ ബിരുദവുമുണ്ട്. 2015ലാണു കോഴിക്കോട് ഗവ. മെ‍ഡിക്കൽ കോളജ് പ്രിൻസിപ്പലായി വിരമിച്ചത്. രണ്ടു പേരുടെയും അക്കാദമിക് മികവിനെ ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും, ഇവരെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്നതാണു ദുരൂഹമായി തുടരുന്നത്.

സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ ജില്ലാ കലക്ടർക്കൊപ്പം മാനേജിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതു സിപിഎമ്മിന്റെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനുള്ള നടപടിയാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു. പരിണതപ്രജ്ഞരായ ഒട്ടേറെ ഭരണാധികാരികൾ ആരോഗ്യരംഗത്ത് ഉണ്ടായിട്ടും സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ മാനേജിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് എന്തിനെന്നു സർക്കാർ വ്യക്തമാക്കണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.  

related stories