Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാം കണ്ടോണ്ട്‌ താഴെ ഒരുത്തനുണ്ട്: ട്രോൾമഴയുമായി കലക്ടർ ബ്രോ, ബൽറാം

Balram-Prasanth വി.ടി. ബൽറാം എംഎൽഎ, പ്രശാന്ത് നായർ ഐഎഎസ്

വി.ടി. ബൽറാം എംഎൽഎ: നല്ലൊരു സിവിൽ വക്കീലിനേ നല്ലൊരു സിവിൽ സർവ്വീസുകാരനാകാൻ കഴിയൂ. ക്രിമിനൽ വക്കീലാണെങ്കിൽ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാം.

പ്രശാന്ത് നായർ ഐഎഎസ് (കലക്ടർ ബ്രോ): ഞങ്ങൾ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാർ മുകളിൽ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്‌. എല്ലാം കണ്ടോണ്ട്‌ താഴെയൊരുത്തനുണ്ടെന്ന് ഓർമ്മ വേണം.

ഫെയ്സ്ബുക്കിൽ ഇപ്പോൾ താരങ്ങൾ രണ്ടു പേരാണ്. ഒന്ന്, തൃത്താല എംഎൽഎയും സമൂഹമാധ്യമങ്ങളുടെ പൊന്നോമന പുത്രനുമായ വി.ടി. ബൽറാം. രണ്ട്, ഐഎഎസുകാർക്കും സമൂഹമാധ്യമങ്ങളിൽ തനതായൊരു ഇടമുണ്ടെന്ന് തെളിയിച്ച പ്രശാന്ത് നായർ ഐഎഎസ്. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ മുൻ കോഴിക്കോട് കലക്ടറും കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ‘കലക്ടർ ബ്രോ’!

ഇപ്പോഴെന്താണ് ഇവരെക്കുറിച്ചു പറയാൻ കാര്യമെന്നല്ലേ? കാര്യമുണ്ട്. കഴിഞ്ഞദിവസം പുറത്തുവന്ന പുതിയ സിവിൽ സർവീസ് റാങ്ക് പട്ടികയാണ് ഇവരെ വീണ്ടും സമൂഹമാധ്യമങ്ങളിലെ താരങ്ങളാക്കിയത്. സംഭവമിങ്ങനെ:

പുതിയ റാങ്ക് പട്ടിക പുറത്തുവന്നതിനു പിന്നാലെ അതിൽ ഇടംപിടിച്ചവരെ സിവിൽ സർവീസ് മേഖലയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് കലക്ടർ ബ്രോ ഒരു ഫെയ്സ്ബുക് പോസ്റ്റിട്ടു. തനതായ ശൈലിയിൽ, നരസിംഹത്തിലെ മോഹൻലാലിന്റെ പ്രശസ്തമായ ഡയലോഗിന് പാര‍ഡി ചമച്ച് കലക്ടർ ബ്രോ എഴുതിയ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി. കുറിപ്പിന്റെ അവസാന വാചകമിങ്ങനെ:

ഒന്നേ പറയാനുള്ളൂ, സിവിൽ ആയിരിക്കണം, സിവിൽ സർവന്റായിരിക്കണം, സിവിൽ ഇഞ്ചിനീരായിരിക്കണം. ഈ അധോലോകത്തേക്ക്‌ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്‌.

സിവിൽ സർവീസ് തിരഞ്ഞെടുക്കാൻ മെക്കാനിക്കൽ എൻജിനീയർമാരേക്കാൾ യോഗ്യത സിവിൽ എൻജീനിയർമാർക്കാണെന്ന, ത്രിപുര മുഖ്യമന്ത്രി ബിബ്ലവ് ദേബ് കുമാറിന്റെ ‘കണ്ടെത്തലി’നെ ട്രോളി വി.ടി. ബൽറാം എംഎൽഎയുടെ കമന്റ് ഉടനെത്തി:

നല്ലൊരു സിവിൽ വക്കീലിനേ നല്ലൊരു സിവിൽ സർവ്വീസുകാരനാകാൻ കഴിയൂ. ക്രിമിനൽ വക്കീലാണെങ്കിൽ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാം.

വക്കീൽ പരീക്ഷയും പാസായ കലക്ടർ ബ്രോയ്ക്ക് ഇത് സഹിക്കുമോ? ഉടനെത്തി മറുപടി:

ഞങ്ങൾ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാർ മുകളിൽ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്‌. എല്ലാം കണ്ടോണ്ട്‌ താഴെയൊരുത്തനുണ്ടെന്ന് ഓർമ്മ വേണം.

പോരേ പൂരം! ഇരുവരുടെയും കമന്റുകളും അതിലെ ഫലിതരസവും ചർച്ച ചെയ്ത് കമന്റോട് കമന്റാണ് ആളുകൾ. പിന്നാലെ ട്രോളൻമാരും ഇതേറ്റെടുത്തു. പിന്നെ പറയണോ!

കലക്ടർ ബ്രോയുടെ ഫെയ്സ്ബുക് കുറിപ്പ്:

'അപ്രിയമായ ശരികൾ ചെയ്യുമ്പോൾ ചൊറിയപ്പെടാനും, പ്രമുഖർക്ക്‌ നോവുമ്പോൾ ഒറ്റപ്പെടാനും, ഏതേലും ഒരു കൂട്ടർക്ക്‌ ഇഷ്ടപ്പെടാതിരിക്കുമ്പൊ മുദ്ര കുത്തപ്പെടാനും, പ്രമാണിമാരെ ഗൗനിക്കാതിരിക്കുമ്പോൾ ഇടംകാലുകൊണ്ട്‌ തൊഴിച്ച്‌ സ്ഥലം മാറ്റപ്പെടാനും ഒരാപ്പീസർ വേണം, പോരുന്നോ എന്റെ കൂടെ' എന്ന് ലാലേട്ടൻ മോഡിൽ യുപിഎസ്‌സി ചോദിച്ചപ്പൊ ചാടിവീണ എല്ലാർക്കും സ്വാഗതം. ഇക്കൊല്ലം സിവിൽ സർവീസ്‌ പരീക്ഷ പാസ്സായ എല്ലാർക്കും അഭിനന്ദനങ്ങൾ.

മുൻപ്‌ പലപ്പോഴും പറഞ്ഞ പോലെ, ഇതു വെറും ജോലിയായി കാണാതെ നിങ്ങൾക്കോരോരുത്തർക്കും ഇതൊരു വ്യക്തിഗത നിയോഗമായി കാണാനാകട്ടെ. ഇത്‌ അപൂർവ്വമായി കിട്ടുന്ന അവസരമാണെന്ന് ഓർക്കുക. 10 ലക്ഷം പേർ ശ്രമിച്ചിട്ട്‌ നിങ്ങൾ കുറച്ചു പേരാണ്‌ തിരഞ്ഞടുക്കപ്പെട്ടതെന്ന് നന്നായി ഓർക്കുക. അതിന്റെ വില കെടുത്താതിരിക്കുക. ഈയൊരു ജോലി തരുന്ന അത്രയും വിശാലമായ കാൻവാസ്‌ മറ്റൊരു ജോലിക്കും തരാനാവില്ല. അത്‌ മനസ്സിലാക്കുക.

വ്യക്തിപരമായി അടുപ്പമുള്ള, പ്രിപ്പറേഷൻ സമയത്ത്‌ കുറച്ചൊക്കെ സഹായിക്കാനായ ഒട്ടനവധിപ്പേർ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്‌. ഒരു കൊല്ലം നീണ്ടുനിൽക്കുന്ന മാരത്തോൺ പരീക്ഷ നിശ്ചയദാർഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പരീക്ഷണം കൂടിയാണ്‌. പ്രതിബന്ധങ്ങൾക്ക്‌ നടുവിലും ശരിയും നന്മയും ചെയ്യാൻ ഈയൊരു മനക്കരുത്ത്‌ തുടർന്നും വേണം. നിങ്ങളെ നിരുത്സാഹപ്പെടുത്താനും തെറ്റായ വഴി തെളിക്കാനും ആൾക്കാർ കാണും. നിങ്ങൾ തന്നെയാണ്‌ നിങ്ങളുടെ വഴികാട്ടി.

ഒന്നേ പറയാനുള്ളൂ, സിവിൽ ആയിരിക്കണം, സിവിൽ സർവന്റായിരിക്കണം, സിവിൽ ഇഞ്ചിനീരായിരിക്കണം. ഈ അധോലോകത്തേക്ക്‌ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്‌.

ബൽറാം എംഎൽഎയുടെ കമന്റ്:

നല്ലൊരു സിവിൽ വക്കീലിനേ നല്ലൊരു സിവിൽ സർവ്വീസുകാരനാകാൻ കഴിയൂ. ക്രിമിനൽ വക്കീലാണെങ്കിൽ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാം.

കലക്ടർ ബ്രോയുടെ മറുപടി:

ഞങ്ങൾ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാർ മുകളിൽ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്‌. എല്ലാം കണ്ടോണ്ട്‌ താഴെയൊരുത്തനുണ്ടെന്ന് ഓർമ്മ വേണം.