Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഡ് ആക്രമണം: സുബൈദ മെനഞ്ഞത് പല കഥകൾ, പറഞ്ഞത് പല പേരുകൾ, ഒടുവിൽ...

Acid Attack | Subaida സുബൈദയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ.

മലപ്പുറം∙ പ്രതിയെ പിടികൂടാൻ കനത്ത സമ്മർദം, പരസ്പരവിരുദ്ധമായ മൊഴികൾ, പ്രതിയുടെ സുരക്ഷിതത്വം, സംശയത്തിന്റെ നിഴലിൽ കൂടുതൽ പേർ... മലപ്പുറം മുണ്ടുപറമ്പ് ആസിഡ് ആക്രമണക്കേസിൽ ഒരാഴ്ച കൊണ്ട് പൊലീസ് മറികടന്നത് ഇത്രയും വെല്ലുവിളികളാണ്. ആക്രമണത്തിനിരയായ മലപ്പുറം ഉമ്മത്തൂർ സ്വദേശി ബഷീർ (52) മരിച്ചതിന്റെ ഏഴാംദിവസം ഭാര്യ സുബൈദ(48)യെ പരമാവധി തെളിവുകൾ ശേഖരിച്ചാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. 

ഡൽഹി നിർഭയ സംഭവത്തിനു ശേഷം ഐപിസി ഭേദഗതി ചെയ്ത് കൂട്ടിച്ചേർത്ത 326–എ വകുപ്പ് അനുസരിച്ച് കേസെടുക്കുന്ന ജില്ലയിലെ ആദ്യസംഭവമാണിത്. ആസിഡ് ആക്രമണം ജാമ്യമില്ലാക്കുറ്റമാക്കുന്ന വകുപ്പാണിത്. ഉത്തരേന്ത്യയിൽ സ്ത്രീകൾക്കെതിരെ ആസിഡ് ആക്രമണങ്ങൾ പതിവായതു പരിഗണിച്ചു കൊണ്ടുവന്ന വകുപ്പുകൾ അനുസരിച്ച് മലപ്പുറത്ത് സ്ത്രീക്കെതിരെത്തന്നെ കേസെടുക്കേണ്ടി വന്നു. 326–എക്കു പുറമേ കൊലപാതകശ്രമത്തിനു കൂടി കേസെടുത്താണ് അന്വേഷണം തുടങ്ങിയത്. കുറ്റംസമ്മതിച്ചതോടെ കൊലപാതകക്കേസ് (ഐപിസി 302) കൂടി എടുത്തു.

അന്വേഷണ കഥ മലപ്പറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ പറയുന്നു.

പേരുകൾ പലത്

ആസിഡ് ഒഴിച്ചത് ആരെന്ന ചോദ്യത്തിന് സുബൈദ ഓരോ ഘട്ടത്തിലും പല പേരുകൾ പറഞ്ഞു. താമരശ്ശേരിയിലുള്ള മൂന്ന് പേരും മലപ്പുറത്തെ ഒരു പഴ വ്യാപാരിയും അങ്ങനെ സംശയത്തിന്റെ നിഴലിലായി. അവരെ നേരിട്ടെത്തിച്ച് സുബൈദയോട് കാര്യങ്ങൾ ആരാഞ്ഞതോടെ ആരോപണങ്ങൾ പൊളിഞ്ഞു. ഓരോ ദിവസവും ‘കഥ’ പലവഴിക്കു പോയി. എല്ലാം അന്വേഷണസംഘം ക്ഷമയോടെ പരിശോധിച്ചു. രാത്രിയും പകലും ആളുകളെ കണ്ടുപിടിക്കാൻ പാഞ്ഞു. നീണ്ട ചോദ്യംചെയ്യലിൽ രക്ഷപ്പെടില്ലെന്ന് ഉറപ്പായി. പറയില്ലെന്നു കരുതിയതെല്ലാം പുറത്തുപറഞ്ഞു. ബഷീറുമായുള്ള അസ്വാരസ്യങ്ങൾ സമാധാനപരമായി തീർക്കാൻ സുബൈദ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

വൈകിയിടത്ത് പിടിച്ചു

സംഭവത്തിന്റെ തലേദിവസം മഞ്ചേരിയിലെ കടയിൽ സുബൈദ നേരിട്ടെത്തിയാണ് ആസിഡ് വാങ്ങിയത്. മുഖത്തും ശരീരത്തിന്റെ മുൻഭാഗത്തും ഒഴിക്കാൻ കഴിയുന്ന പാത്രം വീട്ടിൽ തയാറാക്കി വച്ചു. ഒടുവിൽ, രാത്രി 11ന് കൃത്യം നടപ്പാക്കി. ബഷീറും സുബൈദയും മാത്രമുണ്ടായിരുന്ന വീട്ടിൽനിന്ന് ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ പുലർച്ചെ രണ്ടുവരെ കാത്തിരുന്നതെന്തിനെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ ഉത്തരം ലഭിച്ചതോടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടന്നു. കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചത് കണ്ടുപിടിച്ചു. 

സിസിടിവി കണ്ടു

ബഷീറിനെ മലപ്പുറം വാറങ്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കൊണ്ടുവരുമ്പോഴാണ് സുബൈദ, ഒഴിഞ്ഞ ആസിഡ് കന്നാസ് ആശുപത്രിക്കു മുൻപിലെ തോട്ടിലേക്ക് വലിച്ചെറിഞ്ഞത്. ഇത് തെളിവെടുപ്പിൽ കണ്ടെടുത്തു. കന്നാസ് ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യവും ലഭിച്ചു. മഞ്ചേരിയിലെ വ്യാപാരി ആസിഡ് വാങ്ങിയ ‘സ്ത്രീയെ’ തിരിച്ചറിഞ്ഞു. ബഷീറിന്റെയും സുബൈദയുടെയും അവരുമായി ബന്ധമുള്ളവരുടെയും ഫോൺവിളി വിവരങ്ങൾ വിശകലനം ചെയ്തു.

ലൈറ്റ് ആൻഡ് സൗണ്ട്സ് സ്ഥാപനത്തിന്റെ ഉടമയായതിനാൽ രാഷ്ട്രീയക്കാരുമായി അടുത്ത പരിചയമുണ്ടായിരുന്നു ബഷീറിന്. അവരെല്ലാം ഉടൻ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയും ചെയ്തു. തെളിവ് ശേഖരിച്ച ശേഷം മതി അറസ്റ്റെന്ന് പൊലീസ് നിലപാടെടുത്തു. സുരക്ഷിതത്വം മുൻനിർത്തി, സംഭവത്തിനു പിന്നാലെ സുബൈദയെ അഭയകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.